7 രൂപയുടെ ‘ഇന്ധനം’ മതി; ഇ–സ്കൂട്ടറിൽ 50 കിമീ സഞ്ചരിക്കാം; ബജറ്റ് ഫ്രണ്ട്‌ലി, പെട്രോളിന് വെല്ലുവിളി
Mail This Article
ദിവസവും കുതിച്ചു കയറുകയാണ് പെട്രോൾ–ഡീസൽ വില. നമ്മുടെയെല്ലാം ആവശ്യങ്ങളും യാത്രകളും കൂടിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ബസിലെ തിരക്കും റോഡിലൂടെയുള്ള ഓട്ടപ്പാച്ചിലും ആലോചിക്കുമ്പോൾ സാധാരണക്കാർ പോലും ഇരുചക്രവാഹനത്തെപ്പറ്റി ആലോചിക്കുകയാണ്. പക്ഷേ, അവിടെയും പ്രശ്നം ഇന്ധനംതന്നെ. അത്തരക്കാരെ ലക്ഷ്യമിട്ട് ഇലക്ട്രിക് സ്കൂട്ടറുകളും വിപണിയിലേക്ക് പാഞ്ഞെത്തുന്നുണ്ട്. കുറഞ്ഞ സമയത്തിൽ ചാർജ് ചെയ്ത് കൂടുതൽ ദൂരം താണ്ടാനാകുന്ന തരം വാഹനങ്ങള്‍. നല്ല റേഞ്ച് വേണം, അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടായിരിക്കണം. വില ഒരു ലക്ഷത്തിൽ താഴെയാണെങ്കിൽ ഏറ്റവും നല്ലത്. ഇത്തരത്തിൽ, പ്രീമിയം ക്വാളിറ്റിയുള്ള ബജറ്റ് ഫ്രണ്ട്‌ലി സ്കൂട്ടറുകൾക്കാണ് ആവശ്യക്കാരേറെ. ദിവസേന 60–70 കിമീ യാത്ര ചെയ്യുന്നവർക്കു വേണ്ടിയുള്ളതാണ് ഓലയുടെ എസ്1 എക്സ് പ്ലസ് ഇ–സ്കൂട്ടർ. ഫീൽഡ് വർക്ക്, ഫുഡ് ഡെലിവറി, കൊറിയർ തുടങ്ങിയ മേഖലകളിൽ ജോലി നോക്കുന്നവർക്ക് സ്മാർട് ഫീച്ചറുകളേക്കാൾ ആവശ്യം മൈലേജ് ആണ്. അവർക്കും പരിഗണിക്കാവുന്ന മോഡൽ, തികച്ചും യൂസർ ഫ്രണ്ട്‌ലി.