‘ഞാൻ മുസ്ലിം വിരോധിയല്ല, ആടിനെ പട്ടിയാക്കാനാണ് ചില ലീഗ് നേതാക്കളുടെ ശ്രമം; ഞങ്ങൾ അപമാനിക്കപ്പെട്ടു’

Mail This Article
ആലപ്പുഴ∙ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ പ്രസംഗത്തിൽനിന്നുള്ള ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്ന് വെള്ളാപ്പള്ളി പറഞ്ഞു. താനൊരു മുസ്‍ലിം വിരോധിയല്ലെന്നും ആടിനെ പട്ടിയാക്കാനാണ് ചില മുസ്‌ലിം ലീഗ് നേതാക്കളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ എസ്എൻഡിപി യോഗമാണ് ശക്തമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘മലപ്പുറത്തെ നിലമ്പൂർ എന്ന സ്ഥലം കുടിയേറ്റക്കാർ ഏറെയുള്ള, മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏതാണ്ട് സമാസമമുള്ള സ്ഥലമാണ്. ഈഴവ സമുദായത്തിന് ആ ജില്ലയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നു പറയുമ്പോൾ എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ കസേരയിലിരിക്കുന്ന തനിക്ക് തന്റെ സമുദായത്തെക്കുറിച്ചുള്ള പ്രയാസവും ദുഃഖവും മനസിലാക്കണം. ഈ ദുഃഖം പറയാൻ തുടങ്ങിയിട്ട് കുറേ നാളായി. പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണിയെന്നും പറഞ്ഞുകൊണ്ട് മുസ്‌ലിം ലീഗുമായി കെട്ടിപ്പിടിച്ച് സഹോദരരെപ്പോലെ മാർച്ച് നടത്തി സൗഹാർദത്തോടെ മുന്നോട്ടുപോയതാണ്. പക്ഷേ ഭരണത്തിൽ വന്നിട്ട് യുഡിഎഫും ലീഗും ഞങ്ങൾക്കായി ഒന്നും ചെയ്തില്ല. ഈ സമ്മേളനങ്ങളിലെല്ലാം എത്രയോ ലക്ഷം രൂപ എസ്എൻഡിപിയെക്കൊണ്ട് മുടക്കിച്ചു. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളജുള്ളത് എയ്ഡഡ് ആക്കിത്തരാൻ പോലും യുഡിഎഫ് സർക്കാർ തയാറായില്ല. മലപ്പുറത്ത് മുസ്‌ലിം സമുദായത്തിന് 11 എയ്ഡഡ് കോളജുണ്ട്. പ്രമുഖരായ ലീഗ് നേതാക്കന്മാരാണ് അതിന്റെ ഉടമസ്ഥർ. എംഇഎസിന് ഒന്നോ രണ്ടോ സ്ഥാപനങ്ങളേയുള്ളൂ. ഭായി ഭായി ആയി നടന്നതിനുശേഷം വഞ്ചിക്കപ്പെട്ടപ്പോഴാണ് ഞാൻ മാറിയത്. അന്ന് കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ളവർ തിരിച്ചു വിളിച്ചപ്പോൾ നിഷേധിക്കുകയായിരുന്നു. കാരണം യുഡിഎഫിൽനിന്ന് നീതി കിട്ടിയില്ലെന്നു മാത്രമല്ല. ഞങ്ങൾ അപമാനിക്കപ്പെട്ടു. അന്നുമുതലാണ് ഞാൻ വർഗീയവാദിയായതും എതിർക്കപ്പെടാൻ തുടങ്ങിയതും.’–വെള്ളാപ്പള്ളി പറഞ്ഞു.