18 മാസത്തോളം അകന്നു കഴിഞ്ഞു, ചെഹലും ധനശ്രീയും കോടതിയിൽ; 60 കോടി ചോദിച്ചിട്ടില്ലെന്ന് കുടുംബം

Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും വിവാഹബന്ധം വേര്‍പെടുത്തുന്നതിന്റെ ഭാഗമായി കോടതിയിലെത്തി. മുംബൈ ബാന്ധ്ര കുടുംബ കോടതിയിലാണ് ചെഹലും ധനശ്രീയും വ്യാഴാഴ്ച എത്തിയത്. ഇരുവരും കോടതിയുടെ നിർദേശ പ്രകാരം 45 മിനിറ്റോളം കൗൺസിലിങ്ങിനു വിധേയരായി. പരസ്പര ധാരണയോടെ പിരിയാനാണു തീരുമാനമെന്നു ചെഹലും ധനശ്രീയും കോടതിയെ അറിയിച്ചതായാണു വിവരം.
ഒത്തുപോകാൻ ബുദ്ധിമുട്ടാണെന്നും പിരിയുന്നതാണു നല്ലതെന്നുമാണ് ചെഹലിന്റെയും ധനശ്രീയുടേയും നിലപാട്. ബന്ധം വഷളായതിനെ തുടർന്ന് 18 മാസത്തോളമായി ഇരുവരും അകന്നു കഴിയുകയാണ്. വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചെഹൽ ധനശ്രീക്ക് 60 കോടി രൂപ ജീവനാംശം നൽകുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് അടിസ്ഥാന രഹിതമായ കാര്യമാണെന്ന് ധനശ്രീയുടെ കുടുംബം പ്രതികരിച്ചു.
‘‘60 കോടി രൂപ ജീവനാംശമായി ലഭിക്കുമെന്നുള്ളതു യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം മാത്രമാണ്. അങ്ങനെയൊരു തുക ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. ഇങ്ങോട്ടു തരാമെന്ന് അവർ പറഞ്ഞിട്ടുമില്ല. ധനശ്രീയെയും ചെഹലിനെയും മാത്രമല്ല അവരുടെ കുടുംബങ്ങളെയും അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുകയാണ്.’’– ധനശ്രീയുടെ കുടുംബം പ്രസ്താവനയിൽ അറിയിച്ചു. 2020 ഡിസംബറിലാണ് ചെഹലും കോറിയോഗ്രാഫറായ ധനശ്രീയും വിവാഹിതരാകുന്നത്.