ADVERTISEMENT

2014 ഒക്ടോബര്‍ 12ന്റെ കൊല്‍ക്കത്ത സന്ധ്യ ഇപ്പോഴും മായാതെ ഓര്‍മകളിലുണ്ട്. സാള്‍ട്ട് ലേക്കിലെ സെന്റര്‍ സര്‍ക്കിളില്‍നിന്ന് ഇന്ത്യയുടെ പുതു ഫുട്‌ബോള്‍ ചരിത്രം ചലിച്ചു തുടങ്ങിയ ദിവസം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന വിപ്ലവത്തിന് തീ കൊളുത്തപ്പെട്ട ദിവസം. 

പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി ഒരു ദേശീയ ഫുട്‌ബോള്‍ മത്സരം മലയാളം ടെലിവിഷനിലേക്കു കടന്നു വരുന്നതിന്റെ എല്ലാ ആകാംക്ഷയും ആശങ്കയും അന്നു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമിലെ മുഖങ്ങളില്‍ നിന്നു വായിച്ചെടുക്കാമായിരുന്നു. ഹെഡ്‌ഫോണില്‍ പ്രൊഡ്യൂസര്‍ ഗിരീഷ് ബുബ്‌നയുടെ ചങ്കിടിപ്പോടെയുള്ള കൗണ്ട്ഡൗണ്‍ ഇന്നലെക്കേട്ടതു പോലെ ഇപ്പോഴും മുഴങ്ങുന്നു. ത്രീ..ടൂ..വണ്‍....വീ ആര്‍ ഓണ്‍ എയര്‍.. ക്യൂ.......!!!! കമോണ്‍ ഇന്ത്യ ലെറ്റ്‌സ് ഫുട്‌ബോള്‍... എടികെ വെര്‍സസ് മുംബൈ സിറ്റി എഫ്‌സി!!!!!

ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നലെ (2020 ഡിസംബര്‍ 18) ചരിത്രപരമായ പ്രാധാന്യമുണ്ടായിരുന്ന മറ്റൊരു ഐഎസ്എല്‍ മാച്ചിനു കമന്ററി ബോക്‌സിലിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുൻപ് കഴിഞ്ഞുപോയ ഐഎസ്എല്‍ ആദ്യ ദിനാവേശത്തിന്റെ സ്മരണകള്‍ വന്നു തൊട്ടുവിളിച്ചു. 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. കഴിഞ്ഞ വെള്ളിയാഴ്ച വാസ്‌കോയില്‍ അരങ്ങേറിയ നോര്‍ത്ത് ഈസ്റ്റ് - ജംഷഡ്പുര്‍ എഫ്‍സി പോരാട്ടം ഐഎസ്എല്‍ ചരിത്രത്തിലെ 500-ാമത് മത്സരമെന്ന നാഴികക്കല്ല് പിന്നിട്ട മാച്ചായി മാറി. ഏതായാലും ജംഷഡ്പുരിനും ഇന്ത്യന്‍ യുവതാരം അനികേത് ജാദവിനും അവിസ്മരണീയമായ ദിവസം കൂടിയായി അതു മാറി. ഐഎസ്എല്ലിലെ 200-ാമത്തെയും 300-ാമത്തെയും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഫിക്‌സ്ചറിന്റെ ഭാഗ്യം നേരത്തെ കടാക്ഷിച്ചിട്ടുള്ള ജെഎഫ്സിക്ക് 500-ാം മത്സരവും അതിലെ വിജയവും എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്നതായി.

