ADVERTISEMENT

ദുബായ് ∙ കോവിഡ് 19 രോഗവ്യാപനത്തിൽ അയവില്ലാത്ത സാഹചര്യത്തിൽ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവച്ചു. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ടൂർണമെന്റ് നീട്ടുമെന്ന് മാസങ്ങളായി സൂചനകളുണ്ടായിരുന്നുവെങ്കിലും ഇന്നലെ ചേർന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യോഗത്തിലാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. 

ഇതോടെ ഈ കാലയളവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് നടക്കുമെന്നും ഏറെക്കുറെ ഉറപ്പായി. പുതുക്കിയ ഐസിസി കലണ്ടർ പ്രകാരം അടുത്ത 3 വർഷങ്ങളിൽ 3 ലോകകപ്പ് ടൂർണമെന്റുകളാണ് നടക്കുക. അടുത്ത രണ്ടു വർഷങ്ങളിലും ട്വന്റി20 ലോകകപ്പുകളും 2023ൽ ഏകദിന ലോകകപ്പും. അടുത്ത വർഷം ന്യൂസീലൻഡ‍് ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പിന്റെ നടത്തിപ്പും വിലയിരുത്തി വരികയാണെന്ന് ഐസിസി അറിയിച്ചു. 

കോവി‍ഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ വർഷം ട്വന്റി20 ലോകകപ്പ് നടത്താൻ പ്രയാസമായിരിക്കുമെന്ന് കഴിഞ്ഞ മേയിൽത്തന്നെ ഓസ്ട്രേലിയ ഐസിസിയെ അറിയിച്ചിരുന്നു. 

ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഐപിഎൽ നടത്താനുള്ള ശ്രമത്തിലായിരുന്നു ബിസിസിഐ. ടൂർണമെന്റിന്റെ ഘടനയെക്കുറിച്ച് അഭ്യൂഹങ്ങൾ പലതും ഉയരുന്നുണ്ടെങ്കിലും അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ ഐപിഎൽ എഡിഷൻ യുഎഇയിലേക്കു മാറ്റാൻ ബിസിസിഐ തീരുമാനിച്ചേക്കും. ഇന്ത്യയി‍ൽത്തന്നെ 2 നഗരങ്ങളിലായി ടൂർണമെന്റ് നടത്താനുളള സാധ്യതയും പരിഗണിക്കുന്നുണ്ട്.

3 വർഷം, 3 ലോകകപ്പുകൾ!

ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവച്ചവെങ്കിലും ക്രിക്കറ്റ് പ്രേമികളെ അടുത്ത 3 വർഷം കാത്തിരിക്കുന്നത് 3 ലോകകപ്പുകൾ. 

2021 ഒക്ടോബർ–നവംബർ: ട്വന്റി20 ലോകകപ്പ്, ഫൈനൽ–നവംബർ 14

2022 ഒക്ടോബർ–നവംബർ: ട്വന്റി20 ലോകകപ്പ്, ഫൈനൽ– നവംബർ 13

2023 ഒക്ടോബർ–നവംബർ: ഏകദിന ലോകകപ്പ്, ഫൈനൽ– നവംബർ 26 

ഇതിൽ ഏകദിന ലോകകപ്പിന്റെ വേദി ഇന്ത്യ തന്നെ. ട്വന്റി20 ലോകകപ്പുകളുടെ വേദികൾ പിന്നീട്. നേരത്തേയുള്ള മത്സരക്രമമനുസരിച്ച് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടിയിരുന്നത്.

ബലോൻ ദ് ഓർ ഈ വർഷമില്ല

പാരിസ് ∙ കോവിഡ് മൂലം ഫുട്ബോൾ മത്സരങ്ങളുടെ സമയക്രമം തെറ്റിയതിനാൽ ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ഈ വർഷമുണ്ടാകില്ലെന്ന് സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാസിക അറിയിച്ചു. 64 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പുരസ്കാരം നൽകാതിരിക്കുന്നത്. ബാർസിലോന താരം ലയണൽ മെസ്സിയാണ് കഴിഞ്ഞ വർഷം മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയത്. അമേരിക്കൻ താരം മേഗൻ റപീനോ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.

English Summary: Covid spread T20 World Cup-Cricket cancelled; Ballon d'Or 2020 cancelled

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com