ഞെട്ടിക്കുന്ന തട്ടിപ്പ്: ദയാനിധി മാരന്റെ 99,999 രൂപ പോയി, നാം സുരക്ഷിതരല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി
Mail This Article
ഡിഎംകെ എംപിയും കേന്ദ്ര ഐടി വകുപ്പ് മുന്‍ മന്ത്രിയുമായ ദയാനിധി മാരന്റെ അക്കൗണ്ടില്‍നിന്ന് 99,999 രൂപ രൂപ ഓണ്‍ലൈന്‍ തട്ടിപ്പു വഴി നഷ്ടപ്പെട്ടു. ഈ ഇടപാടില്‍, അക്‌സിസ് ബാങ്കിലെ തന്റെ സേവിങ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്ത തന്റെ മൊബൈല്‍ നമ്പറിലേക്ക് ഒടിപി എത്തിയില്ലെന്ന് അദ്ദേഹം പറയുന്നു.
ഓണ്‍ലൈന്‍ ബാങ്കിങ് സുരക്ഷിതമാക്കാന്‍ ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്ന എല്ലാ പ്രോട്ടോക്കോളുകളും മറികടന്നാണ് പണം നഷ്ടമായതെന്നും മാരന്‍ പറയുന്നു. ഓണ്‍ലൈന്‍ പണമിടപാടുകൾ സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രാഥമിക സുരക്ഷാ സംവിധാനമായ ഒടിപി ലഭിച്ചില്ലെന്ന് അദ്ദേഹം എടുത്തു പറയുന്നു.
ഡിജിറ്റല്‍ ഇന്ത്യയില്‍ സ്വകാര്യ ഡേറ്റ സുരക്ഷിതമല്ലെന്ന് മാരന്‍
പണം നഷ്ടപ്പെട്ടെന്നു കാട്ടി ഗ്രെയ്റ്റര്‍ ചെന്നൈ സിറ്റി പൊലിസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിനു മാരൻ പരാതി നൽകിയിട്ടുണ്ട്. പിന്നാലെ, എക്സ് പ്ലാറ്റ്ഫോമിൽ അതിനെപ്പറ്റി വിശദമായ കുറിപ്പും പങ്കുവച്ചു. ഡിജിറ്റല്‍ ഇന്ത്യയില്‍ നമ്മുടെ സ്വകാര്യ ഡേറ്റ സുരക്ഷിതമല്ലെന്നുള്ളതാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന്. അക്‌സിസ്ബാങ്കിലെ പഴ്‌സനല്‍ സേവിങ്‌സ് അക്കൗണ്ടില്‍നിന്ന് ഞായറാഴ്ച നെറ്റ്ബാങ്കിങ് ട്രാന്‍സ്ഫര്‍ വഴി 99,999 രൂപ മോഷ്ടിക്കപ്പെട്ടെന്നും ഈ ഇടപാടില്‍ എല്ലാ സാധാരണ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടെന്നും അദ്ദേഹം പറയുന്നു.
സിബിഐയില്‍നിന്ന് എന്ന വ്യാജേന ഫോണ്‍ കോള്‍
അക്കൗണ്ട് ഉടമയുടെ ഫോണിലേക്ക് ഒടിപി വരുന്നതിനു പകരം, അക്കൗണ്ടിന്റെ ജോയിന്റ് ഉടമയായ തന്റെ ഭാര്യയുടെ ഫോണിലേക്ക് ഒരു ഫോണ്‍ കോള്‍ ആണ് വന്നതെന്ന് മാരന്‍ പറയുന്നു. അതിനു ശേഷം പണമിടപാട് നടന്നോ എന്നറിയാന്‍ തന്നെ തട്ടിപ്പുകാര്‍ വിളിച്ചു എന്നും മാരന്‍ പറയുന്നു. കോളർ ഐഡിയിൽ സിബിഐ എന്നു കണ്ടതോടെ വ്യാജകോളാണെന്ന് ഉറപ്പിച്ചെന്നും ഉടൻ തന്നെ അക്കൗണ്ടിലെ ഇടപാടുകള്‍ മരവിപ്പിച്ചു എന്നും മാരന്‍ എഴുതുന്നു.
എത്ര എളുപ്പത്തിലാണ് തന്റെ അക്കൗണ്ടില്‍നിന്ന് തട്ടിപ്പുകാര്‍ പണം ചോര്‍ത്തിയത് എന്നതില്‍ തന്റെ നിരാശയും അദ്ദേഹം രേഖപ്പെടുത്തുന്നു. ഇത് ഒരു ഫിഷിങ് (phishing) ആക്രമണം ആയിരുന്നില്ല. എങ്ങനെയാണ് ആക്രമണം നടന്നത് എന്ന കാര്യത്തെക്കുറിച്ച് അക്‌സിസ് ബാങ്കിന് ഒരു വിവരവും ഇല്ല. എന്തുകൊണ്ടാണ് ഒടിപി ഇല്ലാതെ ഇടപാട് നടന്നത് എന്ന കാര്യത്തിലും ബാങ്കിന് ഒരു വിശദീകരണവും തരാനില്ലെന്നും മാരന്‍ കൂട്ടിച്ചേര്‍ത്തു.
തീക്കട്ടയിൽ ഉറുമ്പരിക്കുമ്പോള്‍
ടെക്‌നോളജിയെക്കുറിച്ച് വിവരമുള്ള, സ്വകാര്യ ഡേറ്റ സൂക്ഷിച്ചു മാത്രം വിട്ടു നല്‍കുന്ന തന്നെ പോലെ ഒരാള്‍ക്ക് ഇതാണ് സംഭവിച്ചതെങ്കില്‍, ആദ്യമായി ഡിജിറ്റല്‍ ഇടപാടു നടത്തുന്നവരുടെയും മുതിര്‍ന്ന പൗരന്മാരുടെയും അവസ്ഥ എന്തായിരിക്കുമെന്നും മാരന്‍ ചോദിക്കുന്നു. ആരുടെയെങ്കിലും ഡേറ്റ സുരക്ഷിതമാണോ? മുമ്പ് സൈബര്‍ ക്രിമിനലുകളുടെ ആക്രമണം നേരിട്ടവര്‍ക്കു വേണ്ടി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തെഴുതിയിട്ടുണ്ട്.
ഇത്തവണ താനാണ് ഇര എന്നും മാരന്‍ ചൂണ്ടിക്കാണിക്കുന്നു. വളരെ കരുതലോടെ മാത്രം ഉപയോഗിക്കേണ്ട ആധാര്‍ ഡേറ്റ വില്‍ക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ 2018 മുതല്‍ വന്നിരുന്നു. ബാങ്കുകളിലെ ഡേറ്റാ ചോര്‍ച്ചയും റാന്‍സംവെയര്‍ ആക്രമണങ്ങളും സാധാരണ വാര്‍ത്തയായിരിക്കുന്നു.
ഇന്ത്യ ഡിജിറ്റല്‍ ലോകത്ത് മികവാര്‍ജിക്കണമെങ്കിലും, ഒരു ഫൈന്‍ടെക് ഹബാകണമെങ്കിലും അതിശക്തമായ സുരക്ഷയും ഗവണ്‍മെന്റ് ഇടപെടലും വേണം. നമ്മുടെ സ്വകാര്യ ഡേറ്റ സംരക്ഷിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്ര ധന മന്ത്രാലയത്തെ ടാഗ് ചെയ്തകുറിപ്പിൽ മുന്‍ ഐടി മന്ത്രി ചോദിക്കുന്നു. ധനമന്ത്രി ഇക്കാര്യത്തില്‍ ഒരു ധവളപത്രം ഇറക്കുമോ? ഞങ്ങള്‍ക്ക് ഉത്തരങ്ങള്‍ വേണം, ഇപ്പോള്‍ത്തന്നെ വേണം, മാരന്റെ പോസ്റ്റില്‍ പറയുന്നു.
ഫൂജിഫില്‍ം ജിഎഫ്എക്‌സ്100 വില്‍പനയ്ക്ക്
ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്കപ്പുറത്ത് മികവുള്ള ഫോട്ടോകള്‍ എടുക്കാന്‍ താൽപര്യമുളളവര്‍ക്ക് ചേര്‍ന്ന 102എംപി റെസലൂഷനുള്ള ഫൂജിഫില്‍ം ജിഎഫ്എക്‌സ്100 ടു ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്രോഡ്കാസ്റ്റ് ഇന്ത്യാ ഷോ 2023യിലാണ് ഇത് പുറത്തിറക്കിയത്. സ്മാര്‍ട്ട്പിക്‌സ്.കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്യാമറയുടെ ബോഡിക്കു മാത്രം 6,21,999 രൂപയായിരിക്കും വില. എന്നാല്‍, റീട്ടെയ്‌ലര്‍മാര്‍ വ്യത്യസ്ത വിലകളില്‍ ഈ ക്യാമറ വിറ്റേക്കാമെന്നും ഒപ്പം വാങ്ങുന്ന അക്‌സസറികള്‍ക്കനുസരിച്ചും വിലയില്‍ മാറ്റം വരുമെന്നും പറയുന്നു.