500 മത്സരങ്ങളില്‍ 1338 ഗോളുകളാണ് ആകെ ഐഎസ്എല്ലിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. അതില്‍ 350 ലേറെ ഗോളുകള്‍ ഇന്ത്യന്‍ ബൂട്ടുകളുടെ സംഭാവനയാണ്. 101 ഇന്ത്യന്‍ താരങ്ങളാണ് ഇതിനോടകം ഐഎസ്എല്‍ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ പേരെഴുതിയവര്‍. ആദ്യ സീസണില്‍ ചെന്നൈയിന്‍ താരമായിരുന്ന ബല്‍വന്ത് സിങ്ങിൽ നിന്നു തുടങ്ങി ഇന്നലെ അനികേത് വരെ.. ഗോളുകളുടെ കാര്യം എഴുതുമ്പോള്‍ കഴിഞ്ഞ ഏഴു സീസണുകള്‍ക്കുള്ളില്‍ നമ്മളെ ആവേശപുളകിതരാക്കിയ എത്രയോ മത്സരങ്ങളുണ്ടായിരുന്നു എന്നതും മറന്നു കൂടാ. വിരസതയുടെ ചിലന്തിവലകള്‍ പൊട്ടിച്ചെറിഞ്ഞ ആ മത്സരങ്ങള്‍ക്കെല്ലാം കമന്ററി ബോക്‌സിലിരുന്നു കളി പറയാനായി എന്നത് വ്യക്തിപരമായ ഭാഗ്യമായി കരുതുന്നു. 

ഒൻപതു ഗോളാണ് ഒരു മത്സരത്തില്‍ ഐഎസ്എല്ലിന്റെ ഇതുവരെയുള്ള മാക്‌സിമം. 2016 ഡിസംബര്‍ ഒന്നാം തീയതി. മൂന്നാം സീസണിലെ മത്സരം. നാലിനെതിരെ 5 ഗോളുകള്‍ക്ക് എഫ്സി ഗോവ ചെന്നൈയിന്‍ എഫ്സിയെ തോല്‍പ്പിച്ച ആ മത്സരത്തില്‍ കളി പറഞ്ഞ് കിളി പോയ അവസ്ഥയായിരുന്നു അവസാനം. ഐഎസ്എല്‍ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയിൽ അപൂർവമായി മാത്രം എഴുതപ്പെട്ട പേരുകള്‍ ...ജോണ്‍ ആര്‍നെ റിസെ, റാഫേല്‍ ലൂയിസ്, ഗ്രിഗറി അര്‍നോളിന്‍, ഡുഡു ഒമാഗ്‌ബേമി ...

കഴിഞ്ഞ സീസണില്‍ ഓഗ്‌ബെച്ചെയുടെ ഹാട്രിക് നേട്ടമുണ്ടായിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് 3-6ന് ചെന്നൈയിനോട് പരാജയപ്പെട്ട മത്സരമായിരുന്നു മറ്റൊരു ഒൻപത് ഗോള്‍ ഉത്സവം. ക്രിവല്ലാറോയും വാല്‍സ്‌കിസും ചാങ്തെയും ഈരണ്ടു ഗോള്‍ വീതം നേടിയ ഈ മത്സരവും മറ്റൊരു ഒന്നാം തീയതിയായത് യാദൃശ്ചികം. 2010 ഫെബ്രുവരി ഒന്നിനായിരുന്നു ആ മത്സരം.

കേരളാ ടീമിനെക്കുറിച്ച് എഴുതി വന്നപ്പോഴാണ് ഓര്‍ത്തത് ഞായറാഴ്ച (2020 ഡിസംബര്‍ 20 ) ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സര ദിനമാണല്ലോയെന്ന്. തുല്യദുഃഖിതരുടെ സമാഗമം എന്നു പറയാം. കാരണം ഏഴാം സീസണില്‍ ഇതുവരെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും നേടാന്‍ കഴിയാത്ത രണ്ടു ടീമുകള്‍. ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ് ബംഗാളും. ബ്ലാസ്റ്റേഴ്സിന് രണ്ടു സമനില വഴി കിട്ടിയ രണ്ടു പോയിന്റ് മാത്രം. ഈസ്റ്റ് ബംഗാളിന് ഒരേയൊരു സമനിലയുടെ ഒരു പോയിന്റും.

ഇങ്ങനെ പോയിട്ടു കാര്യമില്ല എന്ന് കടുത്ത ആരാധകര്‍ക്കു വരെ തോന്നിപ്പിക്കുന്ന രീതിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളി. അഞ്ച് കളിയില്‍ നിന്ന് 39 ഷോട്ടുകള്‍ മാത്രം. എതിര്‍ ഗോള്‍പോസ്റ്റിലേക്ക് ഉന്നം പിടിക്കാനായത് ഇതില്‍ എട്ടു തവണ മാത്രം. പോസ്റ്റിലേക്കു പന്തടിക്കാതെ ഗോളും വിജയവും എങ്ങനെ കൈവരാനാണ്...? 

