ADVERTISEMENT

ദാരിദ്ര്യ നിർമാർജനം, ഒപ്പം സ്ത്രീശാക്തീകരണവും – കുടുംബശ്രീ ആരംഭിക്കുമ്പോൾ കേരള സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങൾ ഇതായിരുന്നു. എന്നാൽ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് ആ കൂട്ടായ്മ വളരെ വേഗം വളർന്നുവെന്നു മാത്രമല്ല, പുതിയ ആശയങ്ങൾ വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ‘ലഞ്ച് ബെൽ’. ഓഫിസുകളിൽ ഉച്ചയ്ക്ക് ചൂടു ചോറും കറികളും പാത്രത്തിലെത്തിക്കുന്ന പദ്ധതി. കുടുംബശ്രീയുടെ ഓൺലൈൻ ആപ്പായ പോക്കറ്റ് മാർട്ട് വഴിയാണ് ഉച്ചഭക്ഷണം ഓർഡർ ചെയ്യേണ്ടത്. പദ്ധതി ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് നടപ്പിലാക്കുക. 

മുട്ടയും മീനുമെല്ലാം ചേരുന്ന നോൺ വെജ് ഊണിനു 99 രൂപയും പച്ചക്കറികൾ ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ച് ഹാപ്പി ലഞ്ച്, റെഗുലർ ലഞ്ച് എന്നിങ്ങനെ രണ്ടു തരത്തിൽ ഊണ് ലഭിക്കും. ഒരു മാസം ഊണ് വേണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. വിതരണച്ചുമതല കുടുംബശ്രീ അംഗങ്ങൾക്ക് തന്നെയാണ്. സ്റ്റീൽ പാത്രങ്ങളിൽ നൽകുന്ന ഭക്ഷണം കഴിച്ച ശേഷം പാത്രം മടക്കി വാങ്ങാനും ആളെത്തും. 

പ്രധാനമായും ഒരു കേന്ദ്രത്തിൽ തന്നെയായിരിക്കും ഭക്ഷണം തയാറാക്കുന്നത്. വൃത്തി, മായമില്ലാത്ത ഭക്ഷണം, രുചികരം, ഗുണമേന്മ ഇവയെല്ലാമാണ് തങ്ങളുടെ മുഖമുദ്രയായി കുടുംബശ്രീ പറയുന്നത്. എല്ലാ ഘട്ടത്തിലും ഹരിതമാനദണ്ഡം പാലിച്ചു കൊണ്ടായിരിക്കും പ്രവർത്തിക്കുക. ഭക്ഷണ വിതരണത്തിൽ അനുഭവ പരിചയമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലാണ് കുടുംബശ്രീ അടുക്കളയുടെ പ്രവർത്തനം. ആയിരം പേർക്ക് ഉച്ചഭക്ഷണം തയാറാക്കാൻ കഴിയുന്ന യൂണിറ്റിനായിരിക്കും ഊണ് തയാറാക്കാനുള്ള ചുമതല. ഭക്ഷണ വിതരണത്തിന്, ഇരുചക്ര വാഹനങ്ങൾ സ്വന്തമായുള്ള കുടുംബശ്രീ അംഗങ്ങൾക്കോ അല്ലെങ്കിൽ തിരഞ്ഞെടുക്കുന്ന കുടുംബാംഗങ്ങൾക്കോ പരിശീലനം നൽകും. 

ഇപ്പോൾ ഊണ് മാത്രം നൽകാനാണ് തീരുമാനമെങ്കിലും പിന്നീട് വിപുലീകരിക്കും. വടക്കേ ഇന്ത്യൻ ഉച്ചഭക്ഷണവും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നാരുകൾ അടങ്ങിയ ഭക്ഷണവും സലാഡുകളുമൊക്കെ മെനുവിൽ ഉൾപ്പെടുത്തും.

English Summary:

kudumbashree to introduce pocket mart online app for lunch bell programe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com