സംസ്ഥാനങ്ങളിലെ മേൽക്കൈ കേന്ദ്രത്തിൽ കരുത്താകുമോ? തിരഞ്ഞെടുപ്പ് കണക്കുകൾ പറയുന്നതിങ്ങനെ...
Mail This Article
വോട്ടുപെട്ടി തുറക്കുമ്പോൾ ആരൊക്കെ കരയുമെന്നും ആരൊക്കെ ചിരിക്കുമെന്നും അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അടുത്ത വർഷമാദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും റിഹേഴ്സലാണെന്നും പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ അത് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണെന്നും, തോൽക്കുന്നവർ രണ്ടു തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും പറയും, അത് നാട്ടുനടപ്പാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നവർക്ക് 2024ൽ അതു നൽകുന്ന ആത്മവിശ്വാസം വലുതായിരിക്കും. രാജ്യത്തെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും തന്നെയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മാറ്റുരച്ച പ്രധാനികൾ. ഇതിൽ രാജസ്ഥാനും ഛത്തീസ്ഗഡും ഭരിക്കുന്ന കോൺഗ്രസ് ഇത് നിലനിർത്തുമോ അതോ ബിജെപി പിടിച്ചെടുക്കുമോ എന്നാണ് ഡിസംബർ 3 തീരുമാനിക്കുക. മധ്യപ്രദേശ് നിലനിർത്തുമെന്ന് ബിജെപിയും പിടിച്ചെടുക്കുമെന്ന് കോൺഗ്രസും അവകാശപ്പെടുന്നുണ്ട്. തെലങ്കാനയിലും മിസോറമിലും ഭരണം പ്രതീക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. നവംബർ 30ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതുമുതൽ ആകാംക്ഷയിലാണ് നേതാക്കളും പ്രവർത്തകരുമെല്ലാം.