കോലഞ്ചേരിയില്‍ സ്പോർട്സ് സെന്ററിന്റെയും ബാഡ്മിന്റൻ ടൂർണമെന്റിന്റെയും ഉദ്ഘാടനം 6ന്
Mail This Article
കോലഞ്ചേരി∙ സെന്റ് പീറ്റേഴ്സ് സ്കൂളിൽ നിർമിച്ച സ്പോർട്സ് സെന്ററിന്റെയും ഓൾ കേരള സബ് ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 5ന് സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. കടയിരുപ്പ് പ്ലാന്റ് ലിപ്പിഡ്സ് കമ്പനി 5 കോടി രൂപ ചെലവിട്ടാണ് വിദ്യാർഥികളുടെ കായിക പുരോഗതി ലക്ഷ്യമാക്കി രാജ്യാന്തര നിലവാരത്തിൽ സ്പോർട്സ് സെന്റർ നിർമിച്ചിരിക്കുന്നത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി, നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച വിദ്യാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ചിട്ടുള്ള സ്പോർട്സ് സെന്ററിൽ 4 വുഡൻ ഷട്ടിൽ കോർട്ടുകളാണുള്ളത്.
സ്പോർട്സ് സെന്റർ പൂർണമായും എയര്‍ കണ്ടിഷന്‍ഡാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത തടിയാണ് (മേപ്പിൾ വുഡ്) 11,000 ചതുരശ്രയടി വിസ്തീർണമുള്ള സ്പോർട്സ് സെന്ററിന്റെ തറയിൽ വിരിച്ചിരിക്കുന്നത്. ശബ്ദ നിയന്ത്രണ സംവിധാനങ്ങളും, രാത്രിയും പകലും ഒരു പോലെ കളിക്കാൻ പാകത്തിനു വൈദ്യുതി ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
7 മുതൽ 13 വരെ നടക്കുന്ന ടൂർണമെന്റിൽ 3 വിഭാഗങ്ങളിലായി 1300 മത്സരാർഥികൾ മറ്റുരയ്ക്കും. ആൺ കുട്ടികളെയും പെൺകുട്ടികളെയും പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. 11 വയസ്സിൽ താഴെ, 13 വയസ്സിൽ താഴെ, 15 വയസ്സിൽ താഴെ എന്നിങ്ങനെയാണ് വിഭാഗങ്ങൾ. രാവിലെ 7.30 മുതൽ രാത്രി 9 വരെ മത്സരമുണ്ടാകും. എറണാകുളം ജില്ല ബാഡ്മിന്റൻ (ഷട്ടിൽ) അസോസിയേഷനാണ് ടൂർണമെന്റിന്റെ സംഘാടകർ.
ഷട്ടിൽ കോർട്ടുകൾ രാജ്യാന്തര നിലവാരം പുലർത്തുന്നതാണെന്നു സ്പോർട്സ് സെന്റർ സന്ദർശിച്ച ദേശീയ കോച്ചും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ യു.വിമൽ കുമാർ വിലയിരുത്തിയിരുന്നു. ഏഷ്യാഡ് താരം സുഭാഷ് ജോർജ് ഉൾപ്പെടെ ഒട്ടേറെ കായിക താരങ്ങൾ വളർന്നു വന്നത് സെന്റ് പീറ്റേഴ്സ് സ്കൂളിൽനിന്നാണ്. പരിശീലനത്തിന് എത്തുന്ന വിദ്യാർഥികൾക്കു താമസ സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്. ഉദ്ഘാടന യോഗത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
English Summary: Speaker M.B. Rajesh to inaugurate sports center and Badminton tournament at Kolancherry