ADVERTISEMENT

വേനല്‍ക്കാലം കഴിഞ്ഞു. മാമ്പഴക്കാലവും പടിയിറങ്ങി. എന്നാല്‍ ഇപ്പോഴും കടകളില്‍ മാമ്പഴം ലഭ്യമാണ്. ഇവ വാങ്ങിച്ചു കഴിഞ്ഞാല്‍ അധിക കാലം സൂക്ഷിക്കാന്‍ പറ്റില്ല എന്നതാണ് പ്രശ്നം. പെട്ടെന്ന് ചീഞ്ഞു പോകുന്ന പഴങ്ങളില്‍ ഒന്നാണ് മാമ്പഴം.  പഴുത്ത മാങ്ങ ഒരാഴ്ചയെങ്കിലും കേടുകൂടാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍

മാമ്പഴം തിരഞ്ഞെടുക്കുമ്പോള്‍

കടയില്‍ നിന്നും മാമ്പഴം വാങ്ങിക്കുമ്പോള്‍, ഞെക്കിയാല്‍ ഞെങ്ങാത്ത മാമ്പഴം വേണം തിരഞ്ഞെടുക്കാന്‍. ചതവുകളോ പാടുകളോ ഉള്ള മാമ്പഴങ്ങൾ ഒഴിവാക്കുക, കാരണം അവ വേഗത്തിൽ കേടാകും.

മാമ്പഴം പുറത്ത് സൂക്ഷിക്കുമ്പോള്‍

രണ്ടു ദിവസത്തിനുള്ളില്‍ കഴിച്ചു തീര്‍ക്കുമെങ്കില്‍ മാമ്പഴം നേരിട്ട് അടുക്കളയില്‍ തന്നെ സൂക്ഷിക്കാം. എന്നാല്‍ ഇവ നേരിട്ട് സൂര്യപ്രകാശമടിക്കാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. 

ഫ്രിജില്‍ സൂക്ഷിക്കുമ്പോള്‍

മാമ്പഴം ഫ്രിജില്‍ ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാം. ഇതിനായി ഓരോ മാമ്പഴവും വെവ്വേറെ പേപ്പർ ടവലിൽ പൊതിയുക. ഈ മാങ്ങകൾ റഫ്രിജറേറ്ററിൻ്റെ ക്രിസ്‌പർ ഡ്രോയറിൽ വയ്ക്കുക. ഈ ഡ്രോയറിലെ നിയന്ത്രിത ഈർപ്പം അവയുടെ പുതുമ നിലനിർത്താൻ സഹായിക്കുന്നു.

ഫ്രീസറില്‍ വയ്ക്കുക
നല്ല പഴുത്ത മാമ്പഴം ചെറിയ സമചതുര കഷ്ണങ്ങളായി മുറിക്കുക. എത്ര ചെറിയ കഷ്ണങ്ങളാക്കുന്നോ അത്രയും നല്ലത്. ഇവ ഒരു സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ശീതീകരിച്ച മാമ്പഴം 6 മാസം വരെ സൂക്ഷിക്കാം.

mango-tips
Image Credit:YunieeekyuShutterstock

വിവിധ രീതിയില്‍ സംഭരിക്കാം

മാമ്പഴം, കഷ്ണങ്ങളാക്കിയല്ലാതെ വേറെയും രീതികളില്‍ സംഭരിക്കാം. മാമ്പഴച്ചാറാക്കി സംഭരിക്കുന്നതാണ് ഇവയില്‍ ഏറ്റവും എളുപ്പം. അതിനായി നല്ല പഴുത്ത മാമ്പഴം തൊലി കളഞ്ഞ്, ഒരു ഫുഡ് പ്രൊസസറിലോ ബ്ലെൻഡറിലോ നന്നായി അടിച്ചെടുക്കുക. ഇത് വായു കടക്കാത്ത പാത്രങ്ങളിലോ ഐസ് ക്യൂബ് ട്രേകളിലോ ആക്കി, ആറു മാസം വരെ സൂക്ഷിക്കാം. ഇടയ്ക്ക്, സ്മൂത്തികൾ, ഡെസേർട്ടുകൾ, സോസുകൾ എന്നിവ ഉണ്ടാക്കുമ്പോള്‍ മാമ്പഴ ക്യൂബ്സ് ഇടാം.

മാമ്പഴ ചട്ണി ആയും ഇത് സൂക്ഷിക്കാം.  വല്ലാതെ പഴുക്കാത്ത, എന്നാല്‍ നേര്‍ത്ത മധുരമുള്ള മാമ്പഴമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ അരിഞ്ഞെടുത്ത് വെള്ളത്തില്‍ വേവിക്കുക. ഇതിലേക്ക് ഏലക്ക, ഇഞ്ചി, ഗ്രാമ്പൂ പൊടി, കറുവാപ്പട്ട പൊടി, അല്‍പ്പം പഞ്ചസാര എന്നിവ ചേർക്കുക. ഈ കൂട്ട്  അടുപ്പത്ത് കിടന്നു കട്ടിയാകുമ്പോൾ വിനാഗിരിയും ഉപ്പും ചേർക്കുക. ഇളക്കി 4-5 മിനിറ്റ് വേവിക്കുക. ശേഷം തീ ഓഫ് ചെയ്ത്, ഇതിലേക്ക് ജീരകപ്പൊടിയും ചുവന്ന മുളകുപൊടിയും വിതറി നന്നായി ഇളക്കുക. തണുക്കുമ്പോൾ ചട്ണിക്ക് കട്ടി കൂടും.

ഇത് നന്നായി തണുത്ത ശേഷം, വായു കടക്കാത്ത പാത്രങ്ങളിലാക്കി നന്നായി അടച്ച് 3 ആഴ്‌ച വരെ ഫ്രിജിൽ വയ്ക്കുക. ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ബെസ്റ്റാണ് ഈ ചട്ണി.

English Summary:

How to Store Mangoes the Right Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com