‘പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച; ആദിവാസി യുവാവിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം’

Mail This Article
തിരുവനന്തപുരം∙ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിനെ(18) ദുരൂഹ സാഹചര്യത്തിൽ സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിക്കൊപ്പം കാണാതായെന്ന പരാതിയിന്മേലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത യുവാവിനെയാണ് പൊലീസ് ജയിലിലടച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘‘യുവാവിന്റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണമാണ് ആവശ്യം. ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കസ്റ്റഡി മരണം അന്വേഷിക്കേണ്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. പ്രായപൂർത്തിയാകാത്ത യുവാവിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ നിൽക്കാൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്. മൃതദേഹം ബന്ധുക്കളെ കാണിച്ചില്ലെന്നും പരാതിയുണ്ട്.’’- രമേശ് ചെന്നിത്തല പറഞ്ഞു.
സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ ക്രൂരതയാണ് കാട്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ ക്രൂരമായ നിലപാട് എടുക്കുന്നതിനു പിന്നിലെ കാരണം മനസിലാകുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാക്കള്‍ ഈ വിഷയം ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. ദുരഭിമാനം മൂലമാണ് മുഖ്യമന്ത്രി വിഷയം ചര്‍ച്ചയ്ക്ക് എടുക്കാത്തത്. പാർട്ടി കോൺഗ്രസ് കഴിയാൻ വേണ്ടിയാണ് ആശാ വർക്കർമാരോട് കാത്തിരിക്കാൻ ആരോഗ്യമന്ത്രി പറഞ്ഞത്. ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.