ADVERTISEMENT

ഇനി ഇന്റര്‍നെറ്റുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പുതിയ പഠനം. ഉടനടി ശ്രദ്ധിക്കേണ്ട മേഖലകളിലൊന്ന് പാസ്‌വേഡുകളുടെ കാര്യമാണ്. ഇപ്പോഴും, ' ഓ, എന്തെങ്കിലും പാസ്‌വേഡ് മതി' എന്ന ചിന്തയാണ് നിങ്ങളെ ഭരിക്കുന്നതെങ്കില്‍ തുടര്‍ന്നു വായിക്കുക. സാധാരണ പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കാന്‍ നിർമിത ബുദ്ധിക്ക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഒരു മിനിറ്റില്‍ താഴെ മാത്രം മതിയെന്നാണ് 'ഹോം സെക്യൂരിറ്റി ഹീറോസ്' എന്ന ഇന്റര്‍നെറ്റ് സുരക്ഷാ കമ്പനി നടത്തിയ പഠനം പറയുന്നത്. പലരും ഇപ്പോഴും വേണ്ടത്ര വീണ്ടുവിചാരമില്ലാതെയിട്ട പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. സങ്കീര്‍ണമല്ലാത്ത പാസ്‌വേഡുകളില്‍ 51 ശതമാനവും കണ്ടെത്താന്‍ എഐക്ക് അതിവേഗം സാധിക്കും എന്നാണ് അവരുടെ കണ്ടെത്തല്‍. എന്നാല്‍, ഇതിനു വ്യക്തമായ പരിഹാരമാര്‍ഗങ്ങളും ഉണ്ട്. അറിയേണ്ടത് എന്തെല്ലാം?

 

∙ ഇന്റര്‍നെറ്റ് ഇനി പഴയ ഇന്റര്‍നെറ്റ് അല്ല

 

ആദ്യമായി അറിയേണ്ടത് ഇന്റര്‍നെറ്റ് ഇനി പഴയ ഇന്റര്‍നെറ്റ് അല്ല എന്നതു തന്നെയാണ്. കൂടുതല്‍ ജാഗ്രതയോടെ വേണം മുന്നോട്ടു പോകാന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ വ്യാപകമാകുന്നതോടെ വേള്‍ഡ് വൈഡ് വെബില്‍ ഇനി പൊളിച്ചെഴുത്തുകളുടെ കാലമാണ്. വര്‍ഷങ്ങളായി എഐ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സജീവ സാന്നിധ്യമാകുകയാണ്. നാം ഇപ്പോള്‍ തന്നെയോ, ഉടനടിയോ ഇടപെടാന്‍ പോകുന്ന, അടുത്ത തലമുറ ആപ്പുകള്‍ വെറുതെ നമ്മുടെ ആജ്ഞ കേള്‍ക്കുക മാത്രമല്ല ചെയ്യുക. അവയ്ക്ക് നമ്മെക്കുറിച്ചുളള വിവരങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ ശേഖരിക്കാനും സാധിച്ചേക്കും. പഴയ ശീലങ്ങള്‍ പരമാവധി മറന്ന്, ഇന്റര്‍നെറ്റും ആപ്പുകളും ഒക്കെയായി ഇടപെടുമ്പോള്‍ മൊത്തത്തില്‍ ജാഗ്രത പുലര്‍ത്തുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്.

 

∙ മൊത്തം പാസ്‌വേഡുകളില്‍ 81 ശതമാനവും ക്രാക്കു ചെയ്യാം

 

ഇന്ന് ഇന്റര്‍നെറ്റില്‍ ഉപയോഗിക്കപ്പെടുന്ന മൊത്തം പാസ്‌വേഡുകളില്‍ 51 ശതമാനവും ക്രാക്കു ചെയ്യാന്‍ എഐക്ക് കേവലം 1 മിനിറ്റില്‍ താഴെ മതിയെന്ന് പഠനം പറയുന്നു. എന്നാല്‍, വേണമെന്നുവച്ചാല്‍ 65 ശതമാനം സാധാരണ പാസ്‌വേഡുകളും ഒരു മണിക്കൂറിനുള്ളില്‍ എഐക്ക് കണ്ടെത്താനാകും. ഇതു കൂടാതെ, 81 ശതമാനം പാസ്‌വേഡുകളും ഒരു മാസത്തിനുള്ളില്‍ നിര്‍മിത ബുദ്ധിക്ക് കണ്ടെത്താമെന്നും പഠനം പറയുന്നു.

