ഇന്ത്യാ മുന്നണിയിൽ വിള്ളലിനു നീക്കം? ഇടഞ്ഞ മമതയ്ക്കും ‘ഇട’മുണ്ട്; എന്താണ് സ്റ്റാലിന്റെ ‘22–ാം’ തന്ത്രം?

Mail This Article
കേന്ദ്ര–സംസ്ഥാന ഏറ്റുമുട്ടലിൽ ചൂടുപിടിച്ചിരിക്കുകയാണ് തമിഴ്‌നാട് രാഷ്ട്രീയം. അതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച വിവിധ പാർട്ടികളുെട യോഗം മാർച്ച് 22ന് ചെന്നൈയിൽ ചേരുന്നത്. മണ്ഡല പുനർനിർണയത്തിനു പുറമേ കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയവും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള മോശം നിലപാടുകളും ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകുന്നതോടെ വിഷയം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതകളുമേറെ. സ്റ്റാലിന്റെ പ്രതിനിധികൾ ഓരോ സംസ്ഥാനത്തെയും. നേതാക്കളെ സന്ദർശിച്ച് യോഗത്തിലേക്കുള്ള ക്ഷണം കൈമാറിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പാർട്ടികളുടെ നേതാക്കന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റാലിന്റെ പുതിയ നീക്കം ബിജെപിയെയും കേന്ദ്രസർക്കാരിനെയും ലക്ഷ്യമിട്ടാണെന്നു വ്യക്തമാണെങ്കിലും മറ്റൊരു ലക്ഷ്യം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടോയെന്നും രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നു. ഇന്ത്യാ മുന്നണിക്കുള്ളിൽ നിന്നു കൊണ്ട് മറ്റൊരു മുന്നണി രൂപീകരിക്കുകയാണോ ഇതിന്റെ ലക്ഷ്യം? 22നു നടക്കുന്ന യോഗത്തിലേക്കു ക്ഷണിച്ച നേതാക്കളുടെ പട്ടിക കൂടി കാണുമ്പോൾ സംശയം ശക്തമാവുകയാണ്. അതിനിടെ ‘ഹിന്ദി വിരുദ്ധ മുന്നണി’ വടക്കു– തെക്ക് ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോ എന്ന ചോദ്യവും ശക്തം.