ശ്രേഷ്ഠ ബാവായ്ക്ക് ഊഷ്മള വരവേൽപ്; പതിനായിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ കാതോലിക്കാ സിംഹാസനാരോഹണം

Mail This Article
കൊച്ചി ∙ യാക്കോബായ സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു മലങ്കര മണ്ണിലേക്കു ഊഷ്മള വരവേൽപ്. സുന്ത്രോണീസോ ശുശ്രൂഷയിലും അനുമോദന യോഗത്തിലും സഹോദര സഭകളുടെ പ്രാതിനിധ്യവും ആയിരക്കണക്കിനു വിശ്വാസികളുടെ പങ്കാളിത്തവും യാക്കോബായ സഭയുടെ പുതിയ സൂര്യനുള്ള ആദരവായി.
മുൻഗാമി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ ധൂപപ്രാർഥന നടത്തി. തുടർന്നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സഹോദര മെത്രാപ്പൊലീത്തമാർ സിംഹാസനത്തിൽ മൂന്നുവട്ടം ഉയർത്തി ഓക്സിയോസ് വിളികളോടെ ശ്രേഷ്ഠ കാതോലിക്കായുടെ മേൽപ്പട്ടസ്ഥാനവും അധികാരവും ഏറ്റുപറഞ്ഞതോടെ സുന്ത്രോണീസോ ശുശ്രൂഷ പൂർത്തിയായി. കാതോലിക്കാ സിംഹാസനാരോഹണം സഭ ഒൗദ്യോഗികമായി അംഗീകരിക്കുന്ന ചടങ്ങാണു സുന്ത്രോണീസോ ശുശ്രൂഷ.

ലബനനിലെ പാത്രിയർക്കാ കത്തീഡ്രലിൽ സ്ഥാനമേറ്റ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ, ചാർട്ടർ ചെയ്ത വിമാനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്കു കൊച്ചി വിമാനത്താവളത്തിലെത്തിയത്. അവിടെനിന്നു പാത്രിയർക്കാ സെന്ററിലേക്കുള്ള യാത്രയിൽ റോഡിന്റെ ഇരുവശങ്ങളിലുമായി ആയിരങ്ങൾ ബാവായെ കാണാൻ അണിനിരന്നു. പാത്രിയർക്കാ സെന്ററിൽ സഭാ ഭാരവാഹികളും ആയിരക്കണക്കിനു വിശ്വാസികളും സ്വീകരിച്ചാനയിച്ചു. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും സുന്ത്രോണീസോ ശുശ്രൂഷകളിൽ സഹ കാർമികരായി.
