‘അനാവശ്യമായതൊന്നും വേണ്ട, പാണ്ഡ്യയ്ക്ക് സമ്മർദമുണ്ടാകും, മുംബൈയിൽ എന്തു നടക്കുമെന്നു നോക്കാം’
Mail This Article
മുംബൈ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇപ്പോൾ നേരിടേണ്ടിവരുന്ന വിമർശനങ്ങൾക്കു ചെവി കൊടുക്കരുതെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. അനാവശ്യമായ എല്ലാത്തിനേയും പാണ്ഡ്യ തടയേണ്ട സമയമാണ് ഇതെന്നും സ്മിത്ത് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘ഞാനായിരുന്നെങ്കിൽ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കില്ലായിരുന്നു. ആരാധകരുടെ പ്രതികരണങ്ങൾ ചിലപ്പോൾ പാണ്ഡ്യയെ ബാധിച്ചിരിക്കാം. മുൻപ് ഇങ്ങനെയൊന്ന് അദ്ദേഹം അനുഭവിച്ചിട്ടുണ്ടായിരിക്കില്ല.’’– സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.
പന്തു ചുരണ്ടൽ വിവാദത്തിൽ ക്രിക്കറ്റ് ആരാധകര്‍ സ്റ്റീവ് സ്മിത്തിനെതിരെ മുൻപ് വൻ വിമർശനം ഉയർത്തിയിരുന്നു.‘‘ആരാധകർ എതിരാകുന്ന അനുഭവം ഒരു ഇന്ത്യൻ താരത്തിന് മുൻപ് ഉണ്ടാകാൻ സാധ്യതയില്ല. വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് ഹാർദിക് പാണ്ഡ്യ ഇപ്പോൾ കടന്നുപോകുന്നത്. ആദ്യ രണ്ടു മത്സരങ്ങൾ മുംബൈ ഇന്ത്യൻസ് തോറ്റു. ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്ന രോഹിത് ശർമയ്ക്കു പകരമായിട്ടാണ് അദ്ദേഹം ചുമതലയേറ്റത്. നല്ല രീതിയിലല്ല പാണ്ഡ്യയ്ക്കു തുടങ്ങാൻ സാധിച്ചത്.’’
‘‘പാണ്ഡ്യ ചിലപ്പോൾ സമ്മർദത്തിലായിരിക്കാം. മുംബൈയിലെ ഹോം ഗ്രൗണ്ടിൽ അവർക്ക് എന്തു തരം സ്വീകരണമാണു ലഭിക്കുകയെന്നു നോക്കാം. രോഹിത് എത്ര വലിയ താരമാണെന്നും സ്റ്റേഡിയത്തിൽ എത്ര പേർ അദ്ദേഹത്തിന്റെ ആരാധകരായിട്ടുണ്ടാകുമെന്നും നമുക്ക് അറിയാം.’’– സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു. തിങ്കളാഴ്ച രാജസ്ഥാന്‍ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.