ഗാരി ഹൂപ്പര്‍, ജോര്‍ദാന്‍ മറെ, ഫെക്കുണ്ടോ പെരേര.... വലിയ പേരുകാര്‍ ആരും തന്നെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. മധ്യനിരയും മുന്നേറ്റ നിരയും ആലസ്യം വിട്ടെണീറ്റാല്‍ മാത്രമെ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇനി മുന്നോട്ടു പോകാനാകൂ. കെ.പി. രാഹുലിന്റെ വേഗതയും ഊര്‍ജസ്വലതയും മുന്നേറ്റ മനോഭാവവും വിദേശതാരങ്ങള്‍ കണ്ടു പഠിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങള്‍. ഒരു മത്സര സസ്‌പെന്‍ഷനു ശേഷം കോസ്റ്റ നമോനിസു പ്രതിരോധത്തിലേക്ക് മടങ്ങിയെത്തുന്നത് ആശ്വാസമാണ്. രണ്ടു പെനല്‍റ്റി സേവ് ചെയ്തുവെങ്കിലും ഗോള്‍പോസ്റ്റില്‍ ആല്‍ബിനോ കുറച്ചുകൂടി ആത്മവിശ്വാസം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ആടിയുലയുന്ന കപ്പല്‍ പോലെയാണ് ആല്‍ബിനോ പലപ്പോഴും തോന്നിപ്പിക്കുന്നത്. 

മറുഭാഗത്ത് ലിവര്‍പൂള്‍ ഇതിഹാസതാരം റോബി ഫൗളര്‍ പരിശീലിപ്പിക്കുന്ന ഈസ്റ്റ് ബംഗാളാകട്ടെ ബഹുവിധ പ്രതിസന്ധികളില്‍ വലയുകയാണ്. ഇത് ഐ ലീഗില്‍ കളിക്കാനായി റിക്രൂട്ട് ചെയ്ത കളിക്കാരുടെ ടീമാണ് എന്നു വരെ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം തുറന്നടിക്കേണ്ടി വന്നിരുന്നു. ഏതായാലും കഴിഞ്ഞ കളിയില്‍ ജാക്ക് മഗോമയുടെ രണ്ടു ഗോളുകളിലൂടെ ആദ്യമായി ഐഎസ്എല്ലില്‍ ഗോളടിക്കാന്‍ അവര്‍ക്കു സാധിച്ചത് ആശ്വാസമാണ്. മഗോമ തന്നെയാവും ബ്ലാസ്‌റ്റേഴ്‌സിനെതിരെയും ഈസ്റ്റ് ബംഗാളിന്റെ മുഖ്യപ്രതീക്ഷ.

അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആന്റണി പില്‍ക്കിംഗ്ടണിന്റെ പിന്തുണയും മഗോമയ്ക്കു കിട്ടും. എന്തായാലും ബ്ലാസ്‌റ്റേഴ്‌സിനെതിരെയും കൂടി പരാജയമായാല്‍ റോബി ഫൗളറുടെ സ്ഥാനചലനം വരെ സംഭവിച്ചേക്കാം. കാരണം കൊല്‍ക്കത്തയിലെ ആരാധകരുടെ രോഷം പിന്നീട് അടക്കിനിര്‍ത്താന്‍ കഴിയില്ല. തുല്യദു;ഖിതരുടെ ഞായറാഴ്ചക്കളിയില്‍ ആരു തോറ്റാലും അവരുടെ കാര്യം കട്ടപ്പുകയാവും. കാരണം ലീഗിലെ ആദ്യ സ്ഥാനക്കാര്‍ 12-13 പോയന്റ് നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു.

English Summary: Indian Super League 2020-21 Column By Shaiju Damodaran - Commentary Box 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com