ഉറക്കക്കുറവുള്ളവർക്ക് മണിക്കൂറിന് 18,600 രൂപ പ്രതിഫലം! ചെയ്യേണ്ടതെന്ത്?
Mail This Article
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വലയുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ മണിക്കൂറിന് 250 ഡോളര്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. മാട്രെസ് റിവ്യു കമ്പനിയായ സ്ലീപ് ജംങ്കിയാണ് നല്ല ഉറക്കമുള്ളവരുടെ പോലും ഉറക്കം കെടുത്തുന്ന വന്‍ ഓഫറുമായി എത്തിയിരിക്കുന്നത്. ഇവര്‍ നല്‍കുന്ന കിടക്കയും കണ്ണിലിടുന്ന മാസ്‌കും തലയിണയും ധരിച്ച് ആപ്ലിക്കേഷനുകള്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഉപയോഗിച്ച് വേണ്ട വിവരങ്ങള്‍ നല്‍കുന്നതിനാണ് സ്ലീപ് ജംങ്കി പ്രതിഫലം നല്‍കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉറക്കക്കുറവുള്ളവരില്‍ എട്ട് വ്യത്യസ്ത ഉല്‍പന്നങ്ങളാകും പരീക്ഷിക്കുക. ഏതാണ്ട് രണ്ട് മാസക്കാലത്തിനിടെ ഓരോ ആഴ്ചയും ഓരോ ഉല്‍പന്നം എന്ന നിലയിലാകും ഉപയോഗിക്കേണ്ടി വരിക. ആപ്ലിക്കേഷനുകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് പുറമേ വ്യക്തികളില്‍ നിന്നും നേരിട്ടും ഓരോ ഉത്പന്നങ്ങളും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിശദമായി സ്ലീപ് ജംങ്കി ശേഖരിക്കും.
ഓരോ ഉത്പന്നവും ഉപയോഗിച്ച് ശേഷം ഏതാണ്ട് ഒരു മണിക്കൂറോളം എടുത്താണ് വിവര ശേഖരണം പൂര്‍ത്തിയാവുക. ഈ കണക്കുവച്ചാണ് മണിക്കൂറിന് 250 ഡോളര്‍ (ഏകദേശം 18,609 രൂപ) എന്ന പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. ആകെ 2,000 ഡോളര്‍ (ഏകദേശം 1.49 ലക്ഷം രൂപ) തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ലഭിക്കും. കുറഞ്ഞത് 150 വാക്കില്‍ കുറയാതെ തങ്ങള്‍ എന്തുകൊണ്ട് ഈ ജോലിക്ക് യോഗ്യരാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. നല്ല ഉറക്കം ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് കമ്പനി പ്രത്യേകം പറഞ്ഞിട്ടുണ്ട്.
'ഏതൊരാള്‍ക്കും ശാന്തമായ ഉറക്കം ലഭിക്കുന്നതിന് അവകാശമുണ്ട്. ഉറക്കക്കുറവുള്ളവരെ സഹായിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഞങ്ങളുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കും' സ്ലീപ് ജംങ്കിയിലെ സ്ലീപ് എക്‌സ്‌പെര്‍ട്ട് ഡൊറോത്തി ചേമ്പേഴ്‌സ് വിശദീകരിക്കുന്നു.
കോവിഡിന്റെ വരവ് മനുഷ്യരില്‍ പൊതുവേ ഉറക്കം കുറച്ചിട്ടുണ്ടെന്ന് കാണിക്കുന്ന പഠനങ്ങള്‍ നേരത്തേ പുറത്തുവന്നിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ സ്ലീപ്പ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡിന് ശേഷം 40% മനുഷ്യരിലും എന്തെങ്കിലും തരത്തിലുള്ള ഉറക്ക സംബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
ഒറ്റനോട്ടത്തില്‍ ഉറക്കക്കുറവുള്ളവര്‍ക്ക് ആകര്‍ഷണീയമായ ഓഫറാണ് സ്ലീപ് ജംങ്കി നല്‍കുന്നതെന്ന് തോന്നുമെങ്കിലും അങ്ങനെയല്ലെന്നും മുന്നറിയിപ്പുണ്ട്. സ്വതവേ ഉറക്കക്കുറവുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ പരീക്ഷണത്തിനു വഴങ്ങിക്കൊടുക്കുന്നതിലൂടെ നിങ്ങളുടെ ഉറക്കത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കാനും ഇടയുണ്ട്. ഉദാഹരണത്തിന് തലയിണ വച്ച് ശീലമില്ലാത്തവര്‍ ഈ പരീക്ഷണത്തിന്റെ ഭാഗമായി നിര്‍ബന്ധമായും ഉപയോഗിക്കേണ്ടി വന്നാല്‍ കഴുത്ത് വേദനയോ പുറം വേദനയോ ഉണ്ടാവാനിടയുണ്ട്. ഓരോ ആഴ്ചയും പുതിയ ഉത്പന്നങ്ങളെ ഉപയോഗിക്കേണ്ടി വരുമ്പോള്‍ അതും ഉറക്കത്തെ തുടര്‍ച്ചയായി ബാധിച്ചേക്കാം.
ഇനി ഇതെല്ലാം പ്രശ്‌നമല്ലെന്ന് കരുതുന്നവര്‍ക്ക് സ്ലീപ് ജംങ്കി (Sleep Junkie)യുടെ വെബ് സൈറ്റ് വഴി ഫെബ്രുവരി 14 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. അപേക്ഷകര്‍ക്ക് കുറഞ്ഞത് 21 വയസ് പൂര്‍ത്തിയായിരിക്കണം. ഫെബ്രുവരി 28 മുതലുള്ള എട്ട് ആഴ്ചകളിലാണ് പരീക്ഷണവും വിവരശേഖരണവും നടക്കുക. ലോക ഉറക്ക ദിനമായ മാര്‍ച്ച് 18ന് മുൻപായി തിരഞ്ഞെടുത്ത ചില ഉറക്കക്കുറവുള്ളവരുടെ തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിശലകനം പ്രസിദ്ധീകരിക്കാനും ഇവര്‍ക്ക് ലക്ഷ്യമുണ്ട്.
English Summary: This company wants to pay ‘fussy’ sleepers $250 an hour — here’s how to apply