എം.എ. യൂസഫലി ഏതു നാട്ടിൽ പോയാലും കഴിക്കാൻ ഇഷ്ടപ്പെടുന്നത് ഈ നാടൻ വിഭവങ്ങൾ
Mail This Article
ആഗോളതലത്തിലെ പ്രധാന വ്യവസായികളിൽ ഒരാളും ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ലളിതമായ ജീവിതശൈലി പിന്തുടരുന്ന വ്യക്തിത്വമാണ്. ജീവിതത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിലും ആ ലാളിത്യമുണ്ട്. ഏതു നാട്ടിൽ പോയാലും താൻ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് കേരളത്തിലെ തനിനാടൻ വിഭവങ്ങളാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മറ്റു നാടുകളിൽ ചെല്ലുമ്പോൾ താനേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിലാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി യൂസഫലി പറഞ്ഞു.
ഹോട്ടലുകളിൽ വിളമ്പുന്ന പ്രഭാത ഭക്ഷണത്തിലെ കോൺഫ്ലേക്സ്, ബ്രെഡ്, ചീസ് അതിനൊപ്പമുണ്ടാകുന്ന പാല് പോലുള്ളവ കഴിക്കുന്നതിൽ തനിക്ക് തൃപ്തിക്കുറവുണ്ട്. ഇഷ്ടം പുട്ട്, പഴം അല്ലെങ്കിൽ ഇഡ്‌ഡലി, സാമ്പാർ എന്നിവ കഴിക്കാനാണ്. ഇഡ്‌ഡലിക്കൊപ്പമുള്ള സാമ്പാറിലെ പച്ചക്കറികൾ കൂടുതൽ കഴിക്കും. ഉപ്പുമാവ് കഴിക്കാനും ഇഷ്ടമാണെന്നു യൂസഫലി പറയുന്നു.
‘‘ബിസിനസ് ആവശ്യങ്ങൾക്കായി ഇറ്റലിയിലെ മിലാനിൽ എത്തിയപ്പോൾ മലയാളികളുടെ ഒരു ഹോട്ടൽ കണ്ടു. അവിടെ ചെന്നപ്പോൾ എനിക്കു പുട്ടും പഴവും കഴിക്കാനായി നൽകി. എന്റെ ഫോട്ടോ എടുക്കുകയും റസ്റ്ററന്റിന്റെ ചുവരിൽ ഫ്രെയിം ചെയ്തു വയ്ക്കുകയും ചെയ്തു. പിന്നീട് നിരവധി മലയാളികൾ അവിടെ ഭക്ഷണം കഴിക്കാനായി എത്തി. നാടൻ വിഭവങ്ങൾ കഴിക്കാനാണ് ഇഷ്ടമെങ്കിലും വിദേശത്തു ചെന്നാൽ അവിടുത്തെ ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ടില്ല. പല രാജ്യങ്ങളിലും എനിക്ക് സഹപ്രവർത്തകരുണ്ട്. അവരെല്ലാം മലയാളികൾ ആയതുകൊണ്ട് അന്നാടുകളിൽ ചെന്നാൽ അവർ എനിക്കായി പുട്ട് ഉണ്ടാക്കി കൊണ്ടുവരും. അത് കഴിക്കുന്നത് ഏറെ സന്തോഷകരമാണ്.’’– എം.എ. യൂസഫലി പറയുന്നു.
പ്രഭാത ഭക്ഷണത്തിനൊരുക്കാം പൂവ് പോലെയുളള ഇഡ്‌ഡലി
ആഴ്ചയിൽ ഒരു നേരമെങ്കിലും ഇഡ്ഡലി തയാറാക്കാത്ത വീടുണ്ടോ? പൂവ് പോലെയുളള ഇഡ്‌ഡലി ആർക്കാ ഇഷ്ടമല്ലാത്തത്. അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഇഡ്ഡലി പൊടിയും ഉണ്ടെങ്കിൽ രുചി പറയാനില്ല. ഇഡ്ഡലി ഉണ്ടാക്കുമ്പോൾ അരിയും ഉഴുന്നും ചോറും മാത്രം മതി. അവലും ചവ്വരിയും ചേർക്കണ്ട.
ചേരുവകൾ
•പച്ചരി – 2 കപ്പ്
•ഉഴുന്ന് – 1 കപ്പ്
•ചോറ് – 1/2 കപ്പ്
•ഉലുവ – 1/4 ടേബിൾസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
• പച്ചരി നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു 5 മണിക്കൂർ കുതിർത്തു പുറത്തു വയ്ക്കുക. ശേഷം ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കണം.
• ഉഴുന്നും ഉലുവയും ഒന്നിച്ചാക്കി കഴുകി, നല്ല വെള്ളം ഒഴിച്ച് ( ഈ വെള്ളം ആണ് അരയ്ക്കാൻ എടുക്കുന്നത്) 6 മണിക്കൂർ ഫ്രിജിൽ വയ്ക്കണം.
• 6 മണിക്കൂറിനു ശേഷം ഉഴുന്നു മിക്സിയുടെ വലിയ ജാറിലേക്കു മാറ്റി 2 ഐസ് ക്യൂബ്സ് ഇട്ട് നന്നായി അരച്ചെടുത്തു വലിയ ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അരി കുതിർത്തതിലെ വെള്ളം ഊറ്റി കളയുക. ഇതിലേക്കു ചോറും 2 ഐസ് ക്യൂബ്സും ഇട്ട് കുറച്ച് തരിയായി അരച്ചെടുക്കുക. വെള്ളം ആവശ്യമെങ്കിൽ ഉഴുന്ന് കുതിരാൻ ഇട്ട വെള്ളം ഒഴിക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഉഴുന്നു മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക.
•ഇനി ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്കു ചൂടുവെള്ളം ഒഴിച്ച് കൊടുക്കാം. ഒരു തട്ട് ഇതിൽ വച്ച് അരച്ചെടുത്ത മാവ് ഇതിലേക്ക് ഇറക്കി വയ്ക്കാം. ശേഷം തീ ഓഫ് ആക്കി കുക്കർ അടച്ചു വയ്ക്കുക. 6 മുതൽ 8 മണിക്കൂർ പൊങ്ങാൻ വയ്ക്കാം.
• പൊങ്ങി വന്ന മാവിൽ നിന്ന് ആവശ്യത്തിനു മാവ് എടുത്ത് ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തേച്ച്, മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക. പത്ത് മിനിറ്റു കഴിഞ്ഞ് ഇഡ്ഡലി തട്ട് പുറത്ത് എടുത്ത് കുറച്ചു തണുത്തതിന് ശേഷം ഇഡ്ഡലി ഇളക്കി എടുക്കാം. നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി റെഡി. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം.