കോലി വെള്ളിയാഴ്ച യുഎസിലെത്തിയേക്കും; ബംഗ്ലദേശിനെതിരെ കളിക്കില്ല, പകരം സഞ്ജു സാംസൺ ഇറങ്ങും
Mail This Article
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ക്യാംപിൽ വിരാട് കോലി എന്നു ചേരുമെന്ന് കാര്യത്തിൽ വ്യക്തതയില്ലാതെ ബിസിസിഐ. ഐപിഎലിനു ശേഷം ഇടവേളയെടുത്തിരിക്കുന്നത് താരം, നാട്ടിൽ കുടുംബത്തോടൊപ്പമാണ്. കഴിഞ്ഞ ദിവസം ഭാര്യ അനുഷ്ക ശര്‍മയ്ക്കു മുന്‍ താരം സഹീര്‍ ഖാനുമൊപ്പം വിരാട് കോലി മുംബൈയിലെ ഹോട്ടലില്‍ എത്തിയിരുന്നു.
യുകെയിലായിരുന്ന ഹാർദിക് പാണ്ഡ്യയും ദുബായിൽ നിന്നു സഞ്ജു സാംസണും ടീമിനൊപ്പം ചേർന്നതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ 14 പേരും ന്യൂയോർക്കിലെത്തി. ഇനി എത്താനുള്ളതു വിരാട് കോലി മാത്രമാണ്. വെള്ളിയാഴ്ച കോലി യുഎസിലെത്തുമെന്നു സൂചനയുണ്ട്. അങ്ങനെയാണെങ്കിലും ദീർഘയാത്രയ്ക്കുശേഷം ജൂൺ ഒന്നിനു ബംഗ്ലദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തിൽ കോലി കളിച്ചേക്കില്ല.
ഈ മാസം 22നാണ് കോലി ഐപിഎല്‍ എലിമിനേറ്ററില്‍ കളിച്ചത്. ഇതിനുശേഷം ക്വാളിഫർ കളിച്ച സഞ്ജു സാംസൺ, യുസ്‌വേന്ദ്ര ചെഹല്‍, യശസ്വി ജയ്സ്വാള്‍, ആവേശ് ഖാന്‍, ഫൈനലിൽ കളിച്ച റിസർവ് താരം റിങ്കു സിങ്ങ് എന്നിവരെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ യുഎസിലെത്തി ടീമിനൊപ്പം ചേര്‍ന്നു. കോലി കളിക്കില്ലെങ്കിൽ സന്നാഹമത്സരത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലും അതനുസരിച്ച് മാറ്റം വന്നേക്കാം.
വിരാട് കോലിക്കു പകരം മൂന്നാം നമ്പറിൽ സഞ്ജു സാംസൺ ഇറങ്ങിയേക്കും. വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് തന്നെയാകും പ്ലെയിങ് ഇലവനിലുണ്ടാകുക. ഓപ്പണർമാരായി ക്യാപ്റ്റൻ രോഹിത് ശർമയും യശ്വസി ജയ്സ്വാളും. ഐപിഎലിലിൽ ഓപ്പണറായി തിളങ്ങിയ കോലിയെ ടൂർണമെന്റിൽ ജയ്‌സ്വാളിനു പകരം ഓപ്പണറാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അതിനുള്ള സാധ്യത കുറവാണ്. നാലാം പൊസിഷനിൽ സൂര്യകുമാർ യാദവിന്റെ സ്ഥാനം ഉറപ്പാണ്. ഓൾറൗണ്ടറായി വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലുണ്ടാകും.
സ്പിന്നിനെ തുണയ്ക്കുന്ന യുഎസിലെ പിച്ചിൽ മൂന്നു സ്പിന്നർമാരുമായിട്ടാകും ഇന്ത്യ ഇറങ്ങുക. അങ്ങനെയെങ്കിൽ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർക്കാകും അവസരം. പേസർമാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാകും പ്ലേയിങ് ഇലവനിലുണ്ടാകുക. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയുടെ 3 മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്ക് നാസോ കൗണ്ടി സ്റ്റേഡിയമാണ് സന്നാഹ മത്സരത്തിന്റെയും വേദി. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.