ഇനി സംശയം വേണ്ട, കക്കായിറച്ചി കഴുകിയാൽ മാത്രം പോരാ!
Mail This Article
കക്കായിറച്ചി റോസ്റ്റായി ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. പല വലുപ്പത്തിൽ കക്കായിറച്ചി കിട്ടുമെങ്കിലും ചെറുതിനാണ് രുചികൂടുതലും. എന്നാൽ വൃത്തിയാക്കാൻ എളുപ്പം വലുപ്പമുള്ള കക്കായിറച്ചിയാണ്. ഇവ വൃത്തിയാക്കുക എന്നതാണ് ടാസ്ക്. ശരീരത്തിന് ഏറെ ഗുണമുള്ളതാണ് കക്കായിറച്ചി. തോടുമാറ്റി ഇറച്ചി മാത്രമായാണ് കടകളിൽ വിൽക്കാൻ വച്ചിരിക്കുന്നത്. മണ്ണ് ഉള്ളതിനാൽ പലതവണ വൃത്തിയായി കഴുകേണ്ടതുണ്ട്.
കഴുകുക മാത്രം മതിയോ, അതോ കക്കയുടെ അഴുക്കും കളയണോ? ഇത് മിക്കവരുടെയും സംശയമാണ്. കക്കായിറച്ചി നല്ലതുപോലെ കഴുകിയതിനു ശേഷം ഉള്ളിലെ അഴുക്കും കളയേണ്ടതുണ്ട്. കക്കയിറച്ചി ഒാരോന്നായി തള്ള വിരലിന്റെയും ചൂണ്ടുവിരലിന്റെയും അറ്റത്ത് വച്ച് അമർത്തിയാൽ അഴുക്ക് പുറത്തേയ്ക്ക് വരും. സമയം എടുക്കുന്ന പണിയാണങ്കിലും അഴുക്കു കളഞ്ഞതിനു ശേഷമേ കക്കായിറച്ചി പാകം ചെയ്യാവുള്ളൂ. അല്ലെങ്കിൽ ചിലർക്ക് അലർജിയോ മറ്റോ ഉണ്ടാകാൻ സാധ്യതയുണ്ട്.
അഴുക്കു ഞെക്കി കളഞ്ഞാലും വൃത്തിയാക്കൽ അവസാനിക്കുന്നില്ല. നല്ലതുപോലെ കഴുകണം. ഇത്തിരി തൈര് അല്ലെങ്കിൽ വിനാഗിരിയോ ഒഴിച്ച് കഴുകിയാൽ നല്ലതുപോലെ വൃത്തിയാകും. കക്കായിറച്ചിയിൽ കാത്സ്യം ധാരാളമുണ്ട്. ആരോഗ്യത്തിന് നല്ലതാണ്.
അടിപൊളി കക്കായിറച്ചി റോസ്റ്റ് ഉണ്ടാക്കാം
അഴുക്ക് കളഞ്ഞ് വൃത്തിയായി കഴുകിയെടുത്ത കക്കയിറച്ചിയിൽ ആവശ്യത്തിനുള്ള ഉപ്പും മഞ്ഞപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് ഇത്തിരി വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കാം. മറ്റൊരു ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും തേങ്ങാകൊത്തും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. സവാള വഴന്നുവരുമ്പോൾ പൊടികൾ ചേർക്കണം. ആവശ്യത്തിനുള്ള മുളക്പൊടിയും മഞ്ഞപൊടിയും മല്ലിപൊടിയും ഗരം മസാലയും കുരുമുളകു ചതച്ചതും ചേർത്ത് നന്നായി ഇളക്കാം. പച്ചമണം മാറുമ്പോൾ വേവിച്ച കക്കായിറച്ചിയും ചേർത്ത് നന്നായി ഉലർത്തി എടുക്കാം. രുചിയൂറും കക്കായിറച്ചി റോസ്റ്റ് റെഡി.