ട്രംപിന്റെ പകരച്ചുങ്കം ഇന്ത്യയ്ക്ക് കടമ്പയോ?; ഏഷ്യൻ രാജ്യങ്ങൾക്കേറ്റ തിരിച്ചടി മുതലെടുക്കാൻ കേന്ദ്ര നീക്കം

Mail This Article
ന്യൂഡൽഹി ∙ ‘‘ഇന്ത്യൻ പ്രധാനമന്ത്രി എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഈ അടുത്താണ് ഇവിടെ വന്നുപോയത്. എന്നാൽ യുഎസ് ഉൽപന്നങ്ങളുടെ മേൽ ഇന്ത്യ ചുമത്തുന്ന ഇറക്കുമതി ചുങ്കം വളരെ കടുപ്പമാണ്. 52 ശതമാനം നികുതിയാണ് യുഎസിന്റെ ഉൽപനങ്ങൾക്കുമേൽ ഇന്ത്യ ചുമത്തുന്നത്.’’ – യുഎസിന്റെ സുവർണ ദിനം എന്ന പേരിൽ പുതിയ പകരച്ചുങ്കം അവതരിപ്പിച്ചുകൊണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്.
പുതിയ പകരച്ചുങ്കം അനുസരിച്ച് 26 ശതമാനമാണ് ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിൽ സമിശ്ര ഫലമാകും ഉണ്ടാക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. യുഎസിലേക്കുള്ള മത്സ്യം, വസ്ത്രം, സ്റ്റീൽ, ഓട്ടമൊബീൽ തുടങ്ങിയവയുടെ കയറ്റുമതിയേയും പകരച്ചുങ്കം കാര്യമായി ബാധിക്കും എന്നതിൽ സംശയമില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതിൽ മത്സ്യ കയറ്റുമതിയാകും കേരളത്തെ ഏറ്റവുമധികം ബാധിക്കുക. എന്നാൽ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്കു തീരുവയിൽനിന്ന് ഇളവുള്ളത് ഇന്ത്യയ്ക്ക് ആശ്വാസത്തിനു വക നൽകുന്നുമുണ്ട്.
മറ്റ് ഏഷ്യൻ രാജ്യങ്ങളായ ചൈന (34%), വിയറ്റ്നാം (46%), ബംഗ്ലദേശ് (37%) എന്നീ രാജ്യങ്ങൾക്കെല്ലാം ഇന്ത്യയെക്കാൾ ഉയർന്ന പകരം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫലത്തിൽ ഇത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റു രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്കു കൂടുതൽ നികുതി നൽകേണ്ടി വരുന്നതിനാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയ്ക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന പകരച്ചുങ്കത്തിൽ മാറ്റം വരുത്താനും സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറുകൾ കൂടുതൽ സ്വാഗതം ചെയ്യാവുന്നതാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാനഡയേയും മെക്സിക്കോയെയും പകരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കിയത് ഇതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ നയത്തിന്റെ ഭാഗമായി ഏപ്രിൽ 5 മുതൽ 10 ശതമാനം നികുതിയും ഏപ്രിൽ 9 മുതൽ 26 ശതമാനം നികുതിയും ഈടാക്കി തുടങ്ങും. ഈ മാറ്റങ്ങൾ ഇന്ത്യൻ വിപണിയെ എങ്ങനെയെല്ലാം ബാധിക്കും എന്നതിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം വിശദമായ അവലോകനം നടത്തുകയാണ്.