കൊടകരയിലെ അനധികൃത പണമിടപാടു സംബന്ധിച്ച ആരോപണങ്ങൾക്കു കേരള പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തികച്ചും വ്യത്യസ്തമായ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമാണു നൽകിയിരിക്കുന്നത്. കുറ്റപത്രത്തിലെ ഭിന്നസ്വരങ്ങളെ പ്രതികൾ ആയുധമാക്കിയേക്കാം. ഒരു ക്രിമിനൽ കേസിന്റെ രത്നച്ചുരുക്കമാണു കുറ്റപത്രം. അതു സംക്ഷിപ്തവും സുവ്യക്തവും ആകണം. ഒരു കുറ്റകൃത്യത്തെ കുറിച്ച് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും രണ്ടു ഘട്ടങ്ങളിലായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സംസ്ഥാന പൊലീസിൽ നിന്നു സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങി കേന്ദ്ര ഏജൻസികൾ പിന്നീടു കേസ് ഏറ്റെടുക്കേണ്ടി വരുന്ന സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. സംസ്ഥാന പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുക്കുകയോ, കേസിന്റെ ഏതെങ്കിലും ഭാഗം പ്രത്യേകമായി എടുത്ത് അന്വേഷിക്കുകയോ ചെയ്യുമ്പോൾ ഇരു ഏജൻസികളും തമ്മിൽ മതിയായ ആശയവിനിമയവും ഏകോപനവും വേണം. മാത്രമല്ല, ഈ ഏജൻസികൾ കക്ഷി രാഷ്ട്രീയത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിന് അടിപ്പെടാതെ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും വേണം. കേന്ദ്ര നിയമങ്ങൾ പലതും കണിശവും ശക്തവുമാണെന്നിരിക്കെ, അവയിലെ വ്യവസ്ഥകൾ പ്രയോഗിക്കുന്ന അന്വേഷണ ഏജൻസികൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടത് ആവശ്യമാണ്. അധികാരത്തിലിരിക്കുന്നവർ അന്വേഷണ ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ഉപകരണങ്ങളാക്കുന്നതിനെതിരെ ‘പ്രകാശ് സിങ് കേസി’ൽ (2006) സുപ്രീംകോടതി ശക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും കേന്ദ്രമോ സംസ്ഥാനങ്ങളോ ഈ നിർദേശങ്ങൾ യഥാവിധി നടപ്പിലാക്കിയിട്ടില്ല. അതിനാൽ തന്നെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷികൾ അഥവാ മുന്നണികൾ തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് നിയമങ്ങളെ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.

loading
English Summary:

Contradictory Charge Sheets: A Failure of Inter-Agency Coordination in the Kodakara Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com