റഫിയെ പോലെ പാടാൻ കൊതിച്ച കുട്ടിക്കാലം; ഒന്നായി ഒഴുകാൻ കൊതിച്ച ഗംഗയും കാവേരിയും; ഹൃദയസംഗീതത്തിന്റെ അനശ്വര ഗായകൻ!
Mail This Article
സംഗീതത്തിൽ എന്റെ ആദ്യ ഗുരു പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയാണ്. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അപ്പച്ചനു തിരികെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ഞാൻ! മുഹമ്മദ് റഫി സാബ് പാടി അനശ്വരമാക്കിയ ‘ഓ ദുനിയാ കേ രഖ്‌വാലെ...’ സ്കൂളിൽ പഠിക്കുന്ന കാലത്തു കോരിത്തരിപ്പിച്ചിരുന്ന, ഏറെ പാടി നടന്നിരുന്ന പാട്ട്. റിക്കോർഡ് കേട്ടു പഠിച്ചാണ് ഞാൻ അപ്പച്ചനു പഠിപ്പിച്ചു കൊടുത്തത്. പക്ഷേ അദ്ദേഹം ആ പാട്ടു പാടിയതു മലയാളത്തിലായിരുന്നു. ‘തെല്ലലിയാതോ ജഗദീശാ...’ എന്നു തുടങ്ങുന്ന മലയാള വരികൾ എഴുതിയതു ഹിന്ദി നന്നായറിയാമായിരുന്ന അഭയദേവ് സാർ. ‘ചാന്ദ് കെ ഢൂംഢെ പാഗൽ സൂരജ്’ എന്ന ചരണം ‘ചന്ദ്രനെ തേടി വാഴുന്നു സൂര്യൻ...’ എന്നായി. എനിക്ക് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിനാകെ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു റഫി സാബും അദ്ദേഹത്തിന്റെ പാട്ടുകളും. ആ സംഗീതത്തിൽ ഊറിച്ചേർന്നതായിരുന്നു എന്റെ കുട്ടിക്കാലം.