‘കറുപ്പു നിറത്തോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് പിണറായി വിജയൻ; കൊടകര കുഴല്‍പ്പണക്കേസ് സബൂറാക്കി’

Mail This Article
തിരുവനന്തപുരം∙ കേരളത്തില്‍ കറുപ്പു നിറത്തോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിറത്തെ ചൊല്ലി അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
‘‘മനുഷ്യന്റെ നിറത്തെക്കുറിച്ച് ആരും കുറ്റം പറയാന്‍ പാടില്ല. അത് തെറ്റാണ്. അത് പ്രകൃതിദത്തമായി കിട്ടുന്നതാണ്. പക്ഷെ കറുപ്പിനോടുള്ള അലര്‍ജി കേരളത്തില്‍ ആദ്യം തുടങ്ങിയത് പിണറായി വിജയനാണ്. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചില ശിഷ്യന്മാര്‍ നിറത്തിനെതിരായും പറഞ്ഞു. രണ്ടും തെറ്റാണ്. കറുപ്പ് പല നിറങ്ങളില്‍ ഒന്നാണ്.’’ – മുരളീധരന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള ശാരദാ മുരളീധരന്റെ പ്രവര്‍ത്തനം കറുപ്പും, മുന്‍ഗാമിയും ഭര്‍ത്താവുമായ വി.വേണുവിന്റേത് വെളുപ്പുമായിരുന്നു എന്ന് ഒരു സന്ദര്‍ശകന്‍ അഭിപ്രായപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. കെ. കരുണാകരന്‍ ഉണ്ടാക്കിയ സംഘടനയാണ് ഐഎന്‍ടിയുസി എന്നും അത് പിണറായി വിലാസം സംഘടനയായി മാറരുതെന്നും മുരളീധരന്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ ഐഎന്‍ടിയുസി പിന്തുണയ്ക്കാത്തതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
ആശമാരുടെ സമരത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ആ നിലപാടിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളും അംഗീകരിച്ചതാണ്. ഐഎന്‍ടിയുസി സ്വതന്ത്ര തൊഴിലാളി സംഘടനയാണ്. പക്ഷെ കെ. കരുണാകരന്‍ ഉണ്ടാക്കിയ സംഘടനയാണത്. പിണറായി വിലാസം സംഘടനയായി അത് മാറരുത് എന്നാണ് അവരോടു പറയാനുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
‘‘സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 45 ദിവസമായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ തെറ്റായ സമീപനം. സമരം പൊളിക്കണമെന്ന വാശിയാണ് മുഖ്യമന്ത്രിക്ക്. അത് അംഗീകരിച്ചു കൊടുക്കില്ല. അങ്കണവാടി ജീവനക്കാരുടെ സമരത്തെയും കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കും.’’ – മുരളീധരന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സർക്കാരും ചേര്‍ന്ന് സബൂറാക്കിയെന്നും മുരളീധരന്‍ പരിഹസിച്ചു. കോണ്‍ഗ്രസിനെ ശരിയാക്കാന്‍ രണ്ടു കൂട്ടരും കൂടി ഒന്നായതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഒക്കെ അവസാനിച്ചു. നിര്‍മല സീതാരാമനുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമാണിതൊക്കെയെന്നും മുരളീധരന്‍ പറഞ്ഞു.