സൂപ്പർപവറേകാൻ ‘ചിപ്പടി’ വിദ്യയുമായി മസ്ക്; ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് കൂടുതൽ പേരിലേക്ക്
Mail This Article
ബ്രെയിൻ ചിപ്പ് പുതുക്കിയിറക്കാൻ എലോൺ മസ്കിന്റെ ന്യൂറാലിങ്ക്. നിലവിലുള്ളതിന്റെ പാതി ഇലക്ട്രോഡുകൾ മാത്രം ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമത കൈവരിക്കുകയാണു ലക്ഷ്യം. ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളുമുണ്ടാകും. അരിസോണ സ്വദേശി നോളണ്ട് ആർബോയിലാണ് ആദ്യമായി ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചത്. ആർബോയുടെ തലയോട്ടിയുടെ ഉൾഭാഗത്തു പിടിപ്പിച്ചിരുന്ന നേർത്ത നാരുകൾ വേർപെട്ടതായി നേരത്തെ ന്യൂറാലിങ്ക് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു. ഇത്തരം പരിമിതികൾ പരിഹരിക്കുന്നതിനു പുതിയ ഉപകരണത്തിൽ സംവിധാനമുണ്ടാകുമെന്നു മസ്ക് പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെയാൾക്കു ചിപ്പ് പിടിപ്പിക്കും. കൂടുതൽപേരെ ഈ വർഷം തന്നെ കണ്ടെത്തും. തലമുടിയെക്കാൾ നേർത്ത നാരുകൾ ഉപയോഗിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഉപകരണം മൂലം മസ്തിഷ്കത്തിന് ഒരു കേടുപാടും ഉണ്ടാകില്ലെന്നും മസ്ക് ഉറപ്പുനൽകി. മസ്ക് സ്ഥാപിച്ച മസ്തിഷ്ക സാങ്കേതികവിദ്യാ സംരംഭമാണ് ന്യൂറാലിങ്ക്. ഇവർ വികസിപ്പിച്ചെടുത്ത ബ്രെയിൻ ചിപ്പുപയോഗിക്കുന്ന രോഗികൾക്കു തങ്ങളുടെ ചിന്തകളിലൂടെ കംപ്യൂട്ടർ മൗസ് പ്രവർത്തിപ്പിക്കുന്നതുപോലുള്ള കാര്യങ്ങൾ ചെയ്യാനാകും. മനുഷ്യർക്കു സൂപ്പർപവർ നൽകി എഐ (നിർമിതബുദ്ധി) ഉയർത്തുന്ന അപകടസാധ്യത കുറയ്ക്കുകയാണു ലക്ഷ്യമെന്നും മസ്ക് പറഞ്ഞു.