ഗോപ്രോ ക്യാമറകള്‍ക്ക് ഡിസ്‌കൗണ്ട്
ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും നടക്കുന്ന ആദായ വില്‍പനയുമായി ബന്ധപ്പെട്ട് തങ്ങളുടെ ക്യാമറകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആക്‌ഷന്‍ ക്യാമറാ നിര്‍മാതാവ് ഗോപ്രോ. ഗോപ്രോ ഹീറോ 10 ബ്ലാക്ക് മുതല്‍, ഹീറോ 12 ബ്ലാക്ക് ക്രിയേറ്റേഴ്‌സ് എഡിഷന്‍ വരെയുള്ള പല മോഡലുകള്‍ക്കും ഡിസ്‌കൗണ്ട് ഉണ്ട്. ഹീറോ 10 ബ്ലാക് ഇതെഴുതുന്ന സമയത്ത് 27,490 രൂപയ്ക്ക് വില്‍ക്കുന്നു. ഹീറോ 11 ബ്ലാക് 34,990 രൂപയ്ക്കും ഹീറോ 12 ബ്ലാക് ബണ്‍ഡ്ല്‍ 44,990 രൂപയ്ക്കും ഗോപ്രോ മാക്‌സ് 52,990 രൂപയ്ക്കും ഹീറോ 12 ബ്ലാക് ക്രിയേറ്റേഴ്‌സ് എഡിഷന്‍ 64,990 രൂപയ്ക്കും വില്‍ക്കുന്നു. മറ്റു മോഡലുകള്‍ക്കും ഇളവുകള്‍ ഉണ്ട്.
പുതിയ വണ്‍പ്ലസ് പാഡ് ഗോയുടെ പ്രീ ഓര്‍ഡര്‍ തുടങ്ങുന്നു
വണ്‍പ്ലസ് കമ്പനിയുടെ പുതിയ ടാബ് ആയ പാഡ് ഗോയുടെ പ്രീ ഓര്‍ഡര്‍ ഒക്ടോബര്‍ 12ന് തുടങ്ങും. ഒക്ടോബര്‍ 20 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് പല ഓഫറുകളും കമ്പനി നല്‍കുന്നു. വണ്‍പ്ലസിന്റെ സൈറ്റിലും ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഇത് ലഭ്യമായിരിക്കും. വണ്‍പ്ലസ് ഗോ 8+128ജിബി വേരിയന്റിന് 19,000 രൂപയും 8+128ജിബി എല്‍ടിഇ വേരിയന്റിന് 21,999 രൂപയും 8+256ജബി എല്‍ടിഇക്ക് 23,999 രൂപയുമായിരിക്കും ഈ സമയത്ത് വില എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പുറമെ 2000 രൂപ ബാങ്ക് ഇന്‍സ്റ്റന്റ് കിഴിവ് അടക്കം മറ്റ് ഓഫറുകളുംഉണ്ട്.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3ന് അന്‍ടുടു ജിപിയു, സ്‌കോര്‍ 20 ലക്ഷം കടന്നേക്കാമെന്ന്
ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഇനി ശക്തിപകരാന്‍ പോകുന്ന ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസറിന്റെ അന്‍ടുടു (AnTuTu) ജിപിയു സംഖ്യ 20 ലക്ഷം കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ചാറ്റ് സ്‌റ്റേഷന്റെ റിപ്പോര്‍ട്ട്പ്രകാരം, സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3ക്ക് മുന്‍ തലമുറയെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍ ജിപിയു കരുത്ത് ലഭിച്ചേക്കും. അതേസമയം, സിപിയു കരുത്തില്‍ 15 ശതമാനം വ്യത്യാസമേ കണ്ടേക്കൂ എന്നും പറയുന്നു. ടിഎസ്എംസിയുടെ 4എന്‍എം പ്രൊസസ് പ്രയോജനപ്പെടുത്തിയാണ് പുതിയ പ്രോസസർ നിര്‍മിച്ചിരിക്കുന്നത്.
ഇസ്രയേലിന് എതിരെയുള്ള ആക്രമണത്തെ അപലപിച്ച് ഗൂഗിള്‍ മേധാവി
ഇസ്രയേലിന് എതിരെ നടക്കുന്ന ആക്രമണത്തെ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ അപലപിച്ചു. അവിടെയുളള തങ്ങളുടെ ജീവനക്കാര്‍ക്ക് സുരക്ഷയും സൈബര്‍ സുരക്ഷയും ഒരുക്കുമെന്നും ഗൂഗിളിന്റെ സേവനങ്ങള്‍ വഴി വ്യാജ വാര്‍ത്ത പ്രചരിക്കുന്നതു തടയാന്‍ ശ്രമിക്കുമെന്നും പിച്ചൈ പറഞ്ഞു.