ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ജൊഹാനാസ്ബർഗ്∙ വിക്കറ്റ് ആഘോഷങ്ങളിൽ എക്കാലവും വ്യത്യസ്തത സൂക്ഷിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ചൈനമാൻ ബോളർ ടബരേസ് ഷംസി. അതിന് ഐസിസിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്ത്, ആഘോഷങ്ങളിലെ വൈവിധ്യം അങ്ങനങ്ങ് അവസാനിപ്പിക്കാൻ ഷംസിക്ക് ഉദ്ദേശ്യമില്ല. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാൻസി സൂപ്പർ ലീഗിനിടെ കഴിഞ്ഞ ദിവസം ഷംസി വിക്കറ്റ് നേട്ടം ആഘോഷിച്ചത് പുതിയൊരു രീതിയിലാണ്. ആരാധകരുടെയും ക്യാമറക്കണ്ണുകളുടെയും മുന്നിൽ ഉഗ്രനൊരു മാജിക് കാട്ടിക്കൊണ്ട്!

മാൻ‌സി സൂപ്പർലീഗിൽ പാൾ റോക്സിന്റെ താരമായ ഷംസി, ഡർബൻ ഹീറ്റ്സിനെതിരായ മത്സരത്തിലാണ് മാജിക്കിന്റെ അകമ്പടിയോടെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാൾ റോക്സ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 195 റൺസാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡർബൻ ഹീറ്റ്സിന്റെ വിഹാൻ ലുബ്ബിനെ പുറത്താക്കിയപ്പോഴാണ് ഷംസി മാജിക് പുറത്തെടുത്തത്.

ഡർബൻ ഹീറ്റ്സ് ഇന്നിങ്സിലെ 14–ാം ഓവറിലാണ് സംഭവം. ഷംസിയുടെ പന്ത് ഉയർത്തിയടിച്ച ലുബ്ബിനു പിഴച്ചു. പന്ത് നേരെ ഹാർദൂസ് വിൽജോയന്റെ കൈകളിലെത്തി. വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഷംസി പോക്കറ്റിൽനിന്ന് ഒരു ചുവന്ന തുണി പുറത്തെടുത്തു. ആരാധകർ നോക്കിയിരിക്കെ ഷംസിയുടെ കയ്യിലിരുന്ന തുണി ഒരു വടി പോലെ തോന്നിക്കുന്ന ഒന്നായി രൂപം മാറി. ഇതിന്റെ വിഡിയോ മാൻസി സൂപ്പർ ലീഗിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുമുണ്ട്. മത്സരത്തിൽ നാല് ഓവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ഷംസി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഡർബൻ ഹീറ്റ്സ് ഏഴു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

∙ ഐസിസി വിലക്കിയ ആഘോഷം

മുൻപും ഇത്തരം ‘വിചിത്രമായ’ വിക്കറ്റ് ആഘോഷങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് ഷംസി. മാൻസി സൂപ്പർ ലീഗിന്റെ മുൻസീസണിൽ ഷംസി നടത്തിയ ഇത്തരമൊരു ആഘോഷം ഐസിസിയുടെ അപ്രീതിക്കു കാരണമാകുകയും ചെയ്തു. അന്ന് വിക്കറ്റ് നേട്ടത്തിനു പിന്നാലെ മജീഷ്യൻ മാസ്ക് ധരിച്ചാണ് ഷംസി വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഈ ആഘോഷം ഷംസി തന്നെ ട്വിറ്ററിലും പോസ്റ്റ് ചെയ്തു. പക്ഷേ ഐസിസിക്ക് അതത്ര പിടിച്ചില്ല. ഇത്തരം ആഘോഷങ്ങൾ ഇനി വേണ്ടെന്ന് ഷംസിയെയും ടീമിനെയും ഐസിസി അറിയിച്ചു.

കളിക്കളത്തിൽ കടുത്ത സമ്മർദ്ദമാണ് നേരിടുന്നതെന്നും അതിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗമാണ് ഇത്തരം ആഘോഷങ്ങളെന്നുമായിരുന്നു അന്ന് ഷംസിയുടെ വിശദീകരണം.

∙ ഷൂ ഫോണാക്കിയ ആഘോഷം

അടുത്തിടെ ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ പര്യടനത്തിനെത്തിയപ്പോഴും ഷംസിയുടെ വിചിത്രമായൊരു വിക്കറ്റ് ആഘോഷം കണ്ടു. പരമ്പരയിലെ മൂന്നാം ട്വന്റി20യിൽ ശിഖർ ധവാനെ പുറത്താക്കിയപ്പോഴാണ് ഷംസി വ്യത്യസ്തമായി അത് ആഘോഷിച്ചത്. ധവാനെ പുറത്താക്കിയതിനു പിന്നാലെ ഷൂ ഊരി ചെവിയോടു ചേർത്തുവച്ച് ഫോൺ വിളിക്കുന്നതു പോലെയായിരുന്നു ഷംസിയുടെ ആഘോഷപ്രകടനം. വിചിത്രമായ ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും കനത്ത വിമർശനം വരുത്തിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ട്വിറ്ററിലൂടെ ഷംസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

മൂന്നാം ട്വന്റി20യിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ നിരയിൽ, ഒഴുക്കോടെ ബാറ്റു ചെയ്ത ഏക താരം ശിഖർ ധവാനായിരുന്നു. രോഹിത്തിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ െചയ്ത ധവാൻ 25 പന്തിൽ 36 റൺസെടുത്താണ് പുറത്തായത്. ഇതിനിടെ ടബേരാസ് ഷംസിക്കെതിരെ തുടർച്ചയായി രണ്ടു സിക്സും നേടി. എന്നാൽ, തൊട്ടടുത്ത ഓവറിൽ ധവാനെ പുറത്താക്കിയതിനു പിന്നാലെയാണ് ഷൂ ഫോണാക്കിയുള്ള വിചിത്ര ആഘോഷം അരങ്ങേറിയത്. സംഭവം വിവാദമായതോടെ തന്റെ വിക്കറ്റ് ആഘോഷത്തിന്റെ ചിത്രം സഹിതമാണ് ഷംസി വിശദീകരണവുമായി രംഗത്തെത്തിയത്. ഇതിനൊപ്പം ധവാനൊപ്പമുള്ള മറ്റൊരു ചിത്രവും ഷംസി പങ്കുവച്ചു. തന്റെ ആഘോഷം ധവാനോടോ ഇന്ത്യൻ താരങ്ങളോടോ ഉള്ള ബഹുമാനക്കുറവല്ലെന്ന് ഷംസി വ്യക്തമാക്കി.

‘ബഹുമാനക്കുറവല്ല... സ്നേഹം, ആനന്ദം, വിനോദം മാത്രം ! തുടർച്ചയായ പന്തുകളിൽ എന്നെ ഗാലറിയിലേക്ക് ഓടിക്കുന്നതിനു മുൻപ് എന്തുകൊണ്ട് ഒരു മുന്നറിയിപ്പു പോലും നൽകിയില്ലെന്ന് ഞാൻ ആ വലിയ മനുഷ്യനോടു ചോദിച്ചു’ – ഷംസി ട്വിറ്ററിൽ കുറിച്ചു. ഷംസിയുടെ വിക്കറ്റ് ആഘോഷം ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിനുള്ള ആദരവാണെന്ന് സഹതാരം റാസി വാൻഡർ ദസ്സനും വിശദീകരിച്ചിരുന്നു.

English Summary: South Africa wrist-spinner Tabraiz Shamsi has come up with another bizarre signature celebration. He was seen performing a magic trick on the field in the ongoing Mzansi Super League.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com