ജനുവരി 4ന് അത് സംഭവിക്കും! ഇത് ടെക് യുഗാന്ത്യം, ബ്ലാക്ബെറിയെ വധിച്ചത് ആപ്പിൾ ഐഫോണ്‍?
Mail This Article
ലോകത്തെ ആദ്യത്തെ പ്രീമിയം സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് എന്നു വിലയിരുത്തപ്പെടുന്ന ബ്ലാക്‌ബെറിയുടെ പ്രവര്‍ത്തനം ജനുവരി 4ന് അവസാനിപ്പിക്കുമെന്ന് മാഷബിൾ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരുകാലത്ത് അമേരിക്കയില്‍ 50 ശതമാനത്തിലേറെ ഫോൺ ഉപയോക്താക്കള്‍ ബ്ലാക്‌ബെറിയാണ് ഉപയോഗിച്ചിരുന്നത്. ആഗോള തലത്തില്‍ 20 ശതമാനത്തിലേറെ പേര്‍ ബ്ലാക്‌ബെറി ഉപയോക്താക്കളായിരുന്നു. പില്‍ക്കാലത്ത് ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിനു മാത്രമാണ് ബ്ലാക്‌ബെറിക്കു ലഭിച്ചിരുന്ന ആരാധന കിട്ടിയ ഏക കമ്പനി. തുടക്കത്തിൽ ബിസിനസ് ഉപയോക്താക്കളെ ആകര്‍ഷിച്ചു നിർത്താനായ കമ്പനി കാലത്തിനൊത്ത് സാങ്കേതികവിദ്യ പരിഷ്‌കരിക്കാനാകാതെ തകരുകയായിരുന്നു. ജനുവരി 4നു ശേഷം ഉപയോക്താക്കള്‍ക്ക് ബ്ലാക്ബെറിയുടെ സേവനങ്ങളൊന്നും ലഭിക്കില്ലെന്നാണ് അറിയുന്നത്. കീബോഡ് കേന്ദ്രീകൃത ഫോണുകളുടെ രാജാവായിരുന്ന ബ്ലാക്‌ബെറിയുടെ പതനം സമയാസമയങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഏതു കമ്പനിയും മൂക്കുകുത്തി വീഴുമെന്നു കാണിച്ചു തരുന്നു.
∙ എന്തുകൊണ്ട് ബ്ലാക്‌ബെറി?
കമ്പനി നല്‍കിയ സുരക്ഷ അത്രമേല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് എന്നാണ് ബിസിനസ് ഉപയോക്താക്കള്‍ പറഞ്ഞിരുന്നത്. അവര്‍ കമ്പനിയെ അത്രയേറെ വിശ്വസിച്ചിരുന്നു. മൈക്ക് ലാസര്‍ഡിസ് (Lazaridis) എന്ന കാനഡക്കാരനാണ് ബ്ലാക്‌ബെറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച റിസര്‍ച്ച്ഇന്‍ മോഷന്‍ എന്ന കമ്പനിയുടെ സ്ഥാപകരില്‍ ഒരാള്‍. മൈക്കിനെ ആധുനിക ലോകത്തെ ലിയോനാഡോ ഡാവിഞ്ചി എന്നാണ് വിശേഷിപ്പിക്കുന്നത് പോലും. ചിലരെങ്കിലും ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സുമായും അദ്ദേഹത്തെ താരതമ്യം ചെയ്യുന്നു.
∙ കാനഡക്കാരുടെ അഭിമാന കമ്പനി
ഫിന്‍ലൻഡിന്റെ അഭിമാനമായിരുന്ന നോക്കിയയെ പോലെ കാനഡക്കാരുടെ അഭിമാനമായിരുന്ന ബ്ലാക്‌ബെറി. 1984ലാണ് ബ്ലാക്ബെറി സ്ഥാപിക്കപ്പെടുന്നത്. മോഡം, പേജര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മിച്ചുവന്ന ബ്ലാക്‌ബെറി ഫോണ്‍ നിര്‍മാണ കമ്പനിയായി കുതിച്ചുയര്‍ന്നു തുടങ്ങിയത് 2000 ന്റെ തുടക്കത്തിലാണ്. പ്രൊഫഷണലുകള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത ഉപകരണം എന്നായിരുന്നു ബ്ലാക്‌ബെറിക്ക് അക്കാലത്ത് ലഭിച്ചുവന്ന വിവരണം. ഇമെയിലുകള്‍ സ്വീകരിക്കാനും അയയ്ക്കാനും സാധിച്ചിരുന്ന ഏറ്റവും മികച്ച ഉപകരണങ്ങളില്‍ ഒന്നായിരുന്നു അത്. കമ്പനിയുടെ കീര്‍ത്തിയുടെ പാരമ്യം 2001-2007 വരെയായിരുന്നു.
