വീണ്ടും ഹിൻഡൻബർഗ്; ഇന്ത്യക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടൻ, ലക്ഷ്യം ആര്?
Mail This Article
അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം വൻ വെളിപ്പെടുത്തലുകളുമായി ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ പിടിച്ചുലച്ച യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലർമാരുമായ ഹിൻഡൻബർഗ് വീണ്ടും വൻ വെളിപ്പെടുത്തലിന് ഒരുങ്ങുന്നു. ഇന്ത്യക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടനെന്ന ഒറ്റവരി ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഹിൻഡൻബർഗ് റിസർച്ച് ട്വീറ്റ് ചെയ്തത്.
അദാനിക്കെതിരായ കൂടുതൽ വെളിപ്പെടുത്തലുകളാണോ അതോ മറ്റേതെങ്കിലും പ്രമുഖ കമ്പനികളെയാണോ ഹിൻഡൻബർഗ് ഉന്നമിടുന്നതെന്ന് വ്യക്തമല്ല.
അദാനിയെ ഉലച്ച വെളിപ്പെടുത്തൽ
2023 ജനുവരിയിലാണ് ഇന്ത്യൻ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ഞെട്ടിച്ച് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഹിൻഡൻബർഗ് ഉന്നയിച്ചത്. വിദേശത്ത് കടലാസ് കമ്പനികൾ രൂപീകരിച്ച്, അവ മുഖേന സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു മുഖ്യ ആരോപണം.
ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികൾ ഈടുവച്ച് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെന്നും ഹിൻഡൻബർഗ് ആരോപിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ തകർച്ചയുണ്ടായി. ഏകദേശം 15,000 കോടി ഡോളറാണ് (12.5 ലക്ഷം കോടി രൂപ) അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായത്. അദാനി ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ ഗൗതം അദാനിയുടെ ആസ്തിയും വൻ ഇടിവുണ്ടായി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന നേട്ടവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും ഇന്ത്യയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലെ പോരിനും ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലുകൾ വഴിവച്ചു. അദാനിക്കെതിരായ ആരോപണങ്ങളിന്മേൽ പിന്നീട് സെബിയും അന്വേഷണം നടത്തി. വിഷയം സുപ്രീം കോടതിയിലും ഉന്നയിക്കപ്പെട്ടെങ്കിലും ഇവ ആരോപണങ്ങൾ മാത്രമാണെന്നും വ്യക്തമായ തെളിവില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.
അദാനി ഗ്രൂപ്പിന്റെ ഓഹരിയിലും കടപ്പത്രങ്ങളിലും ഷോർട്ട്-സെല്ലിങ് നടത്തി ലാഭമുണ്ടാക്കാനാണ് ഹിൻഡൻബർഗ് ആരോപണങ്ങൾ ഉന്നയിച്ചതെന്നായിരുന്നു സെബിയുടെ വാദം. റിപ്പോർട്ട് പുറത്തുവിടും മുമ്പ് ന്യൂയോർക്ക് ആസ്ഥാനമായ ഹെഡ്ജ് ഫണ്ട് മാനേജർ മാർക്ക് കിങ്ഡണുമായി അവ ഹിൻഡൻബർഗ് പങ്കുവച്ചെന്നും റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം വഴി ഹിൻഡൻബർഗ് ലാഭമുണ്ടാക്കിയെന്നുമാണ് സെബി ആരോപിച്ചത്. എന്നാൽ, അദാനിക്കെതിരായ ആരോപണങ്ങൾ ആദ്യം ശരിവച്ച സെബി, പിന്നീട് മലക്കംമറിയുകയായിരുന്നുവെന്ന് ഹിൻഡൻബർഗ് തിരിച്ചടിച്ചിരുന്നു.
ഇതിനിടെ കടങ്ങൾ മുൻകൂറായി അടച്ചും പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചും നിക്ഷേപ വിശ്വാസം തിരികെപ്പിടിക്കാനും നഷ്ടങ്ങൾ വീണ്ടെടുക്കാനും അദാനി ഗ്രൂപ്പ് ശ്രമിച്ചു. ഹിൻഡൻബർഗ് ആരോപണങ്ങൾ വരുത്തിവച്ച നഷ്ടത്തിൽ നിന്ന് ഏറെക്കുറി അദാനി ഗ്രൂപ്പ് കരകയറിയെങ്കിലും നഷ്ടം പൂർണമായും നികത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.