ADVERTISEMENT

ആണവദുരന്തത്തിനു വേദിയായ ജപ്പാനിലെ ഫുക്കുഷിമ റിയാക്ടറിനുള്ളിൽ ഡ്രോണുകളും സ്നേക് റോബട്ടുകളും ഇറങ്ങി. 13 വർഷമായി പൂട്ടിക്കിടക്കുന്ന റിയാക്ടറിലേക്ക് ജപ്പാനിലെ ഊർജകമ്പനിയായ ടെപ്കോയാണ് റോബട്ടുകളെ വിട്ടത്. ആണവദുരന്തത്തിന്റെ പ്രഭവകേന്ദ്രവും ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ടതുമായ ഒന്നാം റിയാക്ടറിലേക്കാണ് ഡ്രോൺ ഇറങ്ങിയത്. കൂർത്ത മഞ്ഞുപാളികളെപ്പോലുള്ള ഘടനകൾ ചിത്രങ്ങളിൽ കാണാം. ഇവ അന്നത്തെ ആണവ പ്രവർത്തനം മൂലം ലോഹങ്ങൾ ഉരുകിയുണ്ടായതാണെന്ന് ഗവേഷകർ പറയുന്നു.

യുക്രെയ്നിലെ ചേണോബിൽ ആണവ ദുരന്തത്തിനു ശേഷം നടന്ന ഏറ്റവും വലിയ ആണവദുരന്തം, ജപ്പാനെ അടിപതറിച്ചു കളഞ്ഞ ശക്തമായ ഭൂചലനം, തുടർന്ന് അലറിപ്പാഞ്ഞെത്തിയ വമ്പൻ രാക്ഷസത്തിരകൾ. ഇവയെല്ലാം ചേർന്നതാണ് ഫുക്കുഷിമ ദുരന്തം. പ്രകൃതി ദുരന്തമെന്നോ വ്യാവസായിക ദുരന്തമെന്നോ കണക്കാക്കാൻ കഴിയാത്ത രണ്ടും ചേർന്ന മഹാദുരന്തം. 

അത് ഇങ്ങനെ..

2011 മാർച്ച് , തദ്ദേശ സമയം ഉച്ച കഴിഞ്ഞ് 2.46നു ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിന്‌റെ വടക്കു കിഴക്കൻ മേഖലയായ ടൊഹോക്കുവിൽ ഭൂകമ്പമാപിനിയിൽ 9 രേഖപ്പെടുത്തിയ ഒരു ഭൂചലനം നടന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. അവിടത്തെ ഓഷികയായിരുന്നു പ്രഭവകേന്ദ്രം, സെൻഡായി ഇതിന് ഏറ്റവും അടുത്തുള്ള നഗരവും. ജാപ്പനീസ് തലസ്ഥാനമായ ടോക്യോവിൽ നിന്ന് 372 കിലോമീറ്റർ അകലെയായിരുന്നു ഈ സംഭവ വികാസങ്ങൾ. ജപ്പാനിൽ സംഭവിച്ചതിൽ ഏറ്റവും ശക്തമായ ഭൂചലനവും ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ഭൂചലനവുമായിരുന്നു ഇത്. 

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ജപ്പാൻ എംബസിക്കു സമീപം പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ (ചിത്രം: Jung Yeon-je / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ജപ്പാൻ എംബസിക്കു സമീപം പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ (ചിത്രം: Jung Yeon-je / AFP)

ഭൂചലനത്തിന്‌റെ ഫലമായി കൂറ്റൻ സൂനാമിത്തിരകൾ കടലിൽ ഉയർന്നു പൊങ്ങി. 33 അടി വരെ പൊക്കമുള്ളവയായിരുന്നു ഇവയിൽ ചില രാക്ഷസത്തിരകൾ.തുടർന്ന് ഇവ മണിക്കൂറിൽ 800 കിലോമീറ്റർ എന്ന വൻ വേഗത്തിൽ തീരത്തെ ആക്രമിക്കാൻ പുറപ്പെട്ടു. സെൻഡായി നഗരത്തിൽ വെള്ളപ്പൊക്കം ഇതുമൂലം ഉടലെടുത്തു.

ഇരുപതിനായിരത്തോളം ആളുകൾ ഈ സൂനാമിയിൽ പെട്ടു ജീവൻ വെടിഞ്ഞെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. പലരെയും ഇന്നും കണ്ടെത്തിയിട്ടില്ല.ഇതിൽ പകുതിയിലേറെപ്പേർക്ക് 65നു മുകളിൽ പ്രായമുണ്ടായിരുന്നു. ജപ്പാന്‌റെ പസിഫിക് തീരത്തെ ഫുക്കുഷിമ മേഖലയിലായിരുന്നു ഫുക്കുഷിമ ഡായ്ചി ആണവ നിലയം സ്ഥിതി ചെയ്തിരുന്നത്. 1971-79 കാലഘട്ടത്തിൽ പണിത ആറു റിയാക്ടറുകളായിരുന്നു ഇവിടെയുള്ളത്.എന്നാൽ സംഭവം നടക്കുമ്പോൾ ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്.

