സഭാ നവീകരണ പദ്ധതിക്ക് അനുമതി നൽകി മാർപാപ്പ

Mail This Article
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയിൽ നിന്നു സുഖംപ്രാപിച്ചുവരുന്ന ഫ്രാൻസിസ്‍ മാർപാപ്പ ആഗോള കത്തോലിക്കാ സഭയിൽ അടുത്ത 3 വർഷത്തിനിടെ നടപ്പാക്കേണ്ട നവീകരണപദ്ധതിക്ക് അനുമതി നൽകി. മെത്രാന്മാരുടെ സിനഡ് പ്രവർത്തനങ്ങൾ തുടരും. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സിനഡ് പരിഗണിച്ച വനിതാ പൗരോഹിത്യം, എൽജിബിടിക്യു സമൂഹത്തിനു കൂടുതൽ അംഗീകാരം തുടങ്ങിയ വിഷയങ്ങളിൽ ലോകമെങ്ങും സഭാ സമൂഹങ്ങളിൽ അടുത്ത 3 വർഷം കൂടിയാലോചന നടത്തും. 2028 ൽ സിനഡ് ചേർന്ന് ഇവ ചർച്ച ചെയ്ത് തീരുമാനമെടുക്കും.
കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. രാജി അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടാണ് ഇപ്പോൾ ആശുപത്രി മുറിയിൽ നിന്ന് മാർപാപ്പ സഭാ നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത്. പ്രേഷിത ദൗത്യത്തിന് പ്രാധാന്യം നൽകി സഭയെ പുതിയ കാലത്തിനു യോജ്യമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.