∙ ബ്ലാക്ബെറിയെ വധിച്ചത് ഐഫോണ്‍
ഹൈ-എന്‍ഡ് ഫോണുകളുടെ നിര്‍മാണത്തില്‍ നോക്കിയ, ബ്ലാക്‌ബെറി, പാം തുടങ്ങിയ കമ്പനികളായിരുന്നു ഒരു കാലത്ത് വിപണി അടക്കി വാണിരുന്നത്. ഈ കമ്പനികള്‍ക്ക് എപ്പോഴെങ്കിലും ഒരു പതനം ഉണ്ടാകുമെന്ന് ആര്‍ക്കും സ്വപ്‌നം പോലും കാണാനാവില്ലായിരുന്നു. എന്നാല്‍, 2007ല്‍ ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചതോടെ കീപാഡ് ഫോണുകളില്‍ നിന്ന് ടച്ച്‌സ്‌ക്രീന്‍ ഫോണുകളിലേക്ക് ശ്രദ്ധ മാറുകയായിരുന്നു. ആ സമയത്തു പോലും ഒരു സംഘം ഉപയോക്താക്കള്‍ ബ്ലാക്ക്ബെറി ഓപ്പറേറ്റിങ് സിസ്റ്റം നല്‍കിവന്ന സുരക്ഷ ആസ്വദിക്കാനായി കമ്പനിയുടെ ഉപകരണങ്ങള്‍ തുടര്‍ന്നും ഉപയോഗിച്ചു വരികയായിരുന്നു.
∙ ബ്ലാക്‌ബെറിയും ടച്ച്‌സ്‌ക്രീന്‍ അവതരിപ്പിച്ചു
ഐഫോണിനു പിന്നാലെ തന്നെ ബ്ലാക്‌ബെറി സ്റ്റോം എന്ന ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ 2008ല്‍ അവതരിപ്പിച്ചെങ്കിലും വൻ പരാജയമായിരുന്നു. തുടര്‍ന്ന് 2010ല്‍ പ്ലേബുക്ക് ടാബ് അവതരിപ്പിച്ചു. അവസാന ഉപകരണങ്ങളില്‍ ഒന്നായ ബ്ലാക്‌ബെറി പ്രിവ് അവതരിപ്പിച്ചത് 2015ലാണ്. ബ്ലാക്‌ബെറി ഒഎസിനു പകരം ആന്‍ഡ്രോയിഡ് ഉപയോഗിച്ചും ഫോണ്‍ ഇറക്കിയിട്ടുണ്ട്. അതും പരാജയപ്പെട്ടു. പിന്നീട് തങ്ങളുടെ ബ്രാന്‍ഡ് നാമം ഉപയോഗിക്കാനുള്ള ലൈസന്‍സ് ടിസിഎല്‍ പോലെയുള്ള കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. അവസാനമായി ബ്ലാക്‌ബെറി പേരില്‍ ഫോണിറക്കാന്‍ മുന്നോട്ടുവന്നത് ഓണ്‍വേഡ്‌മൊബിലിറ്റി എന്ന കമ്പനിയാണ്. തങ്ങള്‍ ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച് കീബോര്‍ഡ് ഉള്ള ഒരു ഫോണ്‍ ബ്ലാക്‌ബെറിയുടെ പേരില്‍ 2021ല്‍ ഇറക്കുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. അത് ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. എന്നു പറഞ്ഞാല്‍ കമ്പനിയുടെ പേര് ചിലപ്പോള്‍ ഇനിയും ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കേട്ടേക്കാം.
∙ ജനുവരി 4ന് എന്തു സംഭവിക്കും?
