‘3 ലക്ഷം രൂപയുടെ ഷൂ’ 5000 രൂപയ്ക്ക് നൽകാം; സുഹൃത്ത് ലണ്ടനില്‍നിന്നു കൊണ്ടുവന്നതെന്നും സതീശൻ

Mail This Article
കൊച്ചി ∙ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൂന്നു ലക്ഷം രൂപയുടെ ഷൂവാണ് ധരിച്ചതെന്ന സിപിഎം സൈബർ ഗ്രൂപ്പുകളിലെ പ്രചാരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്ലൗഡ്ടില്‍റ്റിന്റെ വിലയേറിയ ഷൂവാണ് സതീശന്‍ ധരിച്ചതെന്നായിരുന്നു പ്രചാരണം. 3 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശന്‍റെ ഫോട്ടോയ്ക്കൊപ്പം പ്രചരിപ്പിച്ചത്.
‘‘മൂന്ന് ലക്ഷം രൂപയുടെ ഷൂ ഇട്ടെന്നാണ് സിപിഎം സൈബര്‍ ഹാൻഡിലുകളാണ് പ്രചരിപ്പിച്ചത്. ആരു വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാം. 3 ലക്ഷം രൂപയുടെ ഷൂ അയ്യായിരം രൂപയ്ക്ക് ഞാൻ നൽകാം. ഇതിൽ കൂടുതൽ എനിക്ക് ചെയ്യാനാകില്ല. ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9,000 രൂപയാണ്. പുറത്ത് അതിലും കുറവാണ് വില.
ഭാരത് ജോഡോ യാത്രയുടെ സമയത്ത് മോശം ഷൂവാണ് ഉപയോഗിച്ചിരുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ടു വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആരു വന്നാലും ആ ഷൂ നൽകാം. അത് എനിക്ക് ലാഭമാണ്’’ – സതീശൻ പറഞ്ഞു.