ഒരു മാസം വരെ കേടാകില്ല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ ഉണ്ടാക്കാം
Mail This Article
മിക്ക കറികളിലെയും അവിഭാജ്യഘടകങ്ങളാണ് ഇഞ്ചിയും വെളുത്തുള്ളിയും. രാവിലെ കറികൾ തയാറാക്കാനുള്ള തിരക്കിനിടയിൽ ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ച് സമയം നഷ്ടപ്പെടുത്തുന്ന കാര്യമാണ്. പണികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചിലരെങ്കിലും പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് വാങ്ങി വയ്ക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാമെന്നു മാത്രമല്ല, ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം. തായീസ് വ്ലോഗ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് എല്ലാവർക്കും തന്നെയും ഉപകാരപ്പെടുന്ന ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ഒരു മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടു കൊടുക്കണം. വെളുത്തുള്ളി എത്രയെടുക്കുന്നോ അതിന്റെ പകുതി മാത്രം മതിയാകും ഇഞ്ചി. ഒരു ടീസ്പൂൺ ഉപ്പ് ഒരു പാനിലേയ്ക്ക് ഇട്ടു നന്നായി വറുത്തെടുക്കണം. മിക്സിയുടെ ജാറിലേയ്ക്ക് ആ ഉപ്പും ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും കൂടി ചേർത്തുകൊടുക്കാം. ഇനി അരച്ചെടുക്കാം. രണ്ടു മൂന്നു തവണ അൽപസമയം മാത്രം മിക്സി പ്രവർത്തിപ്പിച്ചു കഴിയുമ്പോൾ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരഞ്ഞതായി കാണുവാൻ കഴിയും. ഇനി ഈ കൂട്ടിലേക്ക് ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ കൂടി ചേർത്ത് അരയ്ക്കാം. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് തയാറായി കഴിഞ്ഞു. ഇങ്ങനെ തയാറാക്കിയ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റിനു ദിവസങ്ങൾ കഴിയുമ്പോൾ ഗന്ധത്തിൽ യാതൊരു വ്യത്യാസവും വരികയില്ലെന്നു മാത്രമല്ല, സാധാരണ താപനിലയിൽ ഒരു മാസം വരെ കേടുകൂടാതെയിരിക്കും. ഒരു വർഷം വരെ ഫ്രിജിൽ വെച്ചും ഉപയോഗിക്കാവുന്നതാണ്.
അധികദിവസം ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണു മഞ്ഞൾ പൊടി, ഉപ്പ്, എണ്ണ എന്നിവ ചേർത്തുകൊടുക്കുന്നത്. ഉപയോഗത്തിനായി എടുക്കുമ്പോൾ എപ്പോഴും ജലാംശം ഒട്ടുമില്ലാത്ത സ്പൂൺ ഉപയോഗിക്കാൻ മറക്കരുത്.ഇഞ്ചിയും വെളുത്തുള്ളിയും തുല്യ അളവിലെടുത്തും പേസ്റ്റ് തയാറാക്കാവുന്നതാണ് ഏറെ ഉപകാരപ്രദമാണ് ഈ വിഡിയോ എന്ന് ധാരാളം പേരാണ് കമെന്റ് ആയി കുറിച്ചിരിക്കുന്നത്.