ബ്ലാക്‌ബെറി 7.1, ബ്ലാക്‌ബെറി 10 തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഇപ്പോഴുള്ള ഫോണുകള്‍. ഇവയ്ക്ക് നെറ്റ്‌വര്‍ക്കുകളിലേക്ക് കടക്കാന്‍ ജനുവരി 4 മുതല്‍ സാധിക്കുമെന്നതിന് ഉറപ്പില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോൾ ചെയ്യുക, എസ്എംഎസ് അയയ്ക്കുക, ഡേറ്റാ ഉപയോഗിക്കുക, 911 എന്ന നമ്പറിലേക്കു വിളിക്കുക തുടങ്ങിയ കാര്യങ്ങളൊന്നും നടക്കില്ല. ഒരിക്കല്‍ അഭിമാനമായി കൊണ്ടു നടന്നിരുന്ന ഫോണുകള്‍ നിര്‍മിച്ചു വന്ന ബ്ലാക്‌ബെറിയുടെ 'നിര്യാണത്തില്‍' ടെക്‌നോളജി ലോകത്തിന് ഞെട്ടലൊന്നും ഇല്ലെങ്കിലും കാലത്തിനൊത്തു മാറാന്‍ സാധിക്കാത്ത കമ്പനികളെ കാത്തിരിക്കുന്നത് എന്താണെന്നതിന് മറ്റൊരു ഉദാഹരണമാകുകയാണ് ഈ കമ്പനിയുടെ വിധിയും.
∙ 100 ദശലക്ഷം പൗണ്ടിന് ബാറ്ററി നിര്‍മാണ കമ്പനിയെ റിലയന്‍സ് സ്വന്തമാക്കുന്നു
100 ദശലക്ഷം പൗണ്ട് മുടക്കി ബ്രിട്ടിഷ് ബാറ്ററി നിര്‍മാണ കമ്പനിയായ ഫാര്‍ഡിയന്‍ ലിമിറ്റഡിനെ (Faradion Ltd) വാങ്ങിയെന്ന് റിലയന്‍സ് അറിയിച്ചു. ഫാര്‍ഡിയന്‍ കമ്പനിയുടെ 100 ശതമാനം ഓഹരിയും റിലയന്‍സ് വാങ്ങിയെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെ ഷെഫീല്‍ഡും ഓക്‌സ്ഫഡും കേന്ദ്രമാക്കിയാണ് ഫാര്‍ഡിയന്‍ പ്രവര്‍ത്തിക്കുന്നത്. സോഡിയം അയണ്‍ ബാറ്ററിയുടെ പേറ്റന്റ് ഉള്ള കമ്പനിയാണിത്. ആഗോള തലത്തില്‍ വിലമതിക്കപ്പെടുന്ന ബാറ്ററി നിര്‍മാതാക്കളില്‍ ഒന്നാണ് ഫാര്‍ഡിയന്‍.
∙ വാട്‌സാപ് നവംബറില്‍ 17 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചു
ഇന്ത്യയുടെ ഐടി റൂള്‍സ് 2021ന് അനുസരിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് വാട്‌സാപ്. നവംബറില്‍ 1,759,000 അക്കൗണ്ടുകള്‍ നിരോധിച്ചു എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ നമ്പറുകള്‍ +91 വച്ചാണ് തുടങ്ങുന്നത്. ഈ നമ്പറുകളിലുള്ള അക്കൗണ്ടുകള്‍ നിരോധിച്ച കാര്യമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഉപയോക്താക്കള്‍ വാട്‌സാപ്പിലുള്ള 'റിപ്പോര്‍ട്ട്' ഫീച്ചര്‍ ഉപയോഗിച്ച് നല്‍കിയ ഫീഡ്ബാക്ക് അടക്കം പരിഗണിച്ചാണ് അക്കൗണ്ടുകള്‍ നീക്കംചെയ്തിരിക്കുന്നത്.
∙ നവംബറില്‍ 61,114 ഉള്ളടക്കങ്ങള്‍ നീക്കംചെയ്‌തെന്ന് ഗൂഗിളും
നവംബറില്‍ 26,087 പരാതികള്‍ ലഭിച്ചുവെന്നും 61,114 ഉള്ളടക്കം നീക്കംചെയ്തു എന്നും സുതാര്യതാ റിപ്പോര്‍ട്ടില്‍ ഗൂഗിള്‍ അറിയിച്ചു.
∙ ഇത്തവണത്തെ സിഇഎസ് ജനുവരി 7ന് അവസാനിക്കും
ലോകത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ടെക്‌നോളജി ഷോകളില്‍ ഒന്നായ സിഇഎസ് ജനുവരി 5 മുതല്‍ 7 വരെ ആയിരിക്കും നടക്കുക. ഈ മാസം 8 വരെ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപന ഭീതി മൂലം ഒരു ദിവസം നേരത്തെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
English Summary: BlackBerry OS Phones to Stop Working Properly Starting January 4