മരണം പതിയിരുന്ന ബംഗ്ലാ ചതുപ്പുകൾ, തുടരെ തീതുപ്പി ഷെല്ലുകൾ: പാക് ചിറകരിഞ്ഞ് ഇന്ത്യൻ 'സാപ്പേഴ്സ്'
Mail This Article
സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യത്തിന്റെ ഇടതും വലതും ചിറകുകൾപോലെ രൂപംകൊണ്ട പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നൽകിയ തലവേദന ചെറുതല്ല. ഇന്ത്യയുടെ ഇരുവശത്തുമായി 1600 കിലോമീറ്റർ അകലത്തിലാണ് കിഴക്കും പടിഞ്ഞാറും പാക്കിസ്ഥാൻ നിലകൊണ്ടത്. എന്നാൽ 1971ൽ പാക്കിസ്ഥാന്റെ ചിറകുകളിൽ ഒരെണ്ണം മുറിച്ചുമാറ്റാൻ കിട്ടിയ അവസരം ഇന്ത്യ കൃത്യമായി ഉപയോഗിച്ചു. പാക്കിസ്ഥാനുമായി മുൻപ് ഇന്ത്യ നടത്തിയ രണ്ട് യുദ്ധങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു 1971ലെ യുദ്ധം. പടിഞ്ഞാറൻ പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള പരിചിതമായ യുദ്ധഭൂമിയിൽ അനായാസം മുന്നേറാൻ സൈന്യത്തിനാവുമായിരുന്നു. എന്നാൽ 1971ൽ കിഴക്കൻ പാക്കിസ്ഥാനിലെ ധാക്ക ലക്ഷ്യമാക്കിയുള്ള യുദ്ധത്തിൽ പാക്ക് പട്ടാളമല്ല, പ്രകൃതിയായിരുന്നു വലിയ വെല്ലുവിളി. വയനാട്ടിലെ ദുരന്തഭൂമിയിലെത്തി ബെയ്‌ലി പാലം നിർമിച്ച് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടിയ മദ്രാസ് എന്‍ജിനീയർ ഗ്രൂപ്പിലുള്ള ഓരോരുത്തരും കേരളത്തിന്റെ മനസ്സുനിറച്ചാണ് മടങ്ങിയത്. ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമലയിലെ പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമിച്ചാണ് ഇവർ കൈയ്യടി നേടിയത്. പാലം പൂർത്തീകരിച്ചതിനു പിന്നാലെ മറുകരയിലേക്ക് രക്ഷാപ്രവർത്തനത്തിന് വേഗം കൂടി. രക്ഷാവാഹനങ്ങൾ പട്ടാള ട്രക്കിന്റെ കരുത്ത് താങ്ങിയ പാലത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഉറ്റവരെ കാണാതായവരുടെ കണ്ണീരും യന്ത്രസഹായത്തോടെ മറുകരയിൽ തിരച്ചിൽ നടത്തിയാൽ ജീവനോടെ അവരെ വീണ്ടെടുക്കാനാവുമെന്ന പ്രാർഥനകളുമായിരുന്നു പാലം പണിയുന്നതിന്റെ വേഗം കൂട്ടാൻ സൈനികർക്ക് പ്രേരകമായത്. അതേസമയം പാക്ക് പട്ടാളം ഭയന്ന് പൊളിച്ചിട്ട പാലങ്ങളുടെയെല്ലാം പണി വേഗത്തിൽ തീരാൻ കാത്തുനിന്ന ഇന്ത്യൻ ഭടൻമാരുടെ യുദ്ധവീര്യമാണ് 1971ൽ കരുത്തായത്. ഇപ്പോഴത്തെ ബംഗ്ലദേശിനെ യാഥാർഥ്യമാക്കിയതായിരുന്നു ആ യുദ്ധവീര്യം. 1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിലെ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായ, പട്ടാളത്തിലെ എന്‍ജിനീയർമാരുടെ സേവനത്തെ കുറിച്ചും യുദ്ധവും സമാധാനവും എന്ന വേർതിരിവില്ലാതെ 'സർവത്ര' സേവനസന്നദ്ധരായി നിലകൊള്ളുന്ന കോർ ഓഫ് എന്‍ജിനീയേഴ്സിന്റെ ഘടനയും പ്രവർത്തനങ്ങളും അടുത്തറിയാം.