മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ: 1000 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള 105 വീടുകൾ; അഞ്ചാംഘട്ട പുനരധിവാസത്തിന് മുസ്‌ലിം ലീഗ്

Mail This Article
കോഴിക്കോട് ∙ മുസ്‌ലിം ലീഗ് നടപ്പാക്കുന്ന മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോടാണ് ഭവന സമുച്ചയം നിർമിക്കുന്നത്. പത്തര ഏക്കർ ഭൂമിയിൽ 1000 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളുടെ അഞ്ചാം ഘട്ടമാണ് ഭവന നിർമാണം.
കലക്‌ഷൻ സെന്റർ വഴി ശേഖരിച്ച 2 കോടി രൂപയോളം വരുന്ന ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നും വീട്ടുപകരണങ്ങളും ഫർണിച്ചറും ആദ്യഘട്ടത്തിൽ വിതരണം ചെയ്തു. പിന്നീട് സർക്കാർ പുറത്തിറക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട 691 കുടുംബങ്ങൾക്ക് പതിനയ്യായിരം രൂപ അടിയന്തര സഹായം വിതരണം ചെയ്തു. സ്ഥാപനങ്ങൾ പൂർണമായി നഷ്ടപ്പെട്ട 56 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകി. ടാക്സി ജീപ്പും ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും നഷ്ടപ്പെട്ടവർക്ക് അവ വാങ്ങി നൽകി. റമസാനിന് 691 കുടുംബങ്ങൾക്കും ജാതി, മത ഭേദമെന്യേ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നൽകാമെന്ന സർക്കാർ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടർന്ന് പാർട്ടി സ്വന്തം നിലയ്ക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നുവെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ. ബഷീർ എം.എൽ.എ, അംഗങ്ങളായ പി.കെ. ഫിറോസ്, പി. ഇസ്മയിൽ, ടി.പി.എം ജിഷാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.