Read more at:  സർക്കാർ പദ്ധതി വൻ വിജയം, 85,000 കോടിയുടെ ഫോൺ കയറ്റുമതി, ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം

∙ പാസ്‌വോഡ് ക്രാക്കര്‍ ഉപയോഗിച്ചു നടത്തിയ പഠനം

 

എഐ പാസ്‌വേഡ് ക്രാക്കര്‍ പാസ്ഗാന്‍ (PassGAN) ഉപയോഗിച്ചു നടത്തിയ പഠനമാണ് കണ്ടെത്തലുകളിലേക്ക് നയിച്ചത്. ഏകദേശം 15,680,000 പാസ്‌വേഡുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

∙ 'ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത' പാസ്‌വേഡ് ഇടുന്നത് ഇങ്ങനെ

 

ഒരാള്‍ 18 ക്യാരക്ടറുകള്‍ എങ്കിലു‌മുള്ള പാസ്‌വേഡ് ഇട്ടാല്‍ അത് പൊതുവെ 'എഐ പാസ്‌വേഡ് കണ്ടെത്തല്‍ രീതികളില്‍' നിന്ന് സുരക്ഷിതമാകാന്‍ ഒരാളെ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അത്തരം ഒരു പാസ്‌വേഡ് കണ്ടെത്താന്‍ 'പാസ്ഗാനി'ന് കുറഞ്ഞത് 10 മാസം വേണ്ടിവരുമെന്നാണ് അവരുടെ കണ്ടെത്തല്‍. ഇനി അതിലും സുരക്ഷ വേണോ? എങ്കില്‍ ക്യാപ്പിറ്റല്‍ ലെറ്ററുകളും, സ്‌മോള്‍ ലെറ്ററുകളും, അക്കങ്ങളും, ചിഹ്നങ്ങളും കൂട്ടിക്കലര്‍ത്തിയാണ് ദൈര്‍ഘ്യമേറിയ, 18ലേറെ ക്യാരക്ടേഴ്‌സ് ഉള്ള പാസ്‌വേഡ് ഉണ്ടാക്കിയിരിക്കുന്നതെങ്കില്‍ പേടിക്കുകയേ വേണ്ടെന്നും ഗവേഷകര്‍ പറയുന്നു. നിലവിലെ സാങ്കേതികവിദ്യ വച്ച്, അതു തകര്‍ക്കണമെങ്കില്‍ ആറു ക്വിന്റിലിയന്‍ (ഒന്നിനോട് 30 പൂജ്യം ചേര്‍ത്തിടുന്ന സംഖ്യ 1 ക്വിന്റിലിയന്‍) വര്‍ഷമെടുക്കും അത് കണ്ടെത്താന്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അത്തരംഒരു പാസ്‌വേഡ് കണ്ടെത്താന്‍ ഇപ്പോഴത്തെ എഐക്ക് സാധിക്കില്ല.

 

∙ അക്കങ്ങള്‍ മാത്രമുള്ള പാസ്‌വേഡാണോ ഉപയോഗിക്കുന്നത്, വേഗം മാറ്റൂ

Mass resignations and revolt greet Musk’s Twitter 2.0 plan

 

അക്കങ്ങള്‍ മാത്രമുള്ള പാസ്‌വേഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അതു കണ്ടെത്താന്‍ എഐക്ക് ശ്രീഘ്രം സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതില്‍ 10 അക്കങ്ങള്‍ ഉണ്ടെങ്കില്‍ പോലും അത് എളുപ്പത്തില്‍ കണ്ടെത്താമെന്ന് അവര്‍ പറയുന്നു. അതേസമയം, സ്‌മോള്‍ലെറ്ററുകള്‍ മാത്രം ഉള്ള ഒരു പത്തക്ക പാസ്‌വേഡ് ക്രാക്കു ചെയ്യാന്‍ വേണ്ടത് 1 മണിക്കൂറാണങ്കില്‍, ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂട്ടിക്കലര്‍ത്തിയുള്ള പാസ് വേഡ് ആണെങ്കില്‍ അതു കണ്ടെത്താന്‍ നാലാഴ്ച വേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും കൂട്ടിക്കലര്‍ത്തിയുള്ള 10 ക്യാരക്ടറുകള്‍ ഉള്ള പാസ്‌വേഡ് ആണെങ്കില്‍ അതു കണ്ടെത്താന്‍ 5 വര്‍ഷം വേണമെന്നും ഗവേഷകര്‍ പറയുന്നു.

