വിഷു – ഈസ്റ്റർ യാത്ര: ട്രെയിനുകളിൽ ടിക്കറ്റില്ല; വിമാന സർവീസുകളുടെ എണ്ണം കൂട്ടി; സ്പെഷലിൽ പ്രതീക്ഷ!

Mail This Article
ചെന്നൈ ∙ വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് നാട്ടിൽ പോകുന്ന മലയാളികളെ ‘റാഞ്ചാൻ’ തയാറെടുത്ത് വിമാനക്കമ്പനികൾ. ആഘോഷ സീസണും വേനലവധിയും കണക്കിലെടുത്ത് കേരളത്തിലേക്കു ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി. നിലവിൽ കൊച്ചിയിലേക്കുള്ള സർവീസുകളാണ് കൂട്ടിയതെങ്കിലും തിരുവനന്തപുരത്തേക്കും മലബാറിലേക്കും കൂടുതൽ സർവീസുകൾ ലഭിച്ചേക്കും. വിഷു, ഈസ്റ്റർ എന്നിവയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ നേരത്തെ തീർന്നിരുന്നു. വിഷുവിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ, ദക്ഷിണ റെയിൽവേ സ്െപഷൽ ട്രെയിൻ പ്രഖ്യാപിക്കുമോയെന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്.
∙ കൊച്ചിയിലേക്ക് കണ്ണുനട്ട് വിമാനങ്ങൾ
നിലവിൽ നേരിട്ട് കൊച്ചിയിലേക്ക് ദിവസേന 6 സർവീസുകളാണുള്ളത്. ഇത് 8–9 സർവീസുകളായാണ് കൂട്ടിയത്. പുലർച്ചെ 5.30, രാവിലെ 6.25, 7.55, 10.15, വൈകിട്ട് 5.45, 7.05, 8.15, 8.35, 9.20 എന്നീ സമയങ്ങളിലാണു ചെന്നൈയിൽ നിന്നു വിമാനം പുറപ്പെടുക. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ കമ്പനികളാണു സർവീസ് നടത്തുന്നത്. ഒരു മണിക്കൂർ 10 മിനിറ്റ് മുതൽ ഒന്നേ മുക്കാൽ മണിക്കൂർ വരെയാണ് യാത്രാ സമയം. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ സ്കൂൾ അടയ്ക്കുന്നതും ആഘോഷ സീസണും കണക്കിലെടുത്ത് കൂടുതൽ പേർ കേരളത്തിലേക്കു യാത്ര ചെയ്യുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ.
നിരക്ക് കുറവാണെന്നതും യാത്രക്കാർക്ക് ആശ്വാസമാണ്. 13നു രാവിലെ 6.25നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ മൂവായിരത്തിൽ താഴെയാണു നിരക്ക്. മറ്റു സർവീസുകൾക്ക് 3,400–5,400 രൂപ. അതേസമയം, ഡിമാൻഡ് കൂടുന്നതിനനുസരിച്ച് നിരക്ക് കൂടുമോയെന്ന ആശങ്കയുണ്ട്. വിഷു, ഈസ്റ്റർ എന്നിവയ്ക്ക് നാട്ടിലെത്താൻ നിലവിൽ ടിക്കറ്റ് ലഭിക്കാത്തവർ സ്പെഷൽ ട്രെയിനിനായി അവസാന ദിവസങ്ങൾ വരെ കാത്തിരിപ്പ് തുടരും. എന്നാൽ ട്രെയിൻ ലഭിച്ചില്ലെങ്കിൽ, വിമാന യാത്രയ്ക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരുമെന്നതാണു പ്രതിസന്ധി.
∙ ഈസ്റ്ററിന് മലബാറിലേക്ക് ആർഎസി
ഈസ്റ്ററിന് മലബാറിലേക്ക് പോകുന്നവർക്ക് നേരിയ ആശ്വാസം പകർന്ന് ട്രെയിനിൽ ആർഎസി ടിക്കറ്റുകൾ. ഉച്ചയ്ക്ക് 1.25നുള്ള വെസ്റ്റ് കോസ്റ്റ്, വൈകിട്ട് 4.20നുള്ള സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളിലെ സ്ലീപ്പറിൽ 17, 18, തീയതികളിലാണ് ആർഎസി, 19നു നിലവിൽ 5 ടിക്കറ്റുകൾ ലഭ്യമാണ്. എസി കോച്ചുകളിലും സമാന സ്ഥിതിയാണ്. മംഗളൂരു മെയിലിലെ ടിക്കറ്റുകൾ നേരത്തെ തീർന്നിരുന്നു. അതേസമയം, വിഷുവിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ ടിക്കറ്റുകൾ എല്ലാ ട്രെയിനുകളിലും നേരത്തെ തീർന്നിരുന്നു. തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വിഷു, ഈസ്റ്റർ ടിക്കറ്റുകൾ കഴിഞ്ഞ മാസം തീർന്നു.