26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന്; ശൈലജയുടെ ബയോഡേറ്റ സർക്കാർ ഫാർമയിൽ: ഇതാണോ മുഖ്യമന്ത്രിയുടെ ‘അസാധാരണ നടപടി’
Mail This Article
തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കേരളത്തെ സംബന്ധിച്ച് കോവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നിപ്പയും രണ്ടു പ്രളയങ്ങളും താണ്ടിയ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാവുന്നതായിരുന്നില്ല കോവിഡ് ഏൽപിച്ച ആഘാതം. സംസ്ഥാനം കണ്ടു പരിചയിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് ആരോഗ്യരംഗം പൊടുന്നനെ എത്തിപ്പെട്ടത്. 2020 ജനുവരിയിൽ ചൈനയിൽനിന്ന് തൃശൂരിലെത്തിയ യുവതിക്ക് ഇന്ത്യയിൽ ആദ്യമായി കോവിഡ്19 സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയാണ് കൈക്കൊണ്ടത്. ഒരു വശത്ത് കടുത്ത ജാഗ്രത പുലർത്തുമ്പോൾതന്നെ മറുവശത്ത്, ചില ഉദ്യോഗസ്ഥ– രാഷ്ട്രീയ കൂട്ടുകെട്ടുകളെങ്കിലും കോവിഡ്19 നെ സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റിയിരുന്നു എന്നതിന്റെ സ്ഥിരീകരണമാണ്