ദോശയ്ക്ക് അരി വെള്ളത്തിലിടാൻ മറന്നു പോയോ? വിഷമിക്കേണ്ട, ഇൻസ്റ്റന്റ് മിക്സ് എളുപ്പത്തിൽ തയാറാക്കാം
Mail This Article
ഇഡ്‌ലിയോ ദോശയോ ഉണ്ടാക്കാനായി അരി വെള്ളത്തിലിടാൻ മറന്നു പോയാൽ എന്ത് ചെയ്യും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇൻസ്റ്റന്റ് ഇഡ്‌ലി മിക്സ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാമെന്നതാണ് ഇതിന്റെ സവിശേഷത. കൂട്ട് തയാറാക്കി വെച്ചതിനു ശേഷം ആവശ്യം വരുന്ന സമയത്തു വെള്ളമൊഴിച്ചു മിക്സ് ചെയ്തു ഉപയോഗിക്കാം. ഉണ്ടാക്കി വെച്ചാൽ രണ്ടു മാസത്തോളം കേടുകൂടാതെയിരിക്കുമെന്നതും ഈ ഇൻസ്റ്റന്റ് ഇഡ്‌ലിക്കൂട്ടിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് തയാറാകുന്നതെന്നു നോക്കാം.
ആവശ്യം വേണ്ട ചേരുവകൾ
ഉഴുന്ന് - ഒരു കപ്പ്
അവൽ - അര കപ്പ്
അരിപൊടി - രണ്ടു കപ്പ്
ഉപ്പ് - ഒരു ടേബിൾ സ്പൂൺ
ബേക്കിങ് സോഡ - മുക്കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാൻ വച്ച് അതിലേയ്ക്ക് ഒരു കപ്പ് ഉഴുന്ന് ഇട്ടു കൊടുത്ത് നല്ലതുപോലെ വറത്തെടുക്കുക. ബ്രൗൺ നിറമാകരുത്. അതിലേക്ക് അര കപ്പ് അവൽ കൂടി ചേർത്ത് വറുക്കണം. ചെറുതീയിൽ വച്ച് വേണം ചെയ്യേണ്ടത്. നല്ലതുപോലെ തണുത്തതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി ഉഴുന്നും അവലും ഒരുമിച്ച് ചേർത്ത് നന്നായി പൊടിച്ചെടുക്കണം. അതിനുശേഷം അരിപ്പയിലേക്ക് മാറ്റി, തരികളില്ലാതെ അരിച്ചെടുക്കാം. ഇതിലേക്ക് രണ്ടു കപ്പ് തരികളില്ലാത്ത അരിപ്പൊടിയും ഉപ്പും ബേക്കിങ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇൻസ്റ്റന്റ് ഇഡ്‌ലി മിക്സ് തയാറായി കഴിഞ്ഞു. രണ്ടു മാസം വരെ ഈ പൊടി കേടുകൂടാതെയിരിക്കും. ഇനി എങ്ങനെ ഇതുപയോഗിച്ച് ഇഡ്‌ലി തയാറാക്കാമെന്നു നോക്കാം. രണ്ടു കപ്പ് ഇഡ്‌ലി മിക്സിലേയ്ക്ക് ഒരു കപ്പ് തൈരും ഒരു കപ്പ് വെള്ളവുമൊഴിച്ചു നന്നായി മിക്സ് ചെയ്യാം. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് അഞ്ചു മിനിറ്റ് നേരം ഇളക്കി വീണ്ടും ഇളക്കണം. കട്ടകൾ ഒട്ടും തന്നെയും പാടില്ല. മാവ് റെഡി. ഇഡ്‌ലി തയാറാക്കിയെടുക്കാം.
English Summary: Homemade Instant Idli Premix Recipe