‘റൊണാള്‍ഡോയ്ക്കു മേൽ രാഷ്ട്രീയ വിലക്ക്, ഖത്തർ ലോകകപ്പിൽനിന്നു മാറ്റിനിർത്തി’

Mail This Article
ദോഹ∙ ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു രാഷ്ട്രീയ വിലക്കു നേരിടേണ്ടിവന്നതായി തുർക്കി പ്രസിഡന്റ് തയീബ് എർദോഗൻ. ഖത്തർ ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്റിൽ റൊണാൾഡോയെ ഉപയോഗിക്കാതെ മാറ്റി നിർത്തിയതായും എർദോഗൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർച്ചുഗൽ തോറ്റുപുറത്തായത്. ഈ മത്സരത്തിൽ പകരക്കാരനായാണ് പോർച്ചുഗൽ ക്രിസ്റ്റ്യാനോയെ കളിക്കാൻ ഇറക്കിയത്.
പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. അഞ്ച് വ്യത്യസ്ത ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന തിളക്കവുമായി ഖത്തറിൽ കളിച്ച റൊണാൾഡോ കണ്ണീരോടെയാണു മടങ്ങിയത്.
‘‘ അവർ റൊണാൾഡോയെന്ന താരത്തെ പാഴാക്കിക്കളഞ്ഞു. ദൗർഭാഗ്യവശാൽ അവർ റൊണാൾഡോയ്ക്കെതിരെ രാഷ്ട്രീയ വിലക്കു കൊണ്ടുവന്നു. പലസ്തീനൊപ്പം നിന്ന ആളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇസ്രയേൽ– പലസ്തീന്‍ വിഷയത്തിൽ അദ്ദേഹം ഇതുവരെ പരസ്യമായി നിലപാട് അറിയിച്ചിട്ടില്ല.’’– തുർക്കിയിലെ കിഴക്കൻ എർസുറും പ്രവിശ്യയിലെ യുവാക്കളുടെ സമ്മേളനത്തിൽ എർദോഗൻ പറഞ്ഞു.
കളിയുടെ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ റൊണാൾഡോയെപ്പോലൊരു താരത്തെ കളിക്കാൻ ഇറക്കുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഊർജവും ഇല്ലാതാക്കുന്നതാണെന്നും എർദോഗൻ പ്രതികരിച്ചു. ലോകകപ്പിനിടെയാണ് റൊണാൾഡോ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത്. 200 മില്യൻ യൂറോ പ്രതിഫലത്തിൽ അദ്ദേഹം സൗദി അറേബ്യൻ ക്ലബായ അൽ നാസ്റിൽ ചേരുമെന്നാണു പുറത്തുവരുന്ന വിവരം.
English Summary: Cristiano Ronaldo Subjected To 'Political Ban' At FIFA World Cup 2022: Turkey President Recep Erdogan