തൂക്കിലേറ്റിയ റിപ്പറിന്റെ സെല്ലിൽ മോഹൻലാൽ; സിനിമയെയും വെല്ലുന്ന വധശിക്ഷാ വഴികൾ
Mail This Article
ഒട്ടവ ജയിലിലെ കുടുസ്സു മുറിയിലെ കറുത്ത മരക്കസേരയിൽ അവർ ഗാരി ഗിൽമോറിനെ ബന്ധിച്ചു. കറുത്ത തുണികൊണ്ട് തല മൂടി. ഉടുപ്പിൽ ഗാരിയുടെ ഹൃദയത്തിൽ വെളുത്ത അടയാളം സ്ഥാപിച്ചു. തന്റെ മുന്നിലെ ഭിത്തിയിൽ 5 സുഷിരങ്ങൾ ഗാരി കണ്ടു. അവയിലൂടെ തന്നെ ഉന്നം വയ്ക്കുന്ന 5 റൈഫിളുകളും. തന്റെ അന്ത്യം അടുത്തുവെന്ന് ഗാരി തിരിച്ചറിഞ്ഞു. ‘‘ലെറ്റ്സ് ഡു ഇറ്റ്’’. അതായിരുന്നു ഗാരിയുടെ അവസാന വാക്കുകൾ. ഗാരിയെ ലക്ഷ്യമിട്ട തോക്കുകളിൽ ഒന്നിൽ വെടിയുണ്ട ഇല്ലായിരുന്നു. പരമ്പരാഗത നിയമം നിഷ്കർഷിച്ചതു പോലെ. യുഎസിൽ 1977ൽ നടന്ന ആ വധശിക്ഷ പൂർത്തിയായപ്പോൾ ഗാരി ഗിൽമോർ എന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചരിത്രത്തിലേക്കും കടന്നു. ക്രൂരമായ കൊലപാതക കേസിൽ ഗാരി ഗിൽമോറിനെ കോടതി തൂക്കിക്കൊല്ലാനാണ് വിധിച്ചത്. എന്നാൽ തന്നെ തൂക്കിക്കൊല്ലരുതെന്നും പകരം വെടി വച്ചു കൊല്ലണമെന്നും ഗാരി ഗിൽമോർ ആവശ്യപ്പെടുകയായിരുന്നു. ഗാരിയുടെ വധശിക്ഷ കഴിഞ്ഞ് 46 വർഷം കഴിഞ്ഞു. എന്നാൽ വധശിക്ഷ എങ്ങനെ നടപ്പാക്കണമെന്ന ചർച്ച ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽ തൂക്കുകയറിനു പകരം വധശിക്ഷ നടപ്പാക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ സൂപ്രീം കോടതി അടുത്തിടെ നിർദേശം നൽകി. യുഎസിൽ ഐഡഹോ അടക്കമുള്ള സ്റ്റേറ്റുകൾ വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്കു പകരം വെടിവച്ചു കൊല്ലാൻ പ്രത്യേക നിയമം പാസാക്കി. അതേ സമയം സിയറ ലിയോൺ, കസഖ്സ്ഥാൻ, പാപ്പുവ ന്യൂ ഗിനി, മലേഷ്യ എന്നീ രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കി. മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട് വധശിക്ഷയുടെ ചരിത്രത്തിനും. വധശിക്ഷ നില നിർത്തണോ എന്നും യാതന കുറച്ച് എങ്ങനെ നടപ്പാക്കാമെന്നും ചർച്ചയും തർക്കവും തുടരുന്നു.