ന്യൂയോർക്കിൽ കറങ്ങി സ്റ്റോയ്നിസും കാമുകിയും, ആളറിയാതെ ചിത്രമെടുത്ത് സ്ട്രീറ്റ് ഫൊട്ടോഗ്രഫർ
Mail This Article
ന്യൂയോർക്ക്∙ ആളറിയാതെ ഓസ്ട്രേലിയ ക്രിക്കറ്റ് താരം മാർക്കസ് സ്റ്റോയ്നിസിന്റെയും കാമുകി സാറയുടേയും ചിത്രങ്ങൾ പകർത്തി യുഎസ് സ്ട്രീറ്റ് ഫൊട്ടോഗ്രഫർ. യുഎസ് മേജർ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി ഓസ്ട്രേലിയൻ ഓള്‍റൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് ഇപ്പോൾ യുഎസിലുണ്ട്. ക്രിക്കറ്റ് താരത്തെ തിരിച്ചറിയാതിരുന്ന ഫൊട്ടോഗ്രഫർ ഡേവിഡ് ഗെറേറോ ഫോട്ടോയെടുക്കാൻ സഹകരിക്കുമോയെന്ന് ഇവരോടു ചോദിക്കുകയായിരുന്നു. ആദ്യം വലിയ താൽപര്യം കാണിക്കാതിരുന്ന സ്റ്റോയ്നിസ് ഡേവിഡിന്റെ ചിത്രങ്ങൾ കണ്ടതോടെ ഫോട്ടോയെടുക്കാൻ റെഡിയാകുകയായിരുന്നു.
തുടർന്ന് ന്യൂയോർക്കിലെ ഒരു തെരുവിൽവച്ച് സ്റ്റോയ്നിസും കാമുകി സാറയും ഫോട്ടോയ്ക്കായി പോസ് ചെയ്തു. ‘‘ബ്യൂട്ടിഫുൾ ഓസ്ട്രേലിയൻ കപ്പിൾ’’ എന്നു പറഞ്ഞാണ് ഡേവിഡ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) ഇവരുടെ വിഡിയോ പങ്കുവച്ചത്. വിഡിയോയിലുള്ളത് സ്റ്റോയ്നിസ് ആണെന്ന് ക്രിക്കറ്റ് ആരാധകർ കണ്ടെത്തിയപ്പോഴാണ് ഫൊട്ടോഗ്രഫർക്കു മനസ്സിലാകുന്നത്. ഓസ്ട്രേലിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്രിക്കറ്റ് ആരാധകർ വിഡിയോയും ചിത്രങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
സൂപ്പർ താരത്തിന്റെ ചിത്രങ്ങള്‍ ഡേവിഡ് തന്നെ എക്സ് പ്ലാറ്റ്ഫോമിൽ സ്റ്റോയ്നിനെ പരാമർശിച്ചുകൊണ്ടു പങ്കുവച്ചിട്ടുണ്ട്. ‘‘ആരൊക്കെയാണ് വരികയെന്ന് നിങ്ങൾക്കൊരിക്കലും മനസ്സിലാകില്ല. അതുകൊണ്ടാണ് ഞാൻ ഇത് ആസ്വദിക്കുന്നത്.’’– ഡേവിഡ് പ്രതികരിച്ചു. മേജര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സാന്‍ ഫ്രാന്‍സിസ്കോ യൂണികോൺസിന്റെ താരമാണ് സ്റ്റോയ്നിസ്.
English Summary: American photographer does not recognize Marcus Stoinis, asks cricketer and his girlfriend to pose for photography