‘ഇതു നമ്മ ഭാഷ’

Mail This Article
‘‘ഇവനുയാര്? നീ എല്ലിന്ത ബറവത്?’’
മലയാളത്തിലല്ല കെ.പി.നാരായണനും സഹോദരന്റെ മകൾ രാജപുത്രിയും സംസാരിക്കുന്നത്. തെലുങ്കോ കന്നഡയോ അല്ല. മലയാളവും തെലുങ്കും കന്നഡയും തുളുവും ചേർന്ന മാദിക ഭാഷയിലാണ് കണ്ണൂർ കരിവെള്ളൂരിലെ ഓലാട്ട് കോളനിയിലെ വീട്ടുമുറ്റത്തുനിന്ന് ഇവർ ചോദിക്കുന്നത്.
‘‘ നിങ്ങളാരാണ്? എന്തിനാണു വന്നത്?’’.
ഒരുപക്ഷേ, അധികനാൾ ഇങ്ങനെയൊരു ഭാഷ ഭൂമുഖത്തുണ്ടാകില്ല. കാരണം നാരായണനും (85) രാജപുത്രിയും (55) അടക്കം കുറച്ചുപേർ മാത്രമേ മാദിക സംസാരിക്കുന്നുള്ളൂ. ലിപിയില്ലാത്ത ഈ ഭാഷയ്ക്കു പറയാനുള്ളത് ഒരു സമുദായത്തിന്റെ ചരിത്രം കൂടിയാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കഥകൾ..
-
Also Read
വീഴാതെ വാഴ്വ്
മാദികയുടെ താളം
മാദിക സമുദായത്തിൽപ്പെട്ടവരുടെ (ചക്ലിയ) സംസാര ഭാഷയാണിത്. ലിപിയില്ലാത്ത, വാക്കുകളുടെ കയറ്റിറക്കങ്ങൾ കൊണ്ട് താളത്തിൽ വന്നുമുട്ടുന്ന മാദികപ്പേച്ച്. കന്നഡയുമായി നൂലിഴയുടെ വ്യത്യാസം മാത്രമുള്ള മാദിക കന്നഡയുടെ ആദിമരൂപമായ ഹവ്യക് കന്നഡയോട് അടുത്തു നിൽക്കുന്നു. പല ദേശങ്ങളിലൂടെ സഞ്ചരിച്ചതിന്റെ അടയാളം മാദിക സമുദായക്കാർ കൊത്തിയെടുത്തതു ഭാഷയിലും കൂടിയാണ്. മഹാരാഷ്ട്രയിൽനിന്നു കർണാടകയിലേക്കും അവിടെ നിന്നു കേരളത്തിലേക്കുമെത്തിയ പൂർവികരുടെ ഭാഷയിൽ തുളുവും കന്നഡയും മലയാളവും കലർന്നതിൽ അതിശയപ്പെടാനില്ല.
ആരാണ് മാദികർ
തന്റെ വയസ്സെത്രയാണെന്ന് ഓർത്തെടുക്കാൻ പോലുമാകാതെ പ്രായം നാരായണനു മുന്നിൽ മറ വീഴ്ത്തിയിട്ടുണ്ട്. അച്ഛനും മുത്തച്ഛനുമെല്ലാം പണ്ട് കുടിയേറിപ്പാർത്തതാണെന്ന് മാത്രമേ ആ ഓർമയിലുള്ളൂ. കർണാടകയിലെ കുന്നിൻപുറങ്ങളിൽ നിന്നാണ് ഇവരുടെ പൂർവികർ കേരളത്തിലേക്കെത്തുന്നത്. തുകൽ ഉൽപന്നങ്ങളുടെ നിർമാണവും കക്ക നീറ്റി കുമ്മായ നിർമാണവുമായിരുന്നു കുലത്തൊഴിൽ. കണ്ണൂർ, കാസർകോട് ജില്ലകളുടെ ഉൾപ്രദേശങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്. കേരളത്തിലാകെ മാദികരുടെ നൂറോളം കോളനികളുണ്ടെന്നും അതിൽ നാലായിരത്തോളം ആളുകൾ താമസിക്കുന്നുണ്ടെന്നും ഈ സമുദായത്തെക്കുറിച്ച് ഗവേഷണം നടത്തിയ എൻ.വിജയൻ പറയുന്നു. കാഞ്ഞങ്ങാട്, പാലക്കുന്ന്, കൂക്കാനം, പ്രാന്തൻചാൽ, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിൽ കോളനികളുണ്ട്.
അചാര അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും ചേർത്തു നിർത്തുന്നവരാണിവർ. ‘നാവു തിരുപ്പതി വെങ്കിട്ടരമണ ദേവരെ ആരാധിച്ചു ബർത്തേവു’ (ഞങ്ങൾ തിരുപ്പതി വെങ്കിട്ടരമണനെ ആരാധിക്കുന്നു) എന്ന് നാരായണൻ പറഞ്ഞു. ആദിഭൈരവനാണ് ഇവരുടെ കുലദൈവം.
‘ കുട്ടികൾക്ക് ഈ ഭാഷ പറയാനോ പഠിക്കാനോ താൽപര്യം ഇല്ല. ഇതെന്ത് ഭാഷയാണമ്മാ എന്ന് അവർ ചോദിക്കും’ മാദികയുടെ താളത്തിൽ രാജപുത്രി പറഞ്ഞു. നാരായണനെയും രാജപുത്രിയെയും പോലെ മാദികയ്ക്കും പ്രായമായി. പല ദേശങ്ങൾ താണ്ടി പലതും വിളിച്ചു പറഞ്ഞും ചിലത് ഉള്ളിലൊതുക്കിയും മാദികയും തളർന്നു. ഇടയ്ക്കൊക്കെ കോളനിക്കാർ പരസ്പരം സംസാരിക്കുമ്പോൾ മാദിക അവളുടെ അവസാന ശ്വാസമെടുക്കുകയാണ്. പ്രായമായവരുടെ കാലം കഴിഞ്ഞാൽ പിന്നെ മാദികയെ കേൾക്കാനാകില്ല. സമുദായത്തിലെ പുതിയതലമുറ ബോധപൂർവം അവളെ മറക്കുകയാണ്. സംസാരഭാഷയായ മാദിക ആ സമുദായത്തിന്റെ ചരിത്ര സൂക്ഷിപ്പുകാരി കൂടിയാണ്. എന്നും സമൂഹത്തിന്റെ ഓരങ്ങളിൽ പിന്തള്ളപ്പെട്ട, വിവാഹങ്ങളിലും സംസ്കാരച്ചടങ്ങുകളിൽ പോലും പോകാൻ അനുവാദമില്ലാത്ത അടിച്ചമർത്തപ്പെട്ടവരുടെ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് ഓർക്കേണ്ട. ആ ജീവിതത്തെ മറക്കാൻ അവർ ആദ്യം ഭാഷയെ മറക്കുന്നു. ഒരുവശത്ത് ഭാഷയും സംസ്കാരവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പോലെ ഇവിടെ മറന്നു കളയുന്നതും മറ്റൊരു പോരാട്ടമാകുന്നു.