മുംബൈയെ തകർത്തെറിഞ്ഞു, 80 റൺസ് വിജയം; രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് എതിരാളികൾ വിദർഭ

Mail This Article
നാഗ്പൂർ∙ രഞ്ജി ട്രോഫി ഫൈനലിൽ കേരളവും വിദർഭയും ഏറ്റുമുട്ടും. നാഗ്പൂരിൽ നടന്ന രണ്ടാം സെമി ഫൈനലിൽ മുംബൈയ്ക്കെതിരെ 80 റൺസ് വിജയം നേടിയാണ് വിദർഭ ഫൈനൽ പോരാട്ടത്തിനു യോഗ്യത നേടിയത്. ഫെബ്രുവരി 26നാണു ഫൈനൽ മത്സരം തുടങ്ങുന്നത്.
406 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ 97.5 ഓവറിൽ 325 റൺസെടുത്തു പുറത്തായി. 124 പന്തിൽ 66 റണ്‍സെടുത്ത ഷാർദൂൽ ഠാക്കൂറാണ് രണ്ടാം ഇന്നിങ്സിൽ മുംബൈയുടെ ടോപ് സ്കോറർ. അവസാന പന്തുകളിൽ മോഹിത് അവസ്തിയും (43 പന്തിൽ 34), റോയ്സ്റ്റൻ ഡയസും (26 പന്തുകളിൽ 23) പൊരുതി നോക്കിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മുന്‍നിര തകർന്നതോടെ വാലറ്റക്കാരുടെ നേതൃത്വത്തിലായിുന്നു മുംബൈയുടെ പ്രതിരോധം.
മുംബൈ ക്യാപ്റ്റൻ അജിൻക്യ രഹാനെ (39 പന്തിൽ 12), ശിവം ദുബെ (33 പന്തിൽ 12), സൂര്യകുമാർ യാദവ് (20 പന്തിൽ 20) എന്നിവർക്കു തിളങ്ങാൻ സാധിച്ചില്ല. ഓപ്പണർ ആകാശ് ആനന്ദ് 39 റൺസെടുത്തപ്പോൾ ആയുഷ് മാത്രെ (18) നിരാശപ്പെടുത്തി. മധ്യനിരയിൽ ഷംസ് മുലാനിയും ഷാർദൂൽ ഠാക്കൂറും ചേർന്നതോടെയാണ് മുംബൈ സ്കോർ 200 പിന്നിട്ടത്. ഇരുവരും ചേർന്ന് 103 റൺസ് കൂട്ടിച്ചേർത്തു.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിദർഭ 383 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. മുംബൈയുടെ ആദ്യ ഇന്നിങ്സിലെ പ്രകടനം 270 ൽ അവസാനിച്ചതോടെ വിദര്‍ഭയ്ക്ക് 113 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്സിൽ വിദർഭ 292 റൺസിന് ഓൾഔട്ടായിരുന്നു.