‘തന്ത്രശാലിയായ മനുഷ്യൻ’, മോദിയെ പുകഴ്ത്തി ട്രംപ്; യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ കുറയ്ക്കാൻ ഇന്ത്യ

Mail This Article
വാഷിങ്ടൻ ∙ ‘താരിഫ്’ യുദ്ധത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദിയെ ‘വളരെ തന്ത്രശാലിയായ മനുഷ്യൻ’ എന്നും ‘എന്റെ മികച്ച സുഹൃത്ത്’ എന്നും വിശേഷിപ്പിച്ച ട്രംപ്, താരിഫ് ചർച്ചകൾ ഇന്ത്യയ്ക്കും യുഎസിനും ഗുണമാകുമെന്നും പറഞ്ഞു. ഇന്ത്യയും മറ്റു രാജ്യങ്ങളും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന താരിഫുകളെ ട്രംപ് ആവർത്തിച്ച് വിമർശിക്കുന്നതിനിടെയാണ് ഈ പ്രസ്താവന.
‘‘പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ വന്നത്. ഞങ്ങൾ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതു ക്രൂരമാണ്. അവർ വളരെ തന്ത്രശാലികളാണ്. അദ്ദേഹം (മോദി) വളരെ തന്ത്രശാലിയായ മനുഷ്യനും എന്റെ മികച്ച സുഹൃത്തുമാണ്. ഞങ്ങൾ ചർച്ചകൾ നടത്തി. ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ അതു വളരെ നന്നായി വരുമെന്ന് ഞാൻ കരുതുന്നു.’’– ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പറഞ്ഞു. മോദി ഒരു മികച്ച പ്രധാനമന്ത്രിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കുകയും ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിലായിരുന്നു സന്ദർശനം. ഇന്ത്യ വളരെ ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യമാണെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് പകരച്ചുങ്കം (റെസിപ്രോക്കൽ തീരുവ) ചുമത്തുന്നത് ഏപ്രിൽ 2 മുതലാണ് യുഎസ് ആരംഭിക്കുന്നത്.
യുഎസിന്റെ പകരച്ചുങ്കം നടപ്പാകും മുൻപ് ഇന്ത്യ ഒട്ടേറെ യുഎസ് ഉൽപന്നങ്ങളുടെ തീരുവ കുറച്ചേക്കുമെന്നു സൂചനയുണ്ട്. യുഎസ് തുടങ്ങിവച്ച തീരുവ യുദ്ധത്തിന്റെ ആഘാതം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, വാൾനട്ട്, ക്രാൻബെറി, പിസ്ത തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ തീരുവ കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. യുഎസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ ഉൽപന്നങ്ങളുടെ തീരുവ കഴിഞ്ഞ 2 മാസത്തിനിടെ ഇന്ത്യ കുറച്ചിരുന്നു. ബർബൻ വിസ്കി മുതൽ വിലകൂടിയ ബൈക്കുകൾ വരെ ഇതിൽ ഉൾപ്പെടും. ഇതിനു പുറമേ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനും ടെസ്‍ലയ്ക്കും ഇന്ത്യയിലേക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.