സൂനാമി മുന്നറിയിപ്പിനെതുടർന്ന് ഇവ ഓട്ടമാറ്റിക്കായി തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ സൂനാമിത്തിരകൾ ജനറേറ്ററുകൾ നശിപ്പിച്ചതു മൂലം ഈ നിലയത്തിൽ പൂർണമായും വൈദ്യുതി ഇല്ലാതെയായി. ഇതോടെ ആണവ ഇന്ധനത്തെ ശിതീകരിക്കുന്ന സംവിധാനങ്ങൾ തകരാറിലായി.  ചുട്ടുപഴുത്ത ആണവ ഇന്ധനം റിയാക്ടറുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുറത്തെത്തി. ഇത് റിയാക്ടറിന്‌റെ കണ്ടെയ്ൻമെന്‌റ് വെസലുകളിൽ ഹൈഡ്രജൻ ഇന്ധനം അതിമർദ്ദത്തിൽ ഉടലെടുക്കുന്നതിനു കാരണമാകുകയും വലിയ സ്‌ഫോടനം നടക്കുകയും ചെയ്തു. 

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ജപ്പാൻ എംബസിക്കു സമീപം പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ (ചിത്രം: Jung Yeon-je / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ജപ്പാൻ എംബസിക്കു സമീപം പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ (ചിത്രം: Jung Yeon-je / AFP)

ഇതെത്തുടർന്ന് മേഖലയിൽ വലിയ വികിരണപ്രവാഹം ഉടലെടുത്തു.പ്ലാന്‌റിനു അനേകം കിലോമീറ്ററുകൾ ചുറ്റളവിൽ ജപ്പാൻ സർക്കാർ എല്ലാരീതിയിലുമുള്ള പ്രവേശനം നിരോധിച്ചു. ലക്ഷക്കണക്കിന് ആളുകൾ മേഖലയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടു. ആൾനാശം ഉണ്ടായില്ലെങ്കിലും ചേണോബിൽ സ്‌ഫോടനത്തിനു ശേഷം നടന്ന ഏറ്റവും വലിയ വ്യാവസായിക ആണവ ദുരന്തമാണ് ഫുക്കുഷിമയിലേത്. ഇതിനു ചുറ്റുമുള്ള കടൽ വെള്ളത്തിൽ അയഡിൻ -131 ഉയർന്ന തോതിൽ കണ്ടെത്തിയത് ഇതിന്‌റെ നേർസാക്ഷ്യം.

  ഉണർന്നു പ്രവർത്തിച്ച ജപ്പാൻ

ജപ്പാൻ സർക്കാർ ഉണർന്നു പ്രവർത്തിച്ചു. ആണവദുരന്തമുണ്ടായിട്ടും ആൾനാശം സംഭവിക്കാതിരുന്നത് ഇതിന്‌റെ ഫലമായാണ്. ഒരുലക്ഷത്തോളം സൈനികരെ ദുരന്ത മേഖലയിലേക്ക് ഉടൻ തന്നെ നിയോഗിച്ചു. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെല്ലാം തങ്ങളുടെ പ്രിയ സുഹൃത്തായ ജപ്പാന് ആശ്വാസമേകാൻ തങ്ങളുടെ രക്ഷാസേനകളെ അയയ്ക്കുകയും സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു.

വളരെ കടുത്തതും ദുഷ്‌കരവുമായിരുന്നു രക്ഷാപ്രവർത്തനം. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ജീവനുള്ളവരെയും മരിച്ചവരെയും പുറത്തെത്തിക്കുകയായിരുന്നു ഏറ്റവും കഠിനം. ലക്ഷക്കണക്കിനു പ്രദേശവാസികൾ ഇതോടെ പുനരധിവാസ കേന്ദ്രങ്ങളിലായി. ഇവർ പതിയെ സാധാരണജീവിതത്തിലേക്കു മടങ്ങി വന്നു. എന്നാൽ ഇന്നും ഇവരിൽ പലരുടെയും ജീവിതം കഷ്ടതകൾ നിറഞ്ഞതാണ്. ഫുക്കുഷിമയിൽ ഇന്നും കരയിലും കടലിലും ആണവ അവശിഷ്ടങ്ങളുണ്ട്. എന്നാൽ ഇന്നവ അപകടം കുറഞ്ഞ നിലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com