ഗാസ കുഞ്ഞുങ്ങളുടെ ശ്മശാനമെന്ന് യുഎൻ സെക്രട്ടറി ജനറൽ; യുദ്ധശേഷവും ഗാസ വിടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
Mail This Article
ഗാസ ∙ കുഞ്ഞുങ്ങളുടെ ശ്മശാനമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വേദനയോടെ പരാമർശിച്ച ഗാസയിൽ, പരിപൂർണ അധിനിവേശം ലക്ഷ്യമിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ യുദ്ധാനന്തര പദ്ധതി. അനിശ്ചിതകാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസിലെ എബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
പലസ്തീന്റെ ഭാഗമായ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിനിടെയാണ് ഗാസയിലും സമാന നീക്കം നടത്തുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഹമാസ് അല്ല ഗാസയുടെ കാര്യം നോക്കേണ്ടതെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഗാസയിലെ ജനങ്ങൾക്കു സഹായമെത്തിക്കാനും ബന്ദികളുടെ മോചനത്തിനുമായി യുദ്ധത്തിൽ ഹ്രസ്വ ഇടവേള നൽകാനുള്ള സന്നദ്ധത നെതന്യാഹു അറിയിച്ചു. മാനുഷിക പരിഗണനയോടെയുള്ള യുദ്ധവിരാമം തന്നെ വേണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫോൺ സംഭാഷണത്തിൽ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടായില്ലെന്നു വൈറ്റ്ഹൗസ് അറിയിച്ചു.
ഒരു മാസമായി ഇന്ധനം ലഭിക്കാതെ സേവനമേഖലയാകെ സ്തംഭിച്ചത് ഗാസയിലെ 23 ലക്ഷം പലസ്തീൻകാരുടെ ജീവിതം അപകടത്തിലാക്കിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസ ഇപ്പോൾ കുഞ്ഞുങ്ങളുടെ ശ്മശാനമാണ്.
ഒരു മാസത്തിനിടെ 4237 കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഓരോ ദിവസവും ശരാശരി 134 കുട്ടികൾ എന്നതാണു മരണനിരക്ക്. ഗാസ സിറ്റി പൂർണമായി വളഞ്ഞ ഇസ്രയേൽ സേന, ജനങ്ങൾക്ക് നഗരം വിട്ട് തെക്കൻ ഗാസയിലേക്കു പോകാൻ ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ സമയം അനുവദിച്ചു.
വടക്കൻ ഗാസയിൽ ഹമാസ് താവളം പിടിച്ചെടുത്തെന്നും ഭൂഗർഭ തുരങ്കത്തിലുള്ളവർക്കായി തിരച്ചിൽ നടത്തുകയാണെന്നും ഇസ്രയേൽ സേന അറിയിച്ചു. മധ്യ ഗാസയിലെ ദെയ്‌റെൽ ബലാഹിൽ വീടുകൾക്കുനേരെ ഇസ്രയേൽ ആക്രമണം നടത്തിയതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. അതിനിടെ, ലബനനിലെ സാധാരണക്കാരുടെ ജീവനെടുത്താൽ ഇസ്രയേലിലെ മരണസംഖ്യ ഇരട്ടിയാക്കുമെന്നു ഹിസ്ബുല്ല വിഭാഗം മുന്നറിയിപ്പു നൽകി.