വിജയത്തിന്റെ ‘പാറ്റേൺ’; കോഴിക്കോട് കാരന്തൂർ പാറ്റേൺ ക്ലബ്ബിന്റെ വിശേഷങ്ങളിലൂടെ

Mail This Article
മനോരമ സ്പോർട്സ് ക്ലബ് 2019 ചുരുക്കപ്പട്ടികയിലുള്ള കോഴിക്കോട് കാരന്തൂർ പാറ്റേൺ ക്ലബ്ബിന്റെ വിശേഷങ്ങളിലൂടെ...
കോഴിക്കോട് ∙ നാട്ടിൻപുറത്തെ ഒരു കൂട്ടം മനുഷ്യർ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൈകോർത്തു സൃഷ്ടിച്ച വോളിബോൾ ലോകം. കുന്നമംഗലം കാരന്തൂരിലെ പാറ്റേൺ സ്പോർട്സ് ആൻഡ് ആർട്സ് സൊസൈറ്റിക്കു പറയാനുള്ളതു 3 പതിറ്റാണ്ടു കാലത്തെ ചരിത്രമാണ്. മലയാള മനോരമയും സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് അവതരിപ്പിക്കുന്ന ‘മനോരമ സ്പോർട്സ് ക്ലബ്’ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ നേട്ടങ്ങളുടെ സ്മാഷിൽ തിളങ്ങി നിൽക്കുകയാണു പാറ്റേൺ.
1990 മേയിൽ കാരന്തൂരിലെ വോളിബോൾ പ്രേമികൾ ചേർന്ന് പാറ്റേൺ എന്ന കൂട്ടായ്മ രൂപീകരിച്ചു. ഒഴിഞ്ഞ പറമ്പുകളിൽ വൈകുന്നേരങ്ങളിൽ നെറ്റ് കെട്ടി വോളിബോൾ കളിച്ചും മത്സരങ്ങളിൽ പങ്കെടുത്തും ആ കൂട്ടായ്മ വളർന്നു. 31 വർഷങ്ങൾ പിന്നിടുമ്പോൾ 430 അംഗങ്ങളാണു സൊസൈറ്റിക്കുള്ളത്. ജില്ലാ വോളിബോൾ അസോസിയേഷൻ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ, നെഹ്റു യുവകേന്ദ്ര, സംസ്ഥാന യൂത്ത് വെൽഫെയർ ബോർഡ് എന്നിവയിൽ സൊസൈറ്റിക്ക് അംഗത്വമുണ്ട്.
അംഗങ്ങൾ പലപ്പോഴായി സ്വരൂപിച്ച പണം ഉപയോഗിച്ചു വാങ്ങിയ 60 സെന്റ് സ്ഥലത്ത് നിലവിൽ 4 വോളിബോൾ കോർട്ടുകളുണ്ട്. ഇതിൽ ഒരെണ്ണം ഇൻഡോർ കോർട്ടാണ്.3 ഷിഫ്റ്റുകളിൽ ഇരുനൂറോളം കുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നു. രാത്രി പരിശീലനത്തിനായി ഫ്ലഡ്‌ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. പൊലീസ് വോളിബോൾ ടീമിന്റെ പരിശീലകനും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമായിരുന്ന സി.യൂസഫാണു മുഖ്യ കോച്ച്. 6 പരിശീലകർ വേറെയുണ്ട്. വോളി ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരനും മുൻ ഐജിയുമായ ജോസ് ജോർജ് അതിഥി പരിശീലകനായി എത്താറുണ്ട്. രാജ്യാന്തര, ദേശീയ താരങ്ങളായ അശ്വതി സദാശിവൻ, ആതിര, ബിന്ധ്യ, രേഷ്മ, റഹീം ചെലവൂർ, പി.എസ്.പ്രജീന, അർജുൻ, മുബഷീർ തുടങ്ങിയവരടക്കം ഒട്ടേറെപ്പേർ ഇവിടെ കളിച്ചു വളർന്നവരാണ്.
വോളിയിൽ മാത്രമല്ല
കഴിഞ്ഞ വർഷം മാത്രം പാറ്റേണിലെ 12 താരങ്ങളാണു സർക്കാർ ജോലിയിൽ പ്രവേശിച്ചത്. പരിശീലിക്കുന്നവർക്ക് അവധിക്കാല എൻട്രൻസ് കോച്ചിങ്ങും ട്യൂഷനുമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് അക്കാദമിയുടെ കെട്ടിടം നിർമിച്ചത്. സ്പോർട്സ് കൗൺസിൽ അനുവദിച്ച ഫണ്ടിൽ 2–ാം നിലയായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം താമസ സൗകര്യവുമുണ്ട്. കുന്നമംഗലം പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് ഓഫിസ് സജ്ജീകരിച്ചത്. മൂസ ഹാജിയാണു സൊസൈറ്റിയുടെ പ്രസിഡന്റ്. സി.യൂസഫാണു ജനറൽ സെക്രട്ടറി. പി.ഹസൻ ഹാജിയാണു ട്രഷറർ.
English Summary: Pattern Club - Manorama sports club 2019