ഉത്തരകൊറിയയുടെ കലണ്ടറിൽ ഇനി '2025'; മാറ്റത്തിന്റെ സൂചന നൽകി കിം ജോങ് ഉൻ
Mail This Article
ഉത്തരകൊറിയയുടെ മുൻ ഏകാധിപതി കിം ജോങ് ഇല്ലിന്റെ 13ാം ചരമവാർഷികം ഡിസംബറിൽ കടന്നുപോയി. പിതാവിന്റെ സ്മൃതികുടീരം സന്ദർശിച്ച് കിം ജോങ് ഉൻ ആദരാഞ്ജലി അർപ്പിക്കുന്നതിന്റെയൊക്കെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പിതാവിന്റെയും മുത്തച്ഛന്റെയും നിഴലാകാനല്ല മറിച്ച് അവരേക്കാളെല്ലാം കരുത്തുറ്റതും പ്രശസ്തമായതുമായ പരിവേഷം സൃഷ്ടിക്കാനാണു കിംജോങ് ഉന്നിന്റെ നീക്കമെന്ന് പല വിദഗ്ധരും പറയുന്നുണ്ട്.
ഇത്തവണ ഉത്തരകൊറിയ പുറത്തിറക്കുന്ന കലണ്ടറിൽ വർഷം 2025 ആണ്. കഴിഞ്ഞ വർഷം വരെയുള്ള കീഴ്‌വഴക്കം അനുസരിച്ച് ഇത് 113 ആകേണ്ടതായിരുന്നു. ജൂചെ കലണ്ടർ എന്നൊരു വിചിത്രമായ കലണ്ടറായിരുന്നു ഇതുവരെ ഉത്തര കൊറിയയിൽ നടപ്പായിരുന്നത്. രാജ്യസ്ഥാപകൻ കിം ഇൽ സുങ് ജനിച്ച 1912 ആണ് ഈ ‘ജൂചെ കലണ്ടറി’ലെ ഒന്നാം വർഷം. ഈ കലണ്ടറാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഇതൊരു വലിയ സൂചനയാണ്.
വിമാനത്തിൽ സഞ്ചരിക്കാൻ പേടിയായിരുന്ന പല ലോകനേതാക്കളുമുണ്ടായിട്ടുണ്ട്. ഇവരിൽ വളരെ പ്രശസ്തനായിരുന്നു കിംജോങ് ഇൽ.കിം ജോങ് ഉന്നിനു മുൻപ് 17 വർഷം ഉത്തരകൊറിയയിൽ ഏകാധിപത്യ ഭരണം നടത്തിയത് ഇല്ലാണ്.വിദേശയാത്രകൾ ഇൽ വളരെക്കുറച്ചുമാത്രമാണ് നടത്തിയിട്ടുള്ളത്. ചൈനയിലേക്കായിരുന്നു ഇവയിൽ അധികവും. ആ വേളകളിൽ വിമാനങ്ങൾക്കു പകരം ബുള്ളറ്റ്പ്രൂഫ് കവചിത ട്രെയിനായിരുന്നു ഇൽ ഉപയോഗിച്ചത്.
ട്രെയിനിൽ ഒട്ടേറെ സുരക്ഷാജീവനക്കാരും അല്ലാത്ത ജീവനക്കാരുമൊക്കെയായി ഒരു വലിയ സംഘമായിട്ടായിരുന്നു ഇല്ലിന്‌റെ യാത്രകൾ.വധഭീഷണിയുള്ള തന്നെ ശത്രുക്കൾ വിമാനമാക്രമിച്ച് കൊലപ്പെടുത്തുമെന്ന ഭീതിയും ചെറുപ്പം തൊട്ടേ വിമാനയാത്രയോടുള്ള ഭയവുമാണ് എയ്‌റോപ്ലേനുകൾ ഒഴിവാക്കാൻ ഇല്ലിനെ പ്രേരിപ്പിച്ചത്.
ഉത്തര കൊറിയയിൽ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ കാറുകളും ചില അവസരങ്ങളിൽ ബോട്ടുകളും കപ്പലുകളുമാണ് ഇൽ ഉപയോഗിച്ചത്. എന്നാൽ ഇല്ലിന്‌റെ പിതാവും ഉത്തരകൊറിയയുടെ ഒരേയൊരു പ്രസിഡന്‌റുമായിരുന്ന കിം ടു സങ് വിമാനയാത്രകൾ യഥേഷ്ടം നടത്തിയിരുന്നു. കിംജോങ് ഉന്നിനും അച്ഛന്‌റെ യാത്രാരീതിയോടല്ല, മറിച്ച് മുത്തച്ഛനെപ്പോലെ വിമാനയാത്ര നടത്തുന്നതാണു പഥ്യം.