സുഖപ്രസവത്തിന് ഗർഭകാലത്ത് വ്യായാമം വേണം; അടുപ്പു കൂട്ടുന്നത് അരക്കെട്ടിന് വ്യായാമം; എന്താണ് ‘ആയുർ ഗൈനക്കോളജി’?
Mail This Article
ഒരു കുഞ്ഞിനുവേണ്ടിയുള്ള പല ചികിത്സകൾക്ക് ശേഷം മുപ്പത്തിയെട്ടാം വയസ്സിൽ ആയുർവേദത്തെ ആശ്രയിക്കാനെത്തിയതായിരുന്നു ആ സ്ത്രീ. ഒരു വർഷമായി ആർത്തവം പോലുമില്ലാത്ത അവസ്ഥയിലായിരുന്ന അവർ. വിവിധ ശസ്ത്രക്രിയകളൊന്നും ഫലം കാണാതെ വന്നതോടെയാണ് അവർ ആയുർവേദത്തിലേക്ക് തിരിയുന്നത്. ഗർഭഛിദ്രം, ഗർഭായശരോഗങ്ങൾ (എൻഡോമെട്രിയോസിസ്) തുടങ്ങിയ വിവിധ സ്ത്രീരോഗങ്ങളിലൂടെ കടന്നു പോയ സ്ത്രീയായിരുന്നു അവർ. സ്കാനിങ് നടത്തി നോക്കിയപ്പോൾ ഗർഭാശയം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നു മനസ്സിലായി. ആർത്തവവിരാമത്തോട് അടുത്ത് നിൽക്കുന്ന ഒരു ഗർഭാശയമായിരുന്നു അവരുടേത്. പൂർണവിശ്വാസത്തോടെ കൃത്യമായ ചികിത്സ അവർ സ്വീകരിച്ചു. ഒന്നരവർഷത്തെ ചികിത്സയ്ക്കൊടുവിൽ ഗർഭിണിയായി. പിന്നീട് പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇത്തരം ഒട്ടേറെ അനുഭവങ്ങൾ പറയാനുണ്ട് ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജിലെ പ്രസൂതിതന്ത്ര വിഭാഗം മേധാവി ഡോ. വി.എൻ.പ്രസന്നയ്ക്ക്. വന്ധ്യതയ്ക്കും വിവിധ സ്ത്രീ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ആയുർവേദത്തിൽ ലഭ്യമാണോ? ആണെന്ന് ഡോ. വി.എൻ.പ്രസന്ന പറയുന്നു. കേരളത്തിൽ ആയുർവേദ ചികിത്സാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ മകളാണ് ഡോ. പ്രസന്ന.