ഇടിക്കൂട്ടിൽ നിന്ന് വെടിയുണ്ടകളിലേക്ക്: മനു അന്ന് തീരുമാനിച്ചു, 'ഇനി ഈ തോക്ക് തൊടില്ല'; ഈ മെഡലിൽ മറയും ആ കരച്ചിൽ കാലം
Mail This Article
ഇത് ഇന്ത്യയ്ക്ക് എന്നോ ലഭിക്കേണ്ട മെഡലായിരുന്നു. എന്നാൽ ആ മെഡലിലേക്ക് എത്താൻ 12 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഒളിംപിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന നേട്ടം കൈവരിക്കുമ്പോൾ ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളൂ മനു ഭാകറിന്. ഇനിയും എത്രയെത്ര പോഡിയങ്ങള്‍ ആ വിജയത്തിന്റെ സ്വർണത്തിളക്കത്തിനായി കാത്തിരിക്കുന്നു. മൂന്ന് വർഷം മുൻപ് മനു ഭാകർ തന്റെ കന്നി ഒളിംപിക്‌സിൽ നിന്ന് വെറുംകൈയോടെയും കണ്ണീരോടെയുമാണ് മടങ്ങിയത്. ആ നഷ്ട ദിനങ്ങൾക്ക് മുകളിൽ ഇന്നവർ വിജയക്കൊടി നാട്ടിയിരിക്കുന്നു. ടോക്കിയോവിലെ തന്റെ കന്നി ഒളിംപിക്സിൽ മൂന്ന് ഇനങ്ങളിൽ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആ നിരാശ തീർത്ത് 140 കോടി ജനങ്ങളുടെയും അഭിമാനമായി മാറിയിരിക്കുകയാണിന്ന് മനു. അചഞ്ചലമായ ശ്രദ്ധയുടെയും കൃത്യതയുടെയും പ്രകടനമാണ് ജൂലൈ 28ന് പാരിസിലെ ഷൂട്ടിങ് പോഡിയത്തിൽ ലോകം കണ്ടത്. 2021ൽ ടോക്കിയോയിലെ പരാജയം പാരിസിൽ വിജയമായി തിരുത്തിക്കുറിച്ചിരിക്കുന്നു മനു. ഒളിപിക്സ് തുടങ്ങി രണ്ടാം ദിവസം തന്നെ മെഡൽ നേടി വൻ തുടക്കവുമിട്ടിരിക്കുകയാണ് മനുവിലൂടെ ഇന്ത്യയും. മനുവിന്റെ ശാന്തമായ പ്രകടനവും സമ്മർദത്തിലും പതറാതെ പോരാടാനുള്ള ശേഷിയുമാണ് പാരിസിൽ കണ്ടത്. ഓരോ ഷോട്ടിലൂടെയും തന്റെ പേര് കായിക ചരിത്രത്തിൻ്റെ ഇടങ്ങളിൽ എഴുതിച്ചേർക്കുകയായിരുന്നു അവൾ. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് രാജ്യാന്തര ഷൂട്ടിങ്ങിന്റെ നെറുകയിലേക്കുള്ള മനുവിന്റെ യാത്ര ഒട്ടേറെ പേർക്ക് പ്രചോദനം പകരുന്നതാണ്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയ ഗ്രാമത്തിൽ 2002 ഫെബ്രുവരി 18ന് ജനിച്ച മനു ഭാകർ ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർമാരിൽ ഒരാളായി അതിവേഗമാണ് ഉയർന്നത്. 10 മീറ്റർ എയർ പിസ്റ്റളിലും 25 മീറ്റർ സ്‌പോർട്‌സ് പിസ്റ്റളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലനം ഒടുവിൽ ഒളിംപിക് മെഡലിൽ എത്തിനിൽക്കുന്നു.