ADVERTISEMENT

മൗണ്ട് മാൻഗിനുയി∙ ട്വന്റി20യിലും ഏകദിനത്തിലും മാത്രമല്ല, അട്ടിമറി ടെസ്റ്റ് ക്രിക്കറ്റിലും സാധ്യമാണ് എന്നു ബംഗ്ലദേശ് തെളിയിച്ചു! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കളും ലോക റാങ്കിങ്ങിൽ 2–ാം സ്ഥാനക്കാരുമായ ന്യൂസീലൻഡിനെ ടെസ്റ്റ് റാങ്കിങ്ങിൽ 9–ാം സ്ഥാനത്തുള്ള ബംഗ്ലദേശ് അട്ടിമറിച്ചു, അതും പേസ് വിക്കറ്റിനു പേരുകേട്ട കിവീസിന്റെ സ്വന്തം മണ്ണിൽ. സ്കോർ- ന്യൂസീലൻഡ്: 368,169; ബംഗ്ലദേശ്: 458,42–2.

5 വിക്കറ്റ് നഷ്ടത്തിൽ 147 എന്ന സ്കോറിൽ 5–ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച കിവീസിന് 22 റൺസ് കൂടി മാത്രമാണു കൂട്ടിച്ചേർക്കാനായത്. റോസ് ടെ‌യ്‌ലറെ (40) എബാദത്ത് ഹൊസൈൻ ബോൾഡാക്കിയതോടെ തന്നെ കിവീസിന്റെ പതനം ഉറപ്പായിരുന്നു. രചിന്‍ രവീന്ദ്രയെ (16) ടാസ്കിൻ അഹമ്മദ് പുറത്താക്കി. കൈൽ ജെയ്മിസൻ (0), ടിം സൗത്തി (0) എന്നിവർ വന്നതും പോയതും അറിഞ്ഞില്ല. ട്രെന്റ് ബോൾട്ടിനെ (8) പുറത്താക്കിയ മെഹ്ദി ഹസ്സൻ കിവീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടു.

21 ഓവറിൽ 46 റൺസിന് 6 വിക്കറ്റെടുത്ത ഹൊസൈനും 36 റൺസിനു 3 വിക്കറ്റ് വീഴ്ത്തിയ ടാസ്കിൻ അഹമ്മദും ചേർന്നാണു 2–ാം ഇന്നിങ്സിൽ കിവീസിനെ എറിഞ്ഞൊതുക്കിയത്. 

40 റൺസ് വിജലയക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഷാദ്മാൻ ഇസ്‌ലാം (3), നജ്മുൽ ഹൊസൈൻ ഷാന്റോ (17) എന്നിവരുടെ വിക്കറ്റുകൾ മാത്രം നഷ്ടമാക്കി ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ മോമിനുൽ ഹഖ് (13), മുഷ്ഫിഖുർ റഹീം (5) എന്നിവർ പുറത്താകാതെ നിന്നു. 5–ാം ദിവസത്തെ ആദ്യ സെഷനിൽത്തന്നെ മത്സരം അവസാനിച്ചു.

2 ഇന്നിങ്സിലുമായി 7 വിക്കറ്റെടുത്ത എബാദത്ത് ഹൊസൈനാണു മാൻ ഓഫ് ദ് മാച്ച്. 2 മത്സര പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച തുടങ്ങും. 

ന്യൂസീലൻഡ് മണ്ണിൽ ക്രിക്കറ്റിന്റെ ഏതൊരു ഫോര്‍മാറ്റിലുമുള്ള ആദ്യ ജയമാണു ബംഗ്ലദേശ് കുറിച്ചത്. ഇതിനു മുൻപു ന്യൂസീലൻഡിൽ കളിച്ച 9 ടെസ്റ്റ് അടക്കമുള്ള 32 മത്സരങ്ങളിലും ബംഗ്ലദേശിനു തോൽവിയായിരുന്നു ഫലം. ബംഗ്ലദേശിനു പുറത്തു കളിച്ച 61 ടെസ്റ്റുകളിൽ 6–ാം ജയമാണു സന്ദർശകർ ബുധനാഴ്ച കുറിച്ചത്.

കഴിഞ്ഞ 4 വർഷത്തിനിടെ നാട്ടിൽ ആദ്യമായാണു ന്യൂസീലൻഡ് ഒരു ടെസ്റ്റ് മത്സരം തോക്കുന്നത്.  

 

 

English Summary: Bangladesh vs New Zealand: Bangladesh Crush New Zealand To Score Historic Test Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com