എഡിറ്റിങ് അടക്കം പഠിച്ചത് യുട്യൂബിൽ നിന്ന്: എബിൻ
Mail This Article
എഡിറ്റിങ് അടക്കം വ്ലോഗിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് ഫുഡ് ആൻഡ് ട്രാവൽ ബ്ലോഗർ എബിൻ ജോസ്. മനോരമ ഓൺലൈൻ സംഘടിപ്പിച്ച വെർച്വൽ സംഗമം ടെക്സ്പെക്ടേഷൻസ് 2020 ൽ സംസാരിക്കുകയായിരുന്നു എബ്ബിൻ.
ആഫ്രിക്കയിൽ 17 വർഷം ജോലി ചെയ്തതിന് ശേഷം 2016 ലാണ് തിരിച്ചെത്തുന്നത്, 2017 ൽ വ്ലോഗ് ആരംഭിച്ചു. തുടക്കത്തിൽ മൊബൈൽ ഫോണിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എഡിറ്റിങ് അടക്കമുള്ള വ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് യൂട്യൂബിൽ നിന്നാണ്. ഓൺലൈൻ തന്നെയാണ് ഏറ്റവും മികച്ച പഠന മാധ്യമമെന്നും എബിൻ പറഞ്ഞു.
യൂട്യൂബിലേക്ക് എത്തിയപ്പോൾ ട്രാവൽ ചെയ്യുന്നൊരു വിഡിയോ വ്ലോഗാണ് തുടക്കത്തിൽ പ്ലാൻ ചെയ്തിരുന്നത്, പക്ഷേ പുതിയ സ്ഥലത്തെക്കുറിച്ച് അറിയാൻ അവിടുത്തെ രുചികളും ആസ്വദിക്കണം എന്ന ചിന്തയുമുണ്ടായി. ഒരു നാടിന്റെ സംസ്കാരം ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നു അതിനാൽ ഫുഡ് വിഡിയോകൾക്ക് കാഴ്ചക്കാർ കൂടുതലാണ്. യാത്ര ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതിനു വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. ആദ്യമൊക്കെ ചാനലിനു വ്യൂവേഴ്സ് വളരെ കുറവായിരുന്നു. എന്നാൽ ഒരു ഫുഡ് വിഡിയോ ചെയ്തപ്പോൾ അത് വൈറലായി. അപ്പോഴാണ് വിഡിയോയിൽ ഭക്ഷണവും ഉൾക്കൊള്ളിക്കണം എന്നു തീരുമാനിച്ചതെന്നും എബിൻ പറഞ്ഞു.
English Summary: Learned including editing from YouTube: Ebin