 

∙  പാസ്‌വേഡുകള്‍ പുതുക്കുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക

 

1. കുറഞ്ഞത് 15 ക്യാരക്ടേഴ്‌സ് ഉണ്ടെന്ന് ഉറപ്പു വരുത്തുക

2. ചെറിയ അക്ഷരങ്ങളും, വലിയ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും കൂട്ടിക്കലര്‍ത്തിയുള്ള പാസ്‌വേഡ് ഇടുക

3. അക്കൗണ്ടുകളിലേക്ക് കടന്നു കറയരുതെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഊഹിച്ചെടുക്കാവുന്ന പാസ്‌വേഡുകള്‍ ഉടനടി മാറ്റുക

 

∙ പുതിയ കോഡ്‌ലെസ് വാക്വം ക്ലീനറുമായി ഡൈസണ്‍

 

വി15 ഡിറ്റെക്ട് എക്‌സ്ട്രാ എന്ന പേരില്‍ പുതിയ കോഡ്‌ലെസ് വാക്വം ക്ലീനര്‍ പുറത്തിയിരിക്കുകയാണ് ഡൈസണ്‍. ഇതിനൊപ്പം സവിശേഷമായ അറ്റാച്‌മെന്റുകളും ഉണ്ട്. പ്രതലങ്ങളില്‍ പോറലുണ്ടാക്കാതെ പൊടിയടക്കം വലിച്ചെടുക്കാന്‍ ഇതിനു സാധിച്ചേക്കും. പുതിയമോഡലിന്റെ എംആര്‍പി 65,900 രൂപയാണ്. 

 

∙ മസ്‌ക് ചൈന സന്ദര്‍ശിക്കും

 

പുതിയ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് ഈ ദിവസങ്ങളില്‍ ചൈന സന്ദര്‍ശിക്കുമെന്ന് ബ്ലൂംബര്‍ഗ്. ടെസ്‌ല കമ്പനിയുടെ ഷാങ്ഹായിലെ ഫാക്ടറി അടക്കം സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ചൈനീസ് പ്രസിഡന്റിനെയും സന്ദര്‍ശിക്കുമെന്നു പറഞ്ഞിരുന്നു. വളരുന്ന അമേരിക്ക-ചൈന സംഘര്‍ഷത്തിനിടയില്‍ മസ്‌കിന്റെ ചൈനാ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടായേക്കാമെന്നാണ് ബ്ലൂംബര്‍ഗ് പറയുന്നത്.

 

∙ ഐഒഎസ് 16.4.1 പുറത്തിറക്കി

 

ആപ്പിള്‍ കമ്പനിയുടെ പല ഉപകരണങ്ങള്‍ക്കും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി. ഐഒഎസ് 16.4.1, ഐപാഡ്ഒഎസ് 16.4.1, മാക്ഒഎസ് 13.3.1 എന്നിവയാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. രണ്ടു സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വേര്‍ഷനുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഒസര്‍ഫസ്ആക്‌സിലറേറ്റര്‍ (IOSurfaceAccelerator), വെബ്കിറ്റ് എന്നിവയിലാണ് ഭേദ്യത.

 

∙ എയര്‍ടാഗിന് എതിരാളിയെ അവതരിപ്പിക്കാന്‍ ഗൂഗിള്‍

 

താക്കോലുകളിലും മറ്റും പിടിപ്പിക്കാവുന്ന ചെറിയ ബ്ലൂടൂത് ഉപകരണങ്ങളാണ് എയര്‍ടാഗ്. ഇവ എവിടെയെങ്കിലും വച്ച് മറന്നുപോയല്‍ ഐഫോണോ മറ്റ് ആപ്പിള്‍ ഉപകരണങ്ങളോ വച്ച് കണ്ടെത്താമെന്നതാണ് എയര്‍ടാഗ് കൊണ്ടുള്ള പ്രയോജനം. എന്തായാലും, അത്തരത്തിലൊന്ന് ഗൂഗിളും അടുത്ത മാസം പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ടൈലുകള്‍ ആന്‍ഡ്രോയിഡില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. സാംസങ് അടക്കമുള്ള കമ്പനികളാണ് അവ പുറത്തിറക്കിയിരിക്കുന്നത്. മെയ് 10നു നടക്കാനിരിക്കുന്ന ഗൂഗിള്‍ ഇന്‍പുട്ട്/ഔട്ട്പുട്ട് സമ്മേളനത്തിലായിരിക്കും ഗൂഗിള്‍ പുതിയ ടാഗുഗളെക്കുറിച്ചുള്ള വിവരം പുറത്തുവിടുക.

 

∙ പിക്‌സല്‍ ടാബും പരിചയപ്പെടുത്തിയേക്കും

 

അതേസമയം, ഗൂഗിള്‍ നിര്‍മിച്ചുവരുന്ന പിക്‌സല്‍ ടാബ്‌ലറ്റും കമ്പനി ഈ സമ്മേളനത്തില്‍ പരിചയപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഐ/ഒ സമ്മേളനത്തില്‍ അനാവരണം ചെയ്യപ്പെട്ടേക്കാവുന്ന മറ്റൊരു ഉപകരണം പിക്‌സല്‍ 7എ ആണ്.

 

English Summary: AI can crack your password in seconds! Do this to save yourself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com