കാഴ്സ്, ആദിൽ, ലിവിങ്സ്റ്റൺ 10 ഓവറിൽ 57 റൺസ് വഴങ്ങി 5 വിക്കറ്റ്, ആർച്ചർ ഒറ്റയ്ക്ക് 4 ഓവറിൽ 60; കാഴ്സിനെ റണ്ണൗട്ടാക്കിയും സഹായം– വിഡിയോ

Mail This Article
ചെന്നൈ∙ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ അവസാനം വരെ പിടിച്ചുനിന്ന് ഇന്ത്യയുടെ രക്ഷകനായത് യുവതാരം തിലക് വർമയാണെങ്കിലും, ഇന്ത്യൻ വിജയത്തിനു പിന്നിൽ ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചറിന്റെ ‘സംഭാവന’യും കാണാതെ പോകാനാകില്ല! മത്സരത്തിലാകെ നാല് ഓവറിൽ 60 റൺസ് വഴങ്ങിയ ജോഫ്ര ആർച്ചറിന്റെ സ്പെൽ ഇല്ലായിരുന്നെങ്കിൽ, അവസാന ഓവർ വരെയെത്തിയ ആവേശപ്പോരാട്ടത്തിന് ഇത്ര ആവേശമുണ്ടാകില്ലായിരുന്നുവെന്ന് തീർച്ച. ബോളിങ്ങിൽ മാത്രമല്ല, ബാറ്റിങ്ങിനിടെ മികച്ച സ്ട്രോക്ക് പ്ലേയുമായി മുന്നേറിയ ബ്രൈഡൻ കാഴ്സിനെ റണ്ണൗട്ടാക്കിയും ആർച്ചർ ഇന്ത്യയെ ‘സഹായിച്ചു’. 17 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസെടുത്തു നിൽക്കെയാണ് കാഴ്സിനെ ആർച്ചർ റണ്ണൗട്ടാക്കിയത്.
ഇംഗ്ലിഷ് ബോളർമാരിൽ ബ്രൈഡൻ കാഴ്സ്, ആദിൽ റഷീദ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ചേർന്ന് 10 ഓവറിൽ 57 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി മത്സരം ‘ടൈറ്റ്’ ആക്കിയപ്പോഴാണ്, നാല് ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത് ആർച്ചറിന്റെ ധാരാളിത്തം. ആകെ കിട്ടിയത് ഓപ്പണർ സഞ്ജു സാംസണിന്റെ വിക്കറ്റും.
തുടക്കം മുതൽ മറ്റു ബോളർമാർ ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോൾ, മറുവശത്ത് സമ്മർദ്ദം അഴിച്ചുവിട്ട് ഇന്ത്യയെ ‘സഹായിച്ചത്’ ആർച്ചറാണെന്നു കാണാം. ആദ്യ ഓവറിൽത്തന്നെ അഭിഷേക് ശർമയുടെ പ്രഹരമേറ്റു വാങ്ങിയ ആർച്ചർ മൂന്നു ബൗണ്ടറി സഹിതം വഴങ്ങിയത് 13 റൺസാണ്. അടുത്ത ഓവറിൽ 11 റൺസ്. ആദ്യ നാല് ഓവറിൽ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലായിരുന്നു. ഓപ്പണർമാരെ നഷ്ടമായതോടെ സമ്മർദ്ദത്തിലായ അവസ്ഥ. ഇതിൽ സഞ്ജുവിനെ പുറത്താക്കിയത് ആർച്ചറും.
എന്നാൽ, അഞ്ചാം ഓവർ എറിയാനെത്തിയ ആർച്ചറിനെതിരെ തിലക് വർമയുടെ ക്രൂരമായ കടന്നാക്രമണമാണ് ചെപ്പോക്കിൽ വിജയം നേടാമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കു നൽകിയത്. ഈ ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം ആർച്ചർ 17 റൺസാണ് വഴങ്ങിയത്.
പിന്നീട് ബോളിങ്ങിൽനിന്ന് പിൻവലിക്കപ്പെട്ട ആർച്ചർ, ഇന്ത്യ 15 ഓവറിൽ ഏഴിന് 126 റൺസ് എന്ന നിലയിൽ തകരുമ്പോഴാണ് അവസാന ഓവർ എറിയാനെത്തുന്നത്. ഈ സമയത്ത് മൂന്നു വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 40 റൺസ്. തിലക് വർമ പുറത്തായാൽ തോൽവി ഉറപ്പുള്ള ഘട്ടം.
ഈ ഓവറിൽ ആർച്ചറിനെതിരെ ഇരട്ട സിക്സും ഫോറും സഹിതം തിലക് വർമയും അർഷ്ദീപ് സിങ്ങും ചേർന്ന് 19 റൺസ് അടിച്ചെടുത്തതാണ് നിർണായകമായത്. ഇതോടെ 3 വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ വിജയലക്ഷ്യം 24 പന്തിൽ 21 റൺസ് എന്ന നിലയിലായി. ആദിൽ റഷീദ് എറിഞ്ഞ അടുത്ത ഓവറിൽ ഒരു വിക്കറ്റ് നഷ്ടമാക്കി ഒരു റൺ മാത്രം നേടിയിട്ടുപോലും ഇന്ത്യയ്ക്ക് വിജയം പിടിക്കാനായത് ആർച്ചറിന്റെ ‘കൈ അയച്ചുള്ള സഹായം’ ഒന്നുകൊണ്ടു